കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതി വിവേചനം ഇല്ല: അടൂർ ഗോപാലകൃഷ്ണൻ

''ശങ്കരമോഹന്റെ വീട്ടിൽ ശുചീകരണ തൊഴിലാളികൾക്ക്‌ ആകെ ഒരു മണിക്കൂർ സമയത്തെ ജോലി മാത്രമാണുള്ളത്. ആ ദിവസം മറ്റ് പണികൾ അവർ എടുക്കേണ്ടതില്ല, അവിടെ നിന്ന് ഭക്ഷണവും മറ്റും നൽകും. എന്നിട്ടാണ് നന്ദി ഇല്ലാതെ അവർ ഇങ്ങനെ പറയുന്നത്''

Update: 2023-01-15 09:29 GMT
Advertising

കോട്ടയം: കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതി വിവേചനം ഇല്ലെന്ന് ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ. ജാതി ഉണ്ടാക്കാനോ ഇല്ലാതാക്കാനോ ഉള്ള സ്ഥാപനമല്ല, ഇതൊരു ഫിലിം ഇൻസ്റ്ററ്റിയൂട്ട് ആണ്. ആർക്കെതിരെയും ജാതി അധിക്ഷേപം ഉണ്ടായിട്ടില്ല. ഡയറക്ടർ ശങ്കരമോഹന് എന്താണ് കേരളത്തിലെ ജാതി സിസ്റ്റമെന്ന് പോലും അറിയില്ല. അദ്ദേഹം ഡൽഹിയിൽ ജീവിച്ച ആളാണെന്നും 'ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന'് നൽകിയ അഭിമുഖത്തിൽ അടൂർ പറഞ്ഞു.

എല്ലാ വിദ്യാർഥികളും പ്രതിഷേധത്തിനില്ല. കുറച്ചുപേർ മാത്രമാണ് പ്രശ്നമുണ്ടാക്കുന്നത്. ശങ്കരമോഹൻ പോയാൽ അദ്ദേഹം കൊണ്ടുവന്ന പല സംവിധാനങ്ങളും ഇല്ലാതാകും. പിന്നെ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല. ഇത് ആരും മനസിലാക്കുന്നില്ലെന്നും അടൂർ പറഞ്ഞു.

സമരം ചെയ്യുന്ന വിദ്യാർഥികൾ വൈകുന്നേരം വരെ ഹോസ്റ്റലിൽ മദ്യപിച്ച് കിടന്നുറങ്ങുകയാണ്. ഗേറ്റിലെ സെക്യൂരിറ്റിക്കാരനാണ് മദ്യം കൊണ്ടുനൽകുന്നത്. അയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. ഇത് നാട്ടിലെ പലരും കണ്ട് പരാതി പറഞ്ഞിരുന്നു. ഇയാളെ മാറ്റിയതിലുള്ള ദേഷ്യമാണ് ഇപ്പോഴുള്ള പ്രതിഷേധങ്ങൾക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ശങ്കരമോഹന്റെ വീട്ടിൽ ശുചീകരണ തൊഴിലാളികളെക്കൊണ്ട് അമിതമായി ജോലി ചെയ്യിക്കുന്നുവെന്ന ആരോപണവും അടൂർ നിഷേധിച്ചു. ശങ്കരമോഹന്റെ വീട്ടിൽ ആകെ ഒരു മണിക്കൂർ സമയത്തെ ജോലി മാത്രമാണുള്ളത്. ആ ദിവസം മറ്റ് പണികൾ അവർ എടുക്കേണ്ടതില്ല, അവിടെ നിന്ന് ഭക്ഷണവും മറ്റും നൽകും. എന്നിട്ടാണ് നന്ദി ഇല്ലാതെ അവർ ഇങ്ങനെ പറയുന്നത്. ഒരു പ്രായമായ സ്ത്രിയും പെണ്ണുമാണ് പരാതിക്കാർ, ഈ 'തള്ളയെയും പെണ്ണിനെയും' പറഞ്ഞയച്ചത് സെക്യൂരിറ്റിക്കാരനാണ്. അവർ ഉന്നയിച്ച ആരോപണങ്ങളെല്ലാം ചിലർ അവരെക്കൊണ്ട് പഠിപ്പിച്ച് പറയിപ്പിച്ചതാണെന്നും അടൂർ ആരോപിച്ചു.

താൻ ഉണ്ണിത്താൻ ജാതിയിൽപ്പെട്ടയാളാണ്. 22-ാം വയസിൽ ജാതിവാൽ ഉപേക്ഷിച്ച ആളാണ് താൻ. ആ തനിക്കെതിരെയാണ് ഇപ്പോൾ ജാതി ആരോപണം ഉന്നയിക്കുന്നത്. ആഷിഖ് അബുവൊക്കെയാണ് ഇപ്പോൾ പഠിപ്പിക്കാൻ വരുന്നത്. മെഡിറ്റേഷനിലൂടെ ഉണ്ടാവേണ്ടതാണ് സിനിമ അല്ലാതെ ഹോട്ടൽ മുറി ബുക്ക് ചെയ്ത് തമ്മിൽ തമ്മിൽ പറഞ്ഞ് ഉണ്ടാവേണ്ടതല്ല. ആഷിഖ് അബുവിൽനിന്ന് അവർ എന്താണ് പഠിക്കാൻ പോകുന്നതെന്നും അടൂർ ചോദിച്ചു.

ഒരു ഇൻസ്റ്റിറ്റ്യൂട്ടിലും വിദ്യാർത്ഥികൾ സ്വീപ്പേഴ്സിനെ കൊണ്ടുനടക്കുന്നത് കണ്ടിട്ടില്ല. ഇവിടെ മാത്രമാണ് വിദ്യാർഥികൾ സ്വീപ്പേഴ്സിനെയും കൊണ്ടുനടക്കുന്നത്. താൻ സ്വീപ്പേഴ്‌സിനെ അപമാനിച്ചിട്ടില്ല. അവരെ മാറ്റി ഒരുക്കി കൊണ്ടുവന്ന് ആസൂത്രിതമായി ആരോപണങ്ങൾ പറയിപ്പിച്ചു എന്ന് മാത്രമാണ് പറഞ്ഞത്. അതാണ് സ്വീപ്പേഴ്‌സിനെ അപമാനിച്ചുവെന്ന പേരിൽ പ്രചരിപ്പിച്ചതെന്നും അടൂർ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News