'പാലത്തായി കേസിലെ കോടതി വിധിയില്‍ തനിക്കെതിരെ പരാമര്‍ശമില്ല, നടക്കുന്നത് ദുഷ്ടലാക്കോടെയുള്ള പ്രചരണങ്ങള്‍': കെ.കെ. ശൈലജ

കൗണ്‍സലര്‍മാര്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത് ചൂണ്ടിക്കാട്ടി അതിജീവിതയുടെ മാതാവ് നല്‍കിയ പരാതിയില്‍ കെ.കെ ശൈലജ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിമര്‍ശനം

Update: 2025-11-18 11:02 GMT

കണ്ണൂര്‍: പാലത്തായി കേസിലെ കോടതി വിധിയില്‍ തനിക്കെതിരെ പരാമര്‍ശമില്ലെന്ന് കെ.കെ. ശൈലജ. നിക്ഷിപ്ത താത്പര്യക്കാരാണ് പ്രചാരണത്തിന് പിന്നില്ലെന്നും അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും കുടുംബം തന്നെ ബന്ധപ്പെട്ടിരുന്നെന്നും ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. കേസ് അന്വേഷണത്തിന്റെ ഭാഗമായി കുട്ടിയെ ബുദ്ധിമുട്ടിക്കരുതെന്ന് പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. പരാതി പറയാന്‍ കുട്ടിയേയും കൂട്ടി രക്ഷിതാക്കള്‍ പൊലീസിനെ കാണാന്‍ പോയപ്പോള്‍ തന്നെ അന്നത്തെ തലശ്ശേരി ഡിവൈഎസ്പിയെ വിളിച്ച് സംസാരിച്ചിരുന്നെന്നും വളരെ ഗൗരവത്തില്‍ തന്നെ കേസ് അന്വേഷിക്കണമെന്ന് പറഞ്ഞതായും ശൈലജ പറഞ്ഞു. ഡിവൈഎസ്പിയെ വിളിക്കുമ്പോള്‍ കുട്ടിയുടെ രക്ഷിതാക്കള്‍ മുന്നിലിരിക്കുന്നുണ്ടായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് നാട്ടില്‍ എത്തിയപ്പോള്‍ അന്ന് വിളിക്കുമ്പോള്‍ തങ്ങള്‍ മുന്നിലിരിക്കുന്നുണ്ടായിരുന്നെന്നും ടീച്ചര്‍ പറഞ്ഞത് പൊലീസ് തങ്ങളോട് പറഞ്ഞെന്നും കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞതായി ശൈലജ പറഞ്ഞു.

Advertising
Advertising

'നടന്ന സംഭവം വീണ്ടും വീണ്ടും ചോദിക്കുമ്പോള്‍ സ്വാഭാവികയും കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. കുട്ടിയെ പരിഭ്രമിപ്പിക്കാതെ ശരിയായ വിവരം കുട്ടിയില്‍ നിന്ന് രേഖപ്പെടുത്താന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് അങ്ങനെ തന്നെ ചെയ്തിട്ടുണ്ട് എന്നാണ് കരുതുന്നത്. ഏതെങ്കിലും തരത്തില്‍ അന്നത്തെ ഏതെങ്കിലും കൗണ്‍സലര്‍മാര്‍ കുട്ടിയെ ഉപദ്രവിക്കുന്ന ഘട്ടമുണ്ടായിട്ടുണ്ടെങ്കില്‍ അതൊന്നും അന്വേഷിക്കുന്നതിന് ഞങ്ങളാരും എതിരല്ല.' ശൈലജ പറഞ്ഞു. എന്നാല്‍ പരാതി നല്‍കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ ശൈലജ പ്രതികരിച്ചില്ല.

'വിധി വന്നയുടനെ കുട്ടിയുടെ കാരണവര്‍ എന്നെ വിളിച്ചിരുന്നു. ടീച്ചറുടെ ഇടപെടല്‍ കാരണമാണ് ആശ്വാസകരമായ വിധിയുണ്ടായതെന്നാണ് പറഞ്ഞത്. അവര്‍ക്കാര്‍ക്കും പ്രശ്‌നമില്ല. പിന്നെ ആര്‍ക്കാണ് പ്രശ്‌നം? കരുതിക്കൂട്ടിയുള്ള ദുഷ്ടലാക്കോടെയുള്ള പ്രചരണമാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇതിന് പിന്നില്‍ ആരാണുള്ളതെങ്കിലും അടിയന്തരമായി പിന്തിരിയണമെന്നാണ് എനിക്ക് പറയാനുള്ളത്. ജനങ്ങള്‍ക്ക് എല്ലാം മനസ്സിലാകുന്നുണ്ട്.' ശൈലജ കൂട്ടിച്ചേര്‍ത്തു.

നേരത്തെ, പാലത്തായി പീഡനക്കേസ് വിധിയില്‍ മുന്‍ മന്ത്രിയായ കെ.കെ ശൈലജയെ കോടതി വിമര്‍ശിച്ചിരുന്നു. ഇരയെ കൗണ്‍സിലിങ് ചെയ്തവര്‍ക്കെതിരായ പരാതിയില്‍ മന്ത്രിയെന്ന നിലയില്‍ നടപടി എടുത്തില്ലെന്ന് വിധിന്യായത്തില്‍ പറയുന്നു. കൗണ്‍സലര്‍മാര്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത് ചൂണ്ടിക്കാട്ടി അതിജീവിതയുടെ മാതാവ് നല്‍കിയ പരാതിയില്‍ കെ.കെ ശൈലജ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി വിമര്‍ശനം.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News