'ഫോൺ ചാർജ് ചെയ്യാൻ പോലും പണമില്ലായിരുന്നു'; പണം കടം വാങ്ങിയാണ് ബിജുമോൻ സമരത്തിനെത്തിയിരുന്നതെന്ന് സഹപ്രവർത്തക

പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കേരള സാക്ഷരതാ പ്രേരക് അസോസിയേഷൻ

Update: 2023-02-10 03:26 GMT
Editor : afsal137 | By : Web Desk

തിരുവനന്തപുരം: സാക്ഷരതാ പ്രേരക് ജീവനൊടുക്കിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി സഹപ്രവർത്തക നസീമ. ഫോൺ ചാർജ് ചെയ്യാൻ പോലും ബിജുമോന്റെ കൈവശം പണമില്ലായിരുന്നുവെന്ന് നസീമ പറഞ്ഞു. അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണമാണ് ബിജുമോൻ ജീവനൊടുക്കിയതെന്ന് കേരള സാക്ഷരതാ പ്രേരക് അസേസിയേഷൻ വ്യക്തമാക്കി.

പണം കടം വാങ്ങിയാണ് ബിജുമോൻ സമരത്തിനെത്തിയിരുന്നത്. ജീവനൊടുക്കുമെന്ന് ബിജുമോൻ പലപ്പോഴും പറഞ്ഞിരുന്നതായും നസീമ വെളിപ്പെടുത്തി. ബിജുമോന്റെ മരണത്തിൽ ഉൾപ്പെടെ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ശക്തമാക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. നാളെ സംസ്ഥാന കമ്മിറ്റി ചേർന്ന് തുടർ സമരരീതി തീരുമാനിക്കും.

Advertising
Advertising

പത്തനാപുരം ബ്ലോക്ക് നോഡൽ പ്രേരകായിരുന്നു ബിജുമോൻ. ആറു മാസമായി ശമ്പളം മുടങ്ങിയതിനെ തുടർന്ന് സെക്രട്ടറിയേറ്റിൽ നടക്കുന്ന പ്രേരകുമാരുടെ അനിശ്ചിതകാല സത്യാഗ്രഹത്തിന്റെ ഭാഗമായിരുന്നു. മികച്ച സാക്ഷരതാ പ്രേരകിനുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയയാളാണ് ബിജു. 20 വർഷമായി സാക്ഷരത പ്രേരകായി പ്രവർത്തിച്ചുവരികയായിരുന്നു. സാക്ഷരതാ പ്രേരക് അസോസിയേഷന്റെ സെക്രട്ടറിയേറ്റിനു മുന്നിലെ സമരം 80 ദിവസം പിന്നിടുന്നതിനിടെയാണ് ബിജുമോൻ ജീവനൊടുക്കിയത്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലായിരുന്ന പ്രേരക്മാരെ തദ്ദേശ വകുപ്പിലേക്ക് മാറ്റി കഴിഞ്ഞ മാർച്ച് 31ന് ഉത്തരവ് ഇറങ്ങിയിരുന്നെങ്കിലും നടപ്പായിരുന്നില്ല. ഇതിനാൽ ഇവർക്ക് ശമ്പളം ലഭിച്ചിരുന്നില്ല. ഇതുമൂലം സംസ്ഥാനത്തെ 1,714 പ്രേരകുമാർ പ്രതിസന്ധിയിലാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News