വേണുവിന്റെ മരണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതരുടെ വാദം പൊളിയുന്നു; ക്രിയാറ്റിൻ ലെവൽ സാധാരണ നിലയിലായിരുന്നു

ക്രിയാറ്റിൻ കൂടിയതുകൊണ്ട് കൂടിയാണ് ആൻജിയോഗ്രാം സാധ്യമാകാതിരുന്നതെന്ന് മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം മേധാവി വാദിച്ചിരുന്നു

Update: 2025-11-08 05:03 GMT

തിരുവനന്തപുരം: കൊല്ലം സ്വദേശി വേണുവിന്റെ മരണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് അധികൃതരുടെ വാദം പൊളിയുന്നു. ക്രിയാറ്റിൻ ലെവൽ കൂടിയതുകൊണ്ട് ആൻജിയോഗ്രാം സാധ്യമായില്ലെന്ന വാദം തെറ്റ്. ക്രിയാറ്റിൻ ലെവൽ സാധാരണ നിലയിലായിരുന്നു എന്ന റിപ്പോർട്ടിന്റെ പകർപ്പ് പുറത്തുവന്നു. മെഡിക്കൽ കോളജ് സൂപ്രണ്ടും സമാന വാദം ഉന്നയിച്ചിരുന്നു. ക്രിയാറ്റിൻ കൂടിയതുകൊണ്ട് കൂടിയാണ് ആൻജിയോഗ്രാം സാധ്യമാകാതിരുന്നതെന്ന് മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം മേധാവി വാദിച്ചിരുന്നു.

ഒരു മനുഷ്യന്റെ ശരീരത്തിൽ അനിവാര്യമായും ഉണ്ടായിരിക്കേണ്ട ക്രിയാറ്റിന്റെ അളവ് 1.4 എന്നതാണ്. വേണുവിന്റെ ക്രിയാറ്റിനിൽ ചെറിയൊരു വ്യത്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ, അടിയന്തരമായി ആൻജിയോഗ്രാം ചെയ്യുന്നതിൽ സാങ്കേതികമായി പ്രതിസന്ധികളൊന്നും തന്നെയുണ്ടായിരുന്നില്ല. എന്നിട്ടും, ഇയാൾക്ക് എല്ലാവിധ ചികിത്സകളും നൽകിയെന്ന് മെഡിക്കൽ കോളജ് അധികൃതർ ആവർത്തിച്ചിട്ടും എന്തുകൊണ്ടാണ് ആൻജിയോഗ്രാം നൽകാതിരുന്നത് എന്ന ചോദ്യത്തിലേക്ക് വീണ്ടുമെത്തുകയാണ്. ആൻജിയോഗ്രാം നൽകാൻ സാധ്യമല്ലായിരുന്നുവെന്ന വിധി തെറ്റായിരുന്നുവെന്നാണ് ഈയൊരു പകർപ്പ് പുറത്ത് വന്നതോടെ തെളിഞ്ഞിരിക്കുന്നത്.

Advertising
Advertising

നേരത്തെ, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ വീഴ്ച ഉണ്ടായെന്നും ഭർത്താവിനെ കൊന്നതാണെന്നുമാവർത്തിച്ച് മരിച്ച വേണുവിൻറെ ഭാര്യ സിന്ധു രംഗത്തെത്തിയിരുന്നു. എന്നാൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കാർഡിയോളജി വിഭാഗം മേധാവി ഡോക്ടർ മാത്യു ഐപ്പ് പറഞ്ഞു. സംഭവത്തിൽ നടത്തിയ അന്വേഷണത്തിലാണ് അധികൃതരുടെ വാദം തെറ്റാണെന്ന് തെളിഞ്ഞത്.

ഭർത്താവിന് ആഞ്ജിയോഗ്രാം നിർദേശിച്ചിരുന്നു. ബുധനാഴ്ച മാത്രമേ തിരക്ക് കുറവുള്ളുവെന്ന് ഡോക്ടർ പറഞ്ഞു. ചികിത്സയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ ഡോക്ടർമാർ ഒന്നും വിശദീകരിച്ചില്ല.ആശുപത്രിയിൽ കട്ടിൽ പോലും നിഷേധിച്ചെന്നും ഡോക്ടർമാർ തിരിഞ്ഞ് നോക്കിയില്ലെന്നും വേണുവിൻറെ ഭാര്യ ആവർത്തിക്കുന്നു. നിലത്ത് തുണി വിരിച്ചാണ് അറ്റാക്ക് വന്ന എൻറെ ഭർത്താവിനെ കിടത്തിയത്. അതവരുടെ അനാസ്ഥയല്ലേ?തീരെ വയ്യെന്ന് പറഞ്ഞപ്പോൾ, ഞാൻ നോക്കുന്ന പേഷ്യന്റ് അല്ല, മരുന്ന് തരാൻ പറ്റില്ലെന്ന് ഡോക്ടർ പറഞ്ഞുവെന്നും സിന്ധു പറയുന്നു.

എന്നാൽ ഈ ആരോപണങ്ങൾ പൂർണമായും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഹൃദ്രോഗ വിഭാഗം നിഷേധിക്കുകയാണ്. രോഗി ഗുരുതരാവസ്ഥയിലാണ് എത്തിയത് എന്നാൽ അടിയന്തരമായി നൽകേണ്ട ആൻജിയോഗ്രാമോ മറ്റു ചികിത്സകളോ നൽകാൻ പറ്റുന്ന അവസ്ഥയിലായിരുന്നില്ല. ശ്വാസകോശത്തിലെ നീർക്കെട്ട് പെട്ടെന്ന് ഉണ്ടാവുകയും അതുവഴി മരണം സംഭവിക്കുകയായിരുന്നു ഒരു തരത്തിലുമുള്ള വീഴ്ച സംഭവിച്ചിട്ടില്ല. കാര്യങ്ങൾ രോഗിയുടെ ബന്ധുക്കളെ പറഞ്ഞു മനസ്സിലാക്കുന്നതിലും വീഴ്ച സംഭവിച്ചിട്ടില്ലെന്നും മെഡിക്കൽ കോളജ് ഹൃദ്രോഗ വിഭാഗം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആൻജിയോഗ്രാം സാധ്യമല്ലെന്ന വാദം തെറ്റായിരുന്നുവെന്ന് തെളിയിച്ചുകൊണ്ട് റിപ്പോർട്ട് പുറത്തുവന്നത്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News