'വിവാദങ്ങളുടെ ഭാഗമാകാനില്ല'; ശശി തരൂരിന്റെ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂർ

'വ്യവസ്ഥാപിത ചട്ടക്കൂട് പൊളിച്ച് പരിപാടിയിൽ പങ്കെടുക്കുന്നില്ല'

Update: 2022-12-03 04:56 GMT
Advertising

കോട്ടയം:  ശശി തരൂരിന്റെ കോട്ടയം ജില്ലാ പരിപാടികളിൽ പങ്കെടുക്കില്ലെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ. പരിപാടിയിൽ പങ്കെടുത്ത് വിവാദങ്ങളുടെ ഭാഗമാകാനില്ല. വ്യവസ്ഥാപിത ചട്ടക്കൂട് പൊളിച്ച് പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്ന് തിരുവഞ്ചൂർ പറഞ്ഞു. പരിപാടിയെ കുറിച്ച് ഡിസിസിയെ അറിയിച്ചിട്ടില്ല. യൂത്ത് കോൺഗ്രസിന്റെ പരിപാടി ജില്ലാ നേതൃത്വം അറിയേണ്ടതായിരുന്നു. ശശി തരൂർ സമാന്തരനീക്കം നടത്തുമെന്ന് കരുതുന്നില്ലെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു. തിരുവഞ്ചൂരിന് പുറമെ ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷും പരിപാടികളിൽ പങ്കെടുക്കില്ല. തരൂർ സംഘടനാ കീഴ് വഴക്കം പാലിച്ചില്ലെന്നും കെപിസിസിക്ക് പരാതി നൽകുമെന്നും നാട്ടകം സുരേഷ് പറഞ്ഞു.

തരൂരിന് വേദിയൊരുക്കുന്നതിനെ ചൊല്ലി കോൺഗ്രസിലും യൂത്ത് കോൺഗ്രസിലും ഭിന്നത രൂക്ഷമായതിനിടെയാണ് തരൂരിന്റെ സന്ദർശനം. ഏതൊക്കെ കോൺഗ്രസ് നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഇപ്പോഴും ഉറപ്പില്ല. അതേസമയം ഉച്ചകഴിഞ്ഞ് കാഞ്ഞിരപ്പള്ളി ബിഷപ്പിനെ സന്ദർശിക്കുന്ന തരൂർ തുടർന്ന് കെ എം ചാണ്ടി അനുസ്മരണ ചടങ്ങിൽ പങ്കെടുക്കും. പിന്നീട് പാലാ ബിഷപ്പ്ഹൗസിലെത്തി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തും. ശേഷമാണ് ഈരാറ്റുപേട്ടയിലെ യൂത്ത് കോൺഗ്രസിന്റെ മഹാസമ്മേളനം.

എ ഗ്രൂപ്പിലെ ഒരു വിഭാഗം തരൂരിനെ അനുകൂലിക്കുന്നുണ്ടെങ്കിലും പരസ്യമായി പരിപാടിയിലേക്ക് എത്തിയേക്കില്ല. ഈ പരിപാടികൾക്ക് പുറമേ അടുത്തമാസം എൻഎസ് എസിന്റെ മന്നം ജയന്തിയിലും ചങ്ങനാശേരി രൂപത യുവദീപ്തിയുടെ പരിപാടിക്കും തരൂരിനെ ക്ഷണിച്ചിട്ടുണ്ട്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News