ഇന്ധനവിലയിൽ കേരളം നികുതി കുറയ്ക്കണമെന്ന് വാശിപിടിക്കുന്നവർ കേന്ദ്രത്തിനോട് ഇനിയും നികുതി കുറയ്ക്കാനാണ് ആവശ്യപ്പെടേണ്ടത്: കെ.എൻ ബാലഗോപാൽ

ക്രൂഡോയിൽ വില ഏറ്റവും കുറഞ്ഞ സാഹചര്യത്തിൽ വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങൾക്ക് നൽകുന്നതിന് പകരം ഉമ്മൻചാണ്ടി സർക്കാർ 13 തവണയാണ് പെട്രോൾ നികുതി വർധിപ്പിച്ചതെന്നും കെ.എൻ ബാലഗോപാൽ

Update: 2022-05-22 13:37 GMT
Editor : afsal137 | By : Web Desk
Advertising

ഇന്ധന വിലയിൽ കേരളം നികുതി കുറയ്ക്കണമെന്ന് വാശിപിടിക്കുന്നവർ കേന്ദ്രത്തിനോട് ഇനിയും നികുതി കുറയ്ക്കനാണ് ആവശ്യപ്പെടേണ്ടതെന്ന് ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ. ഇന്ധനവില നിർണ്ണയാധികാരം പൂർണ്ണമായും കമ്പോളത്തിന് വിട്ടുകൊടുത്തത് യുപിഎ സർക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ധനവിലയിലെ നികുതി ഇളവ് പ്രാബല്യത്തിൽ വന്നതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ചുരുങ്ങിയ കാലംകൊണ്ട് നികുതിയിൽ അതിഭീമമായ വർദ്ധനവാണ് കേന്ദ്ര സർക്കാർ വരുത്തിയതെന്നും അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. അവശ്യവസ്തുക്കളുടെ വില കുത്തനെയുയർന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഇന്ധനവിലയിൽ നികുതിയിളവ് വരുത്താൻ നിർബന്ധിതരാവുകയായിരുന്നു. ഇത് സ്വാഗതാർഹമായ നടപടിയാണ്. എന്നാൽ 2014 മുതൽ നിരന്തരമായി വർധിപ്പിച്ച നികുതിയാണ് നിവൃത്തിയില്ലാതെ കേന്ദ്രസർക്കാർ ഇപ്പോൾ കുറച്ചത്. 2020 മാർച്ച്, മെയ് കലാളവിലായി കേന്ദ്രം പെട്രോളിന് 13.32 രൂപയും ഡീസലിന് 17.97 രൂപയും നികുതി വർധിപ്പിച്ചിരുന്നു. ഇപ്പോൾ യഥാർത്ഥത്തിൽ ഈ വർദ്ധനവാണ് കുറവ് ചെയ്തിരിക്കുന്നത്. എന്നാൽ ബിജെപി സർക്കാർ 2014ൽ അധികാരത്തിൽ വരുമ്പോൾ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയും മാത്രമായിരുന്നു കേന്ദ്ര നികുതി. ഇപ്പോഴത്തെ ഇളവിന് ശേഷവും കേന്ദ്ര പെട്രോൾ നികുതി 2014 നേക്കാൾ രണ്ടിരട്ടിയും ഡീസലിന് നാലിരട്ടി കൂടുതലാണെന്നും ധനകാര്യമന്ത്രി പറഞ്ഞു.

ക്രൂഡോയിൽ വില ഏറ്റവും കുറഞ്ഞ സാഹചര്യത്തിൽ വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങൾക്ക് നൽകുന്നതിന് പകരം ഉമ്മൻചാണ്ടി സർക്കാർ 13 തവണയാണ് പെട്രോൾ നികുതി വർധിപ്പിച്ചതെന്നും കെ.എൻ ബാലഗോപാൽ പറഞ്ഞു. 2016ൽ എൽ.ഡി.എഫ് അധികാരത്തിൽ വന്നത് മുതൽ കേരളം ഇന്നേവരെ ഇന്ധന നികുതി വർധിപ്പിച്ചിട്ടെയില്ല. 2018 ജൂണിൽ LDF സർക്കാർ പെട്രോളിന്റെ നികുതി നിരക്ക് 31.80ൽ നിന്നും 30.08 ശതമാനമായും ഡീസലിന്റെ നികുതി നിരക്ക് 24.52ൽ നിന്നും 22.76 ശതമാനമായും കുറച്ചുവെന്നും മന്ത്രി പറഞ്ഞു.

2018 ഒക്ടോബറിൽ ക്രൂഡ് വില 80.08 ഡോളറായിരുന്ന സമയത്തെ പെട്രോളിന് കേന്ദ്ര എക്‌സൈസ് നികുതി 17.98 രൂപയായിരുന്നു. 2020 മാർച്ച് ആയപ്പോഴേക്കും ക്രൂഡ് വില 33.36 ഡോളറായി കുറഞ്ഞു. ഈ സമയത്ത് നികുതി മാറ്റമില്ലാതെ നിലനിർത്തുകയോ കുറയ്ക്കുകയോ ചെയ്യേണ്ടിയിരുന്ന കേന്ദ്രസർക്കാർ കേന്ദ്ര ഡ്യൂട്ടിയും സെസ്സും 22.98 രൂപയായി വർധിപ്പിക്കുകയാണ് ചെയ്തത്. 2020 മെയിൽ ക്രൂഡ് വില വീണ്ടും 30.61 ഡോളറായി കുറഞ്ഞു. അപ്പോഴാണ് സർവ്വകാല റെക്കോർഡിലേക്ക് കേന്ദ്രം നികുതി ഉയർത്തിയത് ഒറ്റയടിക്ക് 32.98 രൂപയാക്കി. കേരളത്തിൽ കോവിഡ് അനുബന്ധ ചെലവ് കൂടുകയും, മറ്റേത് സംസ്ഥാനങ്ങളേക്കാളും പൊതുജനാരോഗ്യത്തിനും, ക്ഷേമത്തിനും, ഭക്ഷ്യസുരക്ഷയ്ക്കും, സൗജന്യ ചികിത്സക്കും ചെലവ് വർധിപ്പിക്കുകയും ചെയ്തപ്പോഴും ഇന്ധന നികുതി ഒരിക്കൽപോലും എൽ.ഡി.എഫ് സർക്കാർ കൂട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News