വടകരയില്‍ നഗരസഭാ കൗൺസിലറടക്കം മൂന്ന് സിപിഎം പ്രവർത്തകർക്ക് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന് പരാതി
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കോഴിക്കോട്: വടകര പുതുപ്പണത്ത് സിപിഎം പ്രവർത്തകർക്ക് നേരെ ആക്രമണം. നഗരസഭ കൗൺസിലറടക്കം മൂന്ന് സിപിഎം പ്രവർത്തകർക്ക് കുത്തേറ്റു. ബിജെപി പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സിപിഎം ആരോപണം. വെളുത്തമല വായനശാല ഗ്രന്ഥാലയവുമായി ബന്ധപെട്ട് ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ആക്രമണത്തിൽ പ്രതിഷേധിച്ച് പുതുപ്പണത്ത് ഇന്ന് സിപിഎം ഹർത്താൽ പ്രഖ്യാപിച്ചു.
അർധരാത്രിയോടെയാണ് സിപിഎം പ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായത്. സിപിഎം പുതുപ്പണം സൗത്ത് ലോക്കൽ കമ്മിറ്റി അംഗവും വടകര നഗര സഭ കൗൺസിലറുമായ കെ.എം. ഹരിദാസൻ, സിപിഎം വെളുത്തമല സൗത്ത് ബ്രാഞ്ച് സെക്രട്ടറി പ്രവീൺ, ബിബേഷ് കല്ലായിന്‍റ് വിട എന്നിവർക്കാണ് കുത്തേറ്റത്. ശരീരമാസകലം കുത്തേറ്റ് സാരമായി പരിക്കേറ്റ പ്രവീൺ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഹരിദാസനെയും, ബിബേഷിനെയും വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനശാലയുടെ മേൽക്കൂരയുടെ നശിച്ച ഷീറ്റ് മാറ്റിയിടുന്നത് സമീപവാസിയുടെ വീടിന് തടസമാവുമെന്ന് വാദം ഉയർന്നിരുന്നു. ഇതേചൊല്ലി കുറെ കാലമായി തർക്കം നിലനിൽക്കുകയാണ്. വായനശാല തകർക്കുമെന്ന് കോൺഗ്രസ്, ബിജെപി പ്രവർത്തകർ ഭീഷണിമുഴക്കിയിതായി സിപിഎം പറയുന്നു. സ്ഥലത്ത് സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് രാത്രികാല പട്രോളിങ്ങ് അടക്കം നടത്തിയിരുന്നു.
ഇതിനിടെ രാത്രി 12 മണിയോടെ ഒരു വിഭാഗം ആളുകള്‍ വായനശാല തകർക്കാൻ എത്തുകയും കാവൽ നിന്ന സിപിഎം പ്രവർത്തകരുമായി വാക്കേറ്റ മുണ്ടാവുകയും അക്രമം നടത്തുകയുമായിരുന്നു. ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ 7 മണി മുതൽ വൈകുന്നേരം 5 മണി വരെ പുതുപ്പണത്ത് സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.