കോട്ടയം ഏറ്റുമാനൂരില്‍ ട്രെയിൻ തട്ടി അമ്മയും രണ്ട് പെൺമക്കളും മരിച്ചു
കുടുംബ പ്രശ്നമാണ് ആത്മഹത്യക്ക് കാരണം
കോട്ടയം: കോട്ടയം ഏറ്റുമാനൂരിനു സമീപം പാറോലിക്കലിൽ ട്രെയിൻ തട്ടി അമ്മയും രണ്ട് മക്കളും മരിച്ചു. പറോലിക്കൽ സ്വദേശി ഷൈനി(43) , മക്കളായ അലീന(11) ,ഇവാന(10) എന്നിവരാണ് മരിച്ചത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഷൈനി മക്കളുമായി ജീവനൊടുക്കിയതായാണ് പൊലീസ് നിഗമനം.
പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. നിലമ്പൂർ പാസഞ്ചർ ലോക്കോ പൈലറ്റാണ് മൂന്ന് പേർ ട്രെയിയിനു മുന്നിൽ ചാടിയ വിവരം പൊലീസിൽ അറിയിച്ചത്. തുടർന്ന് റെയിൽവെ പൊലീസും ഏറ്റുമാനൂർ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ചിന്നിച്ചിതറിയ നിലയിൽ മൃതദേഹം കണ്ടെത്തി. ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന ഷൈനി പെൺമക്കൾക്കൊപ്പം പറോലിക്കലിലെ വീട്ടിലായിരുന്നു കഴിഞ്ഞ 9 മാസമായി താമസം. ഇരുവരും തമ്മിൽ ഡിവോഴ്സ് കേസും നിലനിൽക്കുന്നുണ്ട്. ജോലി ഇല്ലാത്തതിനാൽ ഷൈനി നിരാശയിലായിരുന്നു. രാവിലെ പള്ളിയിൽ പോകാറുള്ള യുവതിയെയും മക്കളെയും കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദുഃഖ വാർത്ത നാട് അറിയുന്നത്.
മരിച്ച അലീനയും ഇവാനയും തെള്ളകത്തെ സ്വകാര്യ സ്കൂളിലെ വിദ്യാർഥികളാണ്. 14 വയസുള്ള മകൻ കൂടിയുണ്ട് എറണാകുളത്താണ്. ഏറ്റുമാനൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുകൾക്ക് വിട്ടുനൽകും.