തിരുവനന്തപുരത്ത് കോണ്‍വെന്‍റില്‍ കയറി പീഡനം; പീഡിപ്പിച്ചത് പ്രായപൂർത്തിയാകാത്ത 3 പെൺകുട്ടികളെ
നാല് പ്രതികളെ കഠിനംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു
തിരുവനന്തപുരം കഠിനംകുളത്ത് കോണ്‍വെന്‍റില്‍ കയറി പീഡനം. പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളാണ് പീഡിപ്പിക്കപ്പെട്ടത്. നാല് പ്രതികളെ കഠിനംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു. പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു.
ബുധനാഴ്ചയാണ് സംഭവം നടന്നത്. കോണ്‍വെന്‍റിന്‍റെ മതില്‍ ചാടിക്കടന്നാണ് പ്രതികള്‍ പെണ്‍കുട്ടികളുടെ മുറിയിലെത്തിയത്. ബലംപ്രയോഗിച്ച് മദ്യം കുടിപ്പിച്ച് പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടികള്‍ പരാതിയില്‍ വ്യക്തമാക്കിയത്.
വലിയതുറ സ്വദേശികളായ നാല് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മെഴ്സൺ, രഞ്ജിത്ത്, അരുൺ, ഡാനിയൽ എന്നിവരാണ് പിടിയിലായത്. പ്രതികള്‍ക്ക് കോണ്‍വെന്‍റിനുള്ളില്‍ പ്രവേശിക്കാന്‍ സഹായം ലഭിച്ചിട്ടുണ്ടോ എന്നത് ഉള്‍പ്പെടെ പൊലീസ് പരിശോധിക്കുകയാണ്.
ബുധനാഴ്ച രാത്രി പട്രോളിങ് നടത്തുന്നതിനിടെയാണ് കഠിനംകുളം പൊലീസ് സംശയാസ്പദമായി പ്രതികളെ കോണ്‍വെന്‍റിന് സമീപം കണ്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ പെണ്‍കുട്ടികളെ കോടതിയില്‍ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്തും. കൂടുതല്‍ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണ്. മുമ്പും പ്രതികള്‍ കോണ്‍വെന്‍റിലെത്തി പെണ്‍കുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പൊലീസ് അറിയിച്ചപ്പോള്‍ മാത്രമാണ് വിവരമറിഞ്ഞതെന്നാണ് കോണ്‍വെന്‍റ് അധികൃതരുടെ വിശദീകരണം.