പൂരപ്രേമികളുടെ കാത്തിരിപ്പിന് വിരാമം: തൃശൂർ പൂര വിളംബരം ഇന്ന്
നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി കൊമ്പൻ എറണാകുളം ശിവകുമാറാണ് പൂര വിളംബരം നടത്തുക
തൃശൂര്‍:കാത്തിരിപ്പുകൾക്ക് വിരാമമിട്ട് തൃശൂര്‍ പൂരത്തിന്‍റെ വിളംബരം ഇന്ന്. നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി കൊമ്പൻ എറണാകുളം ശിവകുമാറാണ് പൂര വിളംബരം നടത്തുക. രാവിലെ എറണാകുളം ശിവകുമാർ നെയ്തിലക്കാവിൽ അമ്മയുടെ തിടമ്പേറ്റി വടക്കുംനാഥ ക്ഷേത്രത്തിലെത്തി വണങ്ങും. പിന്നാലെ തെക്കേഗോപുര വാതിൽ തുറന്ന് നിലപാട് തറയിൽ എത്തി മൂന്നുതവണ ശംഖ് ഊതി പൂര വിളംബരം നടത്തും.
ഇതോടെ പൂരചടങ്ങുകള്‍ക്ക് തുടക്കമാകും. നാളെ രാവിലെ രാവിലെ ഏഴിന് കണിമംഗലം ശാസ്താവ് എഴുന്നള്ളിയെത്തുന്നതോടെ 36 മണിക്കൂര്‍ നീളുന്ന തൃശൂര്‍ പൂരം പൂത്തുലയും. തൃശൂര്‍ പൂരത്തിന്‍റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്. പഴുതടച്ച സുരക്ഷാക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
തൃശൂർ പൂരത്തിന് മുന്നോടിയായുള്ള ഇരു ദേവസ്വങ്ങളുടെയും സാമ്പിൾ വെടിക്കെട്ട് നടന്നു.തിരുവമ്പാടി ദേവസ്വമാണ് ആദ്യം തിരികൊളുത്തിയത്. പിന്നാലെ പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ടും നടന്നു. തൊട്ടുപിന്നാലെ പാറമേക്കാവിന്റെ ഊഴം.തിരുവമ്പാടി പതിയെ തുടങ്ങിയ തെങ്കിൽ പാറമേക്കാവ് തുടക്കം മുതൽ കത്തി കയറി.കൂട്ട പൊരിച്ചലിലെ പുകയ്ക്കുള്ളിൽ ഇടിമിന്നൽ തീർത്തു..
പാറമേക്കാവിന്റെ വർണ കുടകളും മാലയും സൗഹൃദ മത്സരത്തിന്റെ വാശി കൂട്ടി.കുടയും മാലയും തിരുവമ്പാടിക്കും ഉണ്ടായിരുന്നു എങ്കിലും തിരുവമ്പാടിയെ വ്യത്യസ്തമാക്കിയത് ലഹരിക്കെ എതിരായ അവരുടെ അമിട്ട് തന്നെയായിരുന്നു.പൂരമാണ് ലഹരി എന്ന് പറയുന്നവർ SAY NO TO DRUGS എന്ന സന്ദേശം ആകാശത്ത് വിരിയിച്ചു.ബാക്കിയുള്ള സർപ്രൈസുകൾ പൂരത്തിന് മാറ്റിവെച്ച് ഇരു ദേവസ്വങ്ങളും കരുത്തുകാട്ടിമടങ്ങി.
സാമ്പിൾ വെടിക്കെട്ടിനിടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥന് നിസാര പരിക്കേറ്റു.