മൂന്നാറിൽ വിനോദസഞ്ചാരിക്ക് ദുരനുഭവം; രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു
മൂന്നാർ പൊലീസ് ഗ്രേഡ് എസ്ഐ ജോർജ് കുര്യൻ എഎസ്‌ഐ സാജു പൗലോസ് എന്നിവർക്കെതിരെയാണ് നടപടി
ഇടുക്കി: മൂന്നാറിൽ വിനോദസഞ്ചാരിക്ക് ദുരനുഭവം ഉണ്ടായ സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. മൂന്നാർ പൊലീസ് ഗ്രേഡ് എസ്ഐ ജോർജ് കുര്യൻ എഎസ്‌ഐ സാജു പൗലോസ് എന്നിവർക്കെതിരെയാണ് നടപടി. കൃത്യവിലോപം കണ്ടെത്തിയതിനെതുടർന്നാണ് ജില്ലാ പൊലീസ് മേധാവി നടപടിയെടുത്തത്.
മൂന്നാറിലെ ടാക്‌സി ഡ്രൈവർമാർക്കെതിരെ മുമ്പും പരാതി ഉയർന്നിട്ടുണ്ട്. ഒക്ടോബർ 31 നാണ് കേസിനാസ്പദമായ സംഭവം. മുംബൈ സ്വദേശിയും അസിസ്റ്റന്റ് പ്രഫസറുമായ ജാൻവി മൂന്നാറിൽ ഓൺലൈൻ ടാക്‌സിയിൽ സന്ദർശിക്കാനായി എത്തിയിരുന്നു. എന്നാൽ, ഓൺലൈൻ ടാക്‌സിയിൽ മൂന്നാറിൽ സഞ്ചരിക്കാൻ പറ്റില്ലെന്ന് പറഞ്ഞ് ടാക്‌സി യൂനിയൻ നേതാക്കൾ ഇവരുടെ വാഹനം തടഞ്ഞു. തുടർന്ന്, പൊലീസിനെ വിളിച്ചെങ്കിലും വിനോദസഞ്ചാരികൾക്ക് അനുകൂലമായ നിലപാടല്ല പൊലീസ് സ്വീകരിച്ചത്. മൂന്നാറിൽ നിന്ന് ടാക്‌സി വിളിച്ച് സഞ്ചരിക്കാനാണ് പൊലീസ് നിർദേശിച്ചത്.
മുംബൈയിൽ തിരിച്ചെത്തിയതിന് ശേഷം ഇനി കേരളത്തിലേക്ക് താൻ പോവില്ല, ഇങ്ങനെ ഒരു ദുരനുഭവം ഉണ്ടായി എന്നു പറഞ്ഞ് ജാൻവി വീഡിയോ ഇട്ടതോടെയാണ് സംഭവം ചർച്ചയാവുന്നത്. ഇതിന് പിന്നാലെയാണ് ജില്ല പൊലീസ് മേധാവി നടപടി എടുത്തിരിക്കുന്നത്. സംഭവം പുറത്തെത്തിയതിന് പിന്നാലെ ടാക്‌സി ഡ്രൈവർമാർക്കെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ സംഭവം പങ്കുവെച്ച ജാൻവിയെൂ നേരിട്ട് ബന്ധപ്പെടാനും പൊലീസ് ശ്രമിക്കുന്നത്.