തിരുവനന്തപുരത്ത് വാർഡ് വിഭജനം ബിജെപിക്ക് ഗുണമായി; അതിനെക്കുറിച്ച് വലിയ വിവരം ഇടത് മുന്നണിക്ക് ഇല്ലായിരുന്നു: ടി.പി സെൻകുമാർ

കോഴിക്കോട്, തിരുവനന്തപുരം കോർപറേഷനുകളിൽ വാർഡ് വിഭജനം ബിജെപിക്ക് ഗുണമായി എന്ന റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് ഇത് ശരിവെച്ച് സെൻകുമാർ രംഗത്തെത്തിയിരിക്കുന്നത്

Update: 2025-12-22 06:56 GMT

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ വാർഡ് വിഭജനം ബിജെപിക്ക് ഗുണമായെന്ന് മുൻ ഡിജിപി ടി.പി സെൻകുമാർ. താൻ താമസിക്കുന്ന പിടിപി വാർഡ് നാലായി വിഭജിച്ചു. നാലിടത്തും ബിജെപിയാണ് ജയിച്ചത്. വാർഡ് വിഭജനത്തിൽ ഇടതുപക്ഷത്തിന് വലിയ വിവരമില്ലായിരുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത് എന്നും സെൻകുമാർ പറഞ്ഞു. കോഴിക്കോട്, തിരുവനന്തപുരം കോർപറേഷനുകളിൽ വാർഡ് വിഭജനം ബിജെപിക്ക് ഗുണമായി എന്ന റിപ്പോർട്ടുകൾ വരുന്നതിനിടെയാണ് ഇത് ശരിവെച്ച് സെൻകുമാർ രംഗത്തെത്തിയിരിക്കുന്നത്.

തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഏറ്റവും കുറവ് വോട്ട് ലഭിച്ചത് എറണാകുളം ജില്ലയിലാണ്. 6.01 ശതമാനമാണ് ഇവിടെ കിട്ടിയത്. മലപ്പുറത്ത് പോലും 6.97 ശതമാനം വോട്ട് ലഭിച്ചു. കോട്ടയത്ത് 15 ശതമാനവും പത്തനംതിട്ടയിൽ 19.47 ശതമാനവും ഇടുക്കിയിൽ 10.09 ശതമാനവുമൊക്കെ വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. എറണാകുളത്ത് 48 ശതമാനത്തിലധികം ഹൈന്ദവരുണ്ട്. അതുപോലെ തന്നെയാണ് കോട്ടയത്തും പത്തനംതിട്ടയിലുമെല്ലാം ജനസംഖ്യ.

Advertising
Advertising

ഈ ജില്ലകളിലെല്ലാം ഹിന്ദു വോട്ടുകൾ ബിജെപിക്ക് ലഭിച്ചില്ലെന്നാണ് കണക്കുകൾ പറയുന്നത്. ക്രൈസ്തവ വോട്ടുകളും ലഭിച്ചില്ല. കയ്യിലിരിക്കുന്നത് വിട്ട് ആകാശത്ത് കൂടി പറക്കുന്നതിന്റെ പിന്നാലെ പോയിട്ട് കാര്യമില്ല. കയ്യിലിരിക്കുന്നതിനെ സുരക്ഷിതമാക്കുന്നതിനാണ് പ്രാധാന്യം കൊടുക്കേണ്ടത്. നേമം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ ബിജെപി ഒന്നാമതാണ്. നന്നായി പരിശ്രമിച്ചാൽ മഞ്ചേശ്വരം, കാസർകോട് അടക്കമുള്ള മണ്ഡലങ്ങൾ ബിജെപിക്ക് ലഭിക്കും. ആരെയും പ്രീണിപ്പിച്ചിട്ട് കാര്യമില്ല. എത്ര അനുനയിപ്പിക്കാൻ ശ്രമിച്ചാലും ഛത്തീസ്ഗഢിൽ പോയി കാര്യം പറഞ്ഞാലും അതിന് സമയമെടുക്കും. കാസ ഒഴികെയുള്ള ആരുടെയും വോട്ട് ലഭിച്ചിട്ടില്ല എന്നാണ് കണക്കുകൾ പറയുന്നത്. അതുകൊണ്ട് ഹിന്ദു വോട്ടുകൾ ഏകീകരിക്കാനാണ് ബിജെപി ശ്രമിക്കേണ്ടത് എന്നും സെൻകുമാർ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News