‘നോർത്ത് പറവൂരിൽ വി.ഡി സതീശനെ തോൽപ്പിക്കാൻ ബിജെപി, ബിഡിജെഎസ് സ്ഥാനാർഥികളെ നിർത്താതെ രണ്ടാമത് വരുന്ന ആൾക്ക് ഹിന്ദുക്കളുടെ വോട്ട് കൊടുക്കണം’; ടി.പി സെൻകുമാർ
കഴിഞ്ഞ തവണ നോർത്ത് പറവൂറിൽ വി.ഡി സതീശൻ ജയിച്ചപ്പോൾ ഇടതുമുന്നണി സ്ഥാനാർഥിയാണ് രണ്ടാമതെത്തെത്തിയത്
വി.ഡി സതീശൻ, ടി.പി സെൻകുമാർ
കോഴിക്കോട്: നോർത്ത് പറവൂരിൽ വി.ഡി സതീശനെ തോൽപ്പിക്കാൻ ബിജെപിയും ബിഡിജെഎസും സ്ഥാനാർഥികളെ നിർത്താതെ രണ്ടാമത് വരുന്ന ആൾക്ക് ഹിന്ദുക്കളുടെ വോട്ട് കൊടുക്കണമെന്ന് മുൻ ഡിജിപി ടി.പി സെൻകുമാർ. ചാനൽ ചർച്ചയിലാണ് സെൻകുമാർ സതീശനെ തോൽപ്പിക്കണമെന്ന് ആവശ്യപ്പെട്ടത്. കഴിഞ്ഞ തവണ നോർത്ത് പറവൂറിൽ വി.ഡി സതീശൻ 82,264 വോട്ടുകൾ നേടി ജയിച്ചപ്പോൾ ഇടതുമുന്നണി സ്ഥാനാർഥിയാണ് രണ്ടാമതെത്തെത്തിയത്.
തിരുനാവായയിൽ നടക്കുന്ന കേരള കുംഭമേളയ്ക്കായി സംഘാടകർ അനുമതി വാങ്ങാതെ ഭാരതപ്പുഴയിൽ നിർമാണം നടത്തിയതിനെ തുടർന്ന് ജില്ലാ കലക്ടർ വി.ആർ വിനോദ് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് സംഘപരിവാർ അനുകൂല ചാനലായ ജനം ടിവിയിൽ നടത്തിയ ചർച്ചയിലാണ് വി.ഡി സതീശനെ തോൽപ്പിക്കാൻ ആഹ്വാനം ചെയ്തത്.
പൊളിറ്റിക്കൽ അഗ്രസീവ്നെസിലേക്ക് നമ്മൾ പോകണമെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം സതീശനെതിരെ രംഗത്തെത്തിയത്. ‘നമ്മുടെ വോട്ട് മാറ്റർ ചെയ്യുന്ന സ്ഥലത്ത് ഒന്നാം നമ്പറിനും രണ്ടാം നമ്പറിനും പിറകിലായി നമ്മൾ മൂന്നാം നമ്പറിലാകുന്ന കുറേ സ്ഥലങ്ങളുണ്ട്. ആ സ്ഥലങ്ങളിൽ ചില സ്ഥലത്തെങ്കിലും ഏറ്റവും അധികം ഹിന്ദുക്കളെ ആക്രമിക്കുന്ന ഹിന്ദു നാമധാരികളെ പരാജയപ്പെടുത്താൻ നമ്മൾ എന്ന് തയ്യാറാവുന്നോ, ആ ദിവസത്തിന്റെ പിറ്റേദിവസം ഇതിൽ ഒരു അറുപത് ശതമാനം പ്രോബ്ലം നിൽക്കും. നമ്മൾ തയ്യാറാണോ ?. ഞാൻ പേരെടുത്ത് പറയാം. നോർത്ത് പറവൂരിൽ വി.ഡി സതീശന് പതിനായിരം വോട്ടിന്റെ ഭൂരിപക്ഷമേയുള്ളു. ഹിന്ദുക്കളുടെ വോട്ട് ബിജെപി അല്ലെങ്കിൽ ബിഡിജെഎസ് സ്ഥാനാർഥികളെ നിർത്തി കൊടുക്കാതെ അവിടെ രണ്ടാമത് വരുന്ന ആൾക്ക് കൊടുത്ത് ഈ ഹിന്ദുക്കളെ ഏറ്റവുമധികം ഭർത്സിക്കുന്ന അങ്ങേരെ തോൽപ്പിക്കാൻ നമ്മൾ തയ്യാറാണോ. ഇതുപോലെ നിരവധി പേരെനിക്ക് പറയാൻ പറ്റും. കാരണം ഒരു മുസ്ലിം ചെയ്യാത്ത പോലെ ഹിന്ദുവിനെതിരെ പറയുന്ന ആളാണ് അദ്ദേഹം. അതുകൊണ്ടാണ് ഞാനിത് പറയുന്നത്.അതുപോലെ ചെയ്യാൻ തയ്യാറാണെങ്കിൽ നടക്കും എന്നും സെൻകുമാർ പറഞ്ഞു.