ടി.പി.ആര്‍ വീണ്ടും 18 കടന്നു; സംസ്ഥാനത്ത് കോവിഡ് ആശങ്ക ഉയരുന്നു

അതിനിടെ സംസ്ഥാനത്ത് വാക്‌സിന്‍ വിതരണം വേഗത്തിലാക്കാന്‍ ഇന്ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. സെപ്റ്റംബര്‍ അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്.

Update: 2021-08-24 14:42 GMT
Advertising

രണ്ടര മാസത്തിന് ശേഷം സംസ്ഥാനത്ത് വീണ്ടും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18 കടന്നു. 18.04 ആണ് ഇന്ന് ടെസ്റ്റ് പോസിറ്റിവിറ്റി. 24,296 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഓണത്തിന് നല്‍കിയ ഇളവുകള്‍ സംസ്ഥാനത്ത് രോഗവ്യാപനത്തിന് കാരണമായെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്. അടുത്ത നാലാഴ്ച സംസ്ഥാനത്ത് അതീവ ജാഗ്രത വേണമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. ഓണത്തോട് അനുബന്ധിച്ച് വ്യാപാരസ്ഥാപനങ്ങള്‍ക്ക് ഇളവുകള്‍ നല്‍കിയിരുന്നു. വാരാന്ത്യ ലോക്ഡൗണ്‍ ഒഴിവാക്കുകയും ചെയ്തിരുന്നു. ടി.പി.ആര്‍ ഉയരുന്ന സാഹചര്യത്തില്‍ വാരാന്ത്യ ലോക്ഡൗണ്‍ പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ പല പ്രദേശങ്ങളും അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ പിടിയിലാണ്. അതിനിടെ മൂന്നാംതരംഗത്തിന്റെ ഭീഷണിയുമുണ്ട്. അതുകൊണ്ട് തന്നെ ഓണാവധി കഴിഞ്ഞ് സ്ഥാപനങ്ങളും കടകളും തുറക്കുമ്പോള്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം. എല്ലാ കാലത്തും അടച്ചിടല്‍ സാധ്യമല്ലെന്നും അതുകൊണ്ട് തന്നെ ജനങ്ങള്‍ കര്‍ശനമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

അതിനിടെ സംസ്ഥാനത്ത് വാക്‌സിന്‍ വിതരണം വേഗത്തിലാക്കാന്‍ ഇന്ന് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. സെപ്റ്റംബര്‍ അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും ആദ്യ ഡോസ് വാക്സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. അതിനായി ജില്ലകളില്‍ വാക്സിനേഷന്‍ പ്ലാന്‍ തയ്യാറാക്കി വാക്സിനേഷന്‍ യജ്ഞം ശക്തിപ്പെടുത്തണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ചികിത്സാ സൗകര്യം വര്‍ധിപ്പിക്കാനും യോഗം തീരുമാനിച്ചു.

ഏതു സാഹചര്യം നേരിടാനും ആശുപത്രികള്‍ സജ്ജമാക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. രോഗ തീവ്രത കുറയുന്നുണ്ടെങ്കിലും മരണ നിരക്ക് പരമാവധി കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഹോം ഐസൊലേഷനിലുള്ളവര്‍ കൃത്യമായി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. ഹോം ഐസൊലേഷനിലുള്ള ഗുരുതര രോഗമുള്ളവരെ കണ്ടെത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കുകയും വേണം.

കോവിഡ് പരിശോധന പരമാവധി വര്‍ധിപ്പിക്കാനും മന്ത്രി നിര്‍ദേശിച്ചു. പൊതുചടങ്ങുകളില്‍ പങ്കെടുത്തവരില്‍ ആര്‍ക്കെങ്കിലും രോഗം വന്നാല്‍ മുഴുവന്‍ പേരേയും പരിശോധിക്കേണ്ടതാണ്. രോഗ ലക്ഷണങ്ങളുള്ളവരും സമ്പര്‍ക്കത്തിലുള്ളവരും നിര്‍ബന്ധമായും കോവിഡ് പരിശോധന നടത്തണം. സ്വയം ചികിത്സ പാടില്ലെന്നും മന്ത്രി പറഞ്ഞു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News