ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച കാർ യാത്രികരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും

ആക്രമികൾ സഞ്ചരിച്ച KL 52 H 8733 എന്ന കാർ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു

Update: 2024-12-17 02:00 GMT
Editor : Jaisy Thomas | By : Web Desk

വയനാട്: വയനാട് മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച കാർ യാത്രികരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. പ്രതികളായ കണിയാമ്പറ്റ സ്വദേശി അർഷദിനെയും നാല് സുഹൃത്തുക്കളെയും തിരിച്ചറിഞ്ഞ പൊലീസ്, ഇവർക്കെതിരെ വധശ്രമത്തിന് കേസെടുത്തു.

കഴിഞ്ഞ ദിവസം ചെക്ക് ഡാം കാണാനെത്തിയ വിനോദ സഞ്ചാരികൾ സംഘർഷത്തിലേർപ്പെട്ടത് തടയാൻ ചെന്ന പയ്യംമ്പള്ളി സ്വദേശി മാതനാണ് ക്രൂരമായ ആക്രമണത്തിനിരയായത്. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിയും പൊലീസിന് നിർദേശം നൽകി. പ്രതികൾ സഞ്ചരിച്ച കാർ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

Advertising
Advertising

ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ഈ ക്രൂരത. കാറിൻ്റെ ഡോറിനോട് കൈ ചേർത്ത് പിടിച്ച് യുവാവിനെ മാനന്തവാടി- പുൽപ്പള്ളി റോഡിലൂടെ അര കിലോമീറ്ററോളം ദൂരം വലിച്ചിഴച്ചു. കഴിഞ്ഞദിവസം പ്രതികൾക്കെതിരെ വധശ്രമത്തിന് കേസടുത്ത് മാനന്തവാടി പൊലീസ്, അഞ്ചു പ്രതികളെയും തിരിച്ചറിഞ്ഞു. കണിയാമ്പറ്റ സ്വദേശി അർഷദ്, കണിയാമ്പറ്റ പച്ചിലക്കാട് സ്വദേശികളായ മുഹമ്മദ് അർഷിദ്, അഭിരാം, പനമരം സ്വദേശികളായ വിഷ്ണു, നബീൽ കമർ എന്നിവരാണ് പ്രതികൾ.

ആക്രമികൾ സഞ്ചരിച്ച KL 52 H 8733 എന്ന കാർ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഫോൺ ഓഫ്‌ ചെയ്ത് ഒളിവിൽ പോയ പ്രതികൾക്കായി ഊർജിത തിരച്ചിലിലാണ് പൊലീസ്. ഇരു സംഘം വിനോദ സഞ്ചാരികൾ സംഘർഷത്തിലേർപ്പെട്ടതിനിടെ കല്ലുമായി ആക്രമിക്കാനൊരുങ്ങിയ യുവാവിനെ മാതൻ തടഞ്ഞതാണ് പ്രകോപനത്തിനിടയാക്കിയത്. നട്ടെല്ലിനും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ മാതനെ മാനന്തവാടി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News