ആദ്യമായി നേരിൽ കണ്ട മനുഷ്യര്‍ പോലും തന്ന സ്നേഹവും കരുതലും മറക്കാൻ കഴിയില്ല ; ഒടുങ്ങാത്ത സ്നേഹത്തിന്‍റെ കോഴിക്കോടനുഭവങ്ങൾ: കുറിപ്പുമായി ഡോ. ടി.എസ് ശ്യാം കുമാര്‍
എന്തൊക്കെ പറഞ്ഞിട്ടും കടയുടമ വെള്ളത്തിന്‍റെ പൈസ വാങ്ങാൻ തയ്യാറായില്ല
കോഴിക്കോട്: കോഴിക്കോടിനെക്കുറിച്ചുള്ള സ്നേഹാനുഭവങ്ങൾ പങ്കുവച്ച് ദലിത് ചിന്തകനും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ. ടി.എസ് ശ്യാം കുമാര്‍. കേരളത്തിൽ ഏറ്റവും കൂടുതൽ സാംസ്കാരിക പരിപാടികൾക്കായി പങ്കെടുത്തിട്ടുള്ളത് കോഴിക്കോട്ടാണെന്നും അരുവിപ്പുറത്ത് ശിലയുമായി മണിക്കൂറുകൾ നിന്ന ഗുരുവിന്‍റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകിയത് മനുഷ്യരോടുള്ള അനന്തമായ ഒടുങ്ങാത്ത സ്നേഹത്താലാണെന്ന് കോഴിക്കോടനുഭവങ്ങൾ തിരിച്ചറിവായി നിറയുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
കോഴിക്കോടനുഭവങ്ങൾ...
കേരളത്തിൽ ഏറ്റവും കൂടുതൽ സാംസ്കാരിക പരിപാടികൾക്കായി പങ്കെടുത്തിട്ടുള്ളത് കോഴിക്കോട്ടാണ്. ഒരിക്കൽ കോഴിക്കോട് ലോ കോളജിലെ സെമിനാർ കഴിഞ്ഞ് ചായ കുടിക്കാനായി ചെറിയൊരു ഹോട്ടലിൽ കയറി. ഒരാൾ ആ സമയത്ത് പരിചയപ്പെടാൻ വന്നു. പ്രസംഗം കേൾക്കാറുണ്ടെന്നും മറ്റും പറഞ്ഞ് അദ്ദേഹം മടങ്ങി. ബില്ല് അടയ്ക്കാനായി ചെന്നപ്പോൾ ആ മനുഷ്യൻ ഞങ്ങളുടെ ബില്ല് കൂടി നൽകി മടങ്ങിയിരുന്നു. അടുത്തിടെ താജ് അനുസ്മരണ പ്രഭാഷണം കഴിഞ്ഞ് മടങ്ങുമ്പോൾ കോഴിക്കോട് റെയിൽവെ സ്‌റ്റേഷനിലെ ഒരു കടയിൽ നിന്നും ഒരു കുപ്പി വെള്ളം വാങ്ങി. എന്തൊക്കെ പറഞ്ഞിട്ടും കടയുടമ വെള്ളത്തിന്‍റെ പൈസ വാങ്ങാൻ തയ്യാറായില്ല.
അന്നേ ദിവസം തന്നെ കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ വന്നിറങ്ങുമ്പോൾ ഒരു മനുഷ്യൻ അടുത്തേക്ക് വന്നു.. കെട്ടിപ്പിടിച്ചു. നിറകണ്ണുകളോടെ നിന്നു. ഒന്നും അദ്ദേഹം പറഞ്ഞില്ല. എന്തായിരിക്കും ആ മനുഷ്യന് എന്നോട് പറയാനുണ്ടായിരുന്നത് .മറ്റൊരിക്കൽ സ്നേഹ നിധിയായ ഒരു മനുഷ്യൻ വയനാട് ചുരം കാണിക്കാൻ കോഴിക്കോട് നിന്നും എന്നെ കൊണ്ടു പോയി. ആദ്യമായി നേരിൽ കണ്ട ആ മനുഷ്യന്‍റെ സ്നേഹവും കരുതലും മറക്കാൻ കഴിയില്ല..
ഇങ്ങനെ എത്രയോ മനുഷ്യരുടെ നിറഞ്ഞ സ്നേഹം കൂടുതൽ ആവേശഭരിതനാക്കുന്നു. ഇത് ചായയുടെയോ ഒരു കുപ്പി വെള്ളത്തിന്‍റെയോ വിലയുടെ കാര്യമല്ല. ചായയിലൂടെയും വെള്ളത്തിലൂടെയും പകരുന്ന നിറഞ്ഞ സ്നേഹത്തിന്‍റെ അനുഭവമാണ്. അരുവിപ്പുറത്ത് ശിലയുമായി മണിക്കൂറുകൾ നിന്ന ഗുരുവിന്‍റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകിയത് മനുഷ്യരോടുള്ള അനന്തമായ ഒടുങ്ങാത്ത സ്നേഹത്താലാണെന്ന് കോഴിക്കോടനുഭവങ്ങൾ തിരിച്ചറിവായി നിറയുന്നു.. നന്ദി പറയുവാനില്ല ഈ സ്നേഹത്തിന്...