ടി.ടി.ഇ വിനോദിന്റെ മരണകാരണം തലക്കേറ്റ ക്ഷതം; എതിർദിശയിൽ നിന്ന് വന്ന മറ്റൊരു ട്രെയിൻ ദേഹത്ത് കയറി
ദേഹത്തുണ്ടായിരുന്നത് ആഴത്തിലുള്ള ഒമ്പത് മുറിവുകളെന്നും പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്
Update: 2024-04-03 10:42 GMT
തൃശൂർ: ടി.ടി.ഇ വിനോദിന്റെ മരണകാരണം തലക്കേറ്റ ക്ഷതമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. എതിർദിശയിൽ നിന്ന് വന്ന മറ്റൊരു ട്രെയിൻ വിനോദിന്റെ ദേഹത്ത് കയറിയതായാണ് നിഗമനം. രണ്ട് കാലുകളും അറ്റുപോയ നിലയിലാണ്. ദേഹത്തുണ്ടായിരുന്നത് ആഴത്തിലുള്ള ഒമ്പത് മുറിവുകളാണെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ഇതര സംസ്ഥാന തൊഴിലാളിയായ രജനീകാന്താണ് ടി.ടി.ഇ വിനോദ് കണ്ണനെ ട്രെയിനിൽനിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്. വിനോദിനെ കൊലപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടെ ട്രെയിനിൽനിന്ന് തള്ളിയിടുകയായിരുന്നു എന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. വാതിലിന് അഭിമുഖമായി നിന്ന വിനോദിനെ പിന്നിൽനിന്ന് തള്ളിയിടുകയായിരുന്നു. പിഴയടക്കാൻ ആവശ്യപ്പെട്ടതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്നും എഫ്.ഐ.ആറിൽ പറയുന്നു.