ഫുട്‌ബോള്‍ കളിയുമായി ബന്ധപ്പെട്ട് തര്‍ക്കം, 18കാരനെ കുത്തിക്കൊലപ്പെടുത്തിയ രണ്ട് പേര്‍ പിടിയില്‍

തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ അലനാണ് കൊല്ലപ്പെട്ടത്

Update: 2025-11-18 10:26 GMT

തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുരയിൽ ഫുട്‌ബോള്‍ കളിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ 18കാരനെ കുത്തിക്കൊലപ്പെടുത്തിയ രണ്ട് പേര്‍ പിടിയില്‍. തിരുവനന്തപുരം പൂജപ്പുര സ്വദേശിയായ അലനാണ് കൊല്ലപ്പെട്ടത്. അലനെ കുത്തിവീഴ്ത്തിയ ആള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.

ഫുട്‌ബോള്‍ മത്സരവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് 18കാരന്‍ അലന്റെ ജീവനെടുത്തത്. ഇന്നലെ വൈകിട്ട് ഒത്തുതീര്‍പ്പ് സംഭാഷണത്തിനായാണ് രാജാജി നഗറിലെയും പൂജപ്പുര നഗറിലെയും സംഘം തൈക്കാട് ശാസ്താംകോവിലിന് സമീപമെത്തിയത്. സംസാരിക്കുന്നതിനിടെ പൂജപ്പുരയില്‍ നിന്നുള്ള ആളുകള്‍ രാജാജി നഗറിലുള്ള കുട്ടികളെ തടഞ്ഞു. സ്ഥലത്ത് നിന്ന് മാറിപ്പോകാന്‍ അലന്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. ഹെല്‍മറ്റ് ഉപയോഗിച്ച് അലന്റെ തലയ്ക്കടിച്ചുവീഴ്ത്തി നെഞ്ചിന് കുത്തുകയായിരുന്നു.

കുത്തേറ്റ് വീണ അലനെ സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തിച്ചത്. അക്രമിസംഘത്തില്‍ ഉണ്ടായിരുന്ന രണ്ട് പേരെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതില്‍ ഒരാള്‍ കാപ്പ കേസ് പ്രതിയാണ്. അലനെ കുത്തിവീഴ്ത്തിയ ആള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു. അഞ്ച് പേര്‍ ചേര്‍ന്ന് കുത്തിയെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ സംഘം ആയുധവുമായി എത്തിയെന്നും എഫ്‌ഐആറിലുണ്ട്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News