ഉദയകുമാർ ഉരുട്ടിക്കൊല കേസ്; മുഴുവൻ പ്രതികളെയും വെറുതെ വിട്ടു
അന്വേഷണത്തിൽ സിബിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ഹൈക്കോടതി
കൊച്ചി: ഉദയകുമാർ ഉരുട്ടിക്കൊല കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ടു. ഹൈക്കോടതിയുടേതാണ് ഉത്തരവ്. അന്വേഷണത്തിൽ സിബിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ഹൈക്കോടതി വിമർശിച്ചു.
സിബിഐയുടെ അന്വേഷണത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയാണ് മുഴുവൻ പ്രതികളെയും വെറുതെ വിട്ടത്. ഒന്നാം പ്രതിയുടെ വധശിക്ഷയും കോടതി റദ്ദാക്കി.
ഒരു കോടതിക്കും ഹൃദയമില്ലെന്ന് ഉദയകുമാറിന്റെ അമ്മ പ്രഭാവതി അമ്മ പ്രതികരിച്ചു. 'ഞാൻ ഇനി എന്ത് ചെയ്യണമെന്ന് നിങ്ങൾ പറഞ്ഞ് തരൂ. ഇത്രയും കുറ്റം ചെയ്തിട്ട് കുറ്റമില്ലെന്ന് പറയുന്നു. പ്രതികൾ എന്ത് കളിയാണ് കളിച്ചതെന്ന് അറിയില്ല. ഇതിന് പുറകിൽ നിന്ന് കളിക്കുന്നവരാണ് ഉള്ളത്. ഞാൻ ഒറ്റക്കേ ഉള്ളൂ' എന്നാണ് കോടതി വിധിക്കുപിന്നാലെ പ്രഭാവതി അമ്മ പ്രതികരിച്ചത്.
2005 സെപ്റ്റംബര്‍ 27-ന് രാത്രിയാണ് തിരുവനന്തപുരം കിള്ളിപ്പാലം കീഴാറന്നൂര്‍ കുന്നുംപുറം വീട്ടില്‍ ഉദയകുമാര്‍(28) മരിച്ചത്. ക്രൂരമര്‍ദനത്തിനൊടുവില്‍ തുടയിലെ രക്തധമനികള്‍ പൊട്ടിയാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. തിരുവനന്തപുരം നഗരത്തിലെ ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍നിന്ന് മോഷണക്കേസ് പ്രതിയോടൊപ്പമാണ് ഉദയകുമാറിനെ തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനില്‍ എത്തിച്ച് മർദിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.
ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് 2008 ആഗസ്റ്റിലാണ് സിബിഐ ഏറ്റെടുത്തത്. ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ നടത്തിയ നിയമയുദ്ധങ്ങള്‍ക്കൊടുവിലാണ് ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറിയത്. തുടര്‍ന്ന് പൊലീസുകാരെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിക്കുകയും 2018 ജൂലായ് 25-ന് പ്രതികളെ ശിക്ഷിക്കുകയുമായിരുന്നു.കേസിലെ ഒന്നും രണ്ടും പ്രതികളായ കെ. ജിതകുമാര്‍, ശ്രീകുമാര്‍ എന്നിവര്‍ക്ക് വധശിക്ഷയാണ് സിബിഐ പ്രത്യേക കോടതി വിധിച്ചത്. ഇരുവര്‍ക്കും രണ്ടുലക്ഷം രൂപ വീതം പിഴയും ചുമത്തിയിരുന്നു. ഈ തുക ഉദയകുമാറിന്റെ അമ്മയ്ക്ക് നല്‍കാനും തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ജഡ്ജി ജെ നാസര്‍ ഉത്തരവിട്ടിരുന്നു.