പാലക്കാട് മുനിസിപ്പാലിറ്റിയിൽ താരം സ്വതന്ത്രൻ; ചെയർമാനാക്കി ബിജെപിയെ വീഴ്ത്താൻ യുഡിഎഫ് ആലോചന
ഇരു മുന്നണികളും കൈകോർത്താൽ 27 സീറ്റാകുമെങ്കിലും റഷീദിന്റെ പിന്തുണ കൂടി നേടി കസേര സുരക്ഷിതമാക്കാനാണ് നീക്കം.
പാലക്കാട്: പാലക്കാട് മുനിസിപ്പാലിറ്റിയിൽ ഇത്തവണ താരം സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ച എച്ച്. റഷീദ്. എൻഡിഎയ്ക്ക് അധികാരമുണ്ടായിരുന്ന മുനിസിപ്പാലിറ്റിയിൽ ഇത്തവണ അവർക്ക് കേവലഭൂരിപക്ഷം നേടാനാവാതെ വന്നതോടെ റഷീദിനെ ചെയർമാനാക്കി ബിജെപിയെ തെറിപ്പിക്കാനാണ് യുഡിഎഫ് ആലോചന.
ഇതിനായി, ഒമ്പത് സീറ്റുകൾ നേടിയ എൽഡിഎഫിനെക്കൂടി ഒപ്പം കൂട്ടാനാണ് 18 സീറ്റുകൾ നേടിയ യുഡിഎഫ് ആലോചിക്കുന്നത്. ഇരു മുന്നണികളും കൈകോർത്താൽ 27 സീറ്റാകുമെങ്കിലും റഷീദിന്റെ പിന്തുണ കൂടി നേടി കസേര സുരക്ഷിതമാക്കാനാണ് നീക്കം. പള്ളിപ്പുറം വാർഡിൽ നിന്ന് 20 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സി. മധുവിനെയാണ് റഷീദ് പരാജയപ്പെടുത്തിയത്.
പാലക്കാട് നഗരസഭയിൽ സ്വതന്ത്രനെയും എൽഡിഎഫിനേയും കൂട്ടുപിടിച്ച് അധികാരത്തിൽ വരണമോ എന്ന കാര്യം സംസ്ഥാനതലത്തിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് ഡിസിസി പ്രസിഡൻ്റ് എ. തങ്കപ്പൻ പറഞ്ഞു. ജില്ലാ പഞ്ചായത്തിൽ ഉൾപ്പെടെ വലിയ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞെന്നും എ. തങ്കപ്പർ മീഡിയവണിനോട് പറഞ്ഞു. അതേസമയം, ബിജെപിയെ പിന്തുണയ്ക്കില്ലെന്നും മതേതര പാർട്ടികളെ പിന്തുണയ്ക്കുമെന്നും എച്ച്. റഷീദ് മീഡിയവണിനോട് പറഞ്ഞു.