കുര്‍ബാന തര്‍ക്കം; എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസലിക്കയിൽ പ്രതിഷേധം തുടരുന്നു

ജനാഭിമുഖ കുർബാന തടസ്സപ്പെടുത്താനുള്ള ഏകീകൃത കുർബാനയെ അനുകൂലിക്കുന്നവരുടെ ശ്രമം പൊലീസ് ഇടപെടലിലൂടെയാണ് മറികടന്നത്

Update: 2022-12-24 02:32 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: കുർബാന തർക്കം നിലനിൽക്കുന്ന എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസലിക്കയിൽ ഇരു വിഭാഗം വിശ്വാസികളുടെയും പ്രതിഷേധം തുടരുന്നു. ഇന്നലെ വൈകിട്ട് ആരംഭിച്ച പ്രതിഷേധം രാത്രി വൈകിയും തുടർന്നു. ജനാഭിമുഖ കുർബാന തടസ്സപ്പെടുത്താനുള്ള ഏകീകൃത കുർബാനയെ അനുകൂലിക്കുന്നവരുടെ ശ്രമം പൊലീസ് ഇടപെടലിലൂടെയാണ് മറികടന്നത്. ഇന്ന് ക്രിസ്മസ് കുർബാനക്കിടെ സംഘർഷ സാധ്യതയുള്ളതിനാൽ പൊലീസിന്‍റെ കനത്ത സുരക്ഷ വലയത്തിലാണ് പള്ളി.

ഇന്നലെ വൈകിട്ട് പള്ളിയുടെ അഡ്മിനിസ്ട്രേറ്ററായ ആന്‍റണി പൂതവേലിൽ ഏകീകൃത കുർബാന അർപ്പിച്ചതോടെ തുടങ്ങിയ പ്രതിഷേധത്തിനാണ് മണിക്കൂറുകൾ പിന്നിട്ടിട്ടും അയവില്ലാതെ തുടരുന്നത്. വൈദികർ ജനാഭിമുഖ കുർബാന അർപ്പിക്കുന്നതിനിടയിൽ ആന്‍റണി പൂതവേലിൽ എത്തി അൾത്താരയെ അഭിമുഖീകരിച്ച് ഏകീകൃത കുർബാന ചൊല്ലുകയായിരുന്നു. ഇതോടെ ശക്തമായ പ്രതിഷേധവുമായി വിമത വിഭാഗം എത്തി. ഏകീകൃത കുർബാനയെ അനുകൂലിക്കുന്നവർ കൂടി എത്തിയതോടെ തർക്കം പലപ്പോഴും സംഘർഷാവസ്ഥയിലേക്ക് നീങ്ങി. ജനാഭിമുഖ കുർബാനയെ തടസ്സപ്പെടുത്താനുള്ള ശ്രമങ്ങളും ഏകീകൃത കുർബാനയെ അനുകൂലിക്കുന്നവരുടെ ഭാഗത്തുനിന്നും ഉണ്ടായി. സ്ത്രീകൾ ഉൾപ്പെടെ അൾത്താരയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു.

ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് ഇന്ന് പള്ളി അരമനയിലേക്ക് എത്തുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ക്രിസ്മസ് കുർബാന അർപ്പിക്കുമോ എന്നതിൽ വ്യക്തതയില്ല. ആൻഡ്രൂസ് താഴത്ത് എത്തിയാൽ വീണ്ടും സംഘർഷാവസ്ഥയിലേക്ക് നീങ്ങാനും സാധ്യതയുണ്ട്. അതിനാൽ കനത്ത സുരക്ഷയാണ് പൊലീസ് പള്ളിയിൽ ഒരുക്കിയിരിക്കുന്നത്. ആൻഡ്രൂസ് താഴത്തിനും ആന്‍റണി പൂതവേലിലിനും സംരക്ഷണം നൽകണമെന്ന ഹൈക്കോടതി നിർദേശത്തിൽ സംയമനത്തോടെയാണ് പൊലീസ് നീക്കം.

Full View
Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News