എം.ആര്‍ അജിത് കുമാറിനെ ഒഴിവാക്കി; ഡിജിപി സ്ഥാനത്തേക്കുള്ള പട്ടികയിൽ മൂന്ന് പേര്‍

നിതിൻ അഗർവാൾ, റവാട ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരാണ് യുപിഎസ് സി തയ്യാറാക്കിയ പട്ടികയിലുള്ളത്

Update: 2025-06-26 09:24 GMT
Editor : Jaisy Thomas | By : Web Desk

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കുള്ള മൂന്ന് പേരുടെ പട്ടികയായി. നിതിൻ അഗർവാൾ, റവാട ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരാണ് യുപിഎസ് സി തയ്യാറാക്കിയ പട്ടികയിലുള്ളത്. ഇവരിൽനിന്ന് ഒരാളെ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവിയായി തെരഞ്ഞെടുക്കും. 

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കുള്ളവരുടെ പട്ടികയിൽ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥരെയും പരിഗണിക്കാൻ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. 30 വർഷത്തെ സർവീസും ഡിജിപി റാങ്കും ഇല്ലാത്തവരെ പരിഗണിക്കാൻ ആകില്ലെന്ന യുപിഎസ്‍സി നിലപാടിനെതിരെയായിരുന്നു ആഭ്യന്തര വകുപ്പിന്‍റെ നീക്കം.

Advertising
Advertising

സംസ്ഥാനത്തിന്‍റെ അടുത്ത പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാൻ ആറ് പേരുകളാണ് കേരളം കേന്ദ്രത്തിനു മുമ്പാകെ വച്ചത്. ഒന്നാമതായി ഡിജിപി റാങ്കിലുള്ള നിതിൻ അഗർവാൾ, റവാഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, ഇതിന് പുറമേ എഡിജിപി റാങ്കിലുള്ള സുരേഷ് രാജ് പുരോഹിത്, എം.ആർ അജിത് കുമാർ എന്നിവരാണ് പട്ടികയിലുണ്ടായിരുന്നത്. ഇതിൽ സംസ്ഥാന പൊലീസ് മേധാവി ആകാൻ പരിഗണിക്കപ്പെടുന്നവരുടെ ചുരുക്ക പട്ടികയിൽ അജിത് കുമാറിനെ കൂടി ഉൾപ്പെടുത്തണമെന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം.

അതിനിടെ ഡിജിപി റാങ്കിലുള്ള ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്തയെ ഒഴിവാക്കി അജിത് കുമാറിന്‍റെ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമം ആഭ്യന്തരവകുപ്പ് നടത്തുന്നുണ്ടെന്ന് ആക്ഷേപവും ഉയർന്നിരുന്നു. 30 വർഷത്തെ സർവീസും ഡിജിപി റാങ്കും ഇല്ലാത്തവരെ പരിഗണിക്കാനാവില്ല എന്ന് യുപിഎസ്സി നേരത്തെ നിലപാടെടുത്തിരുന്നു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News