ഡൽഹി മുഖ്യമന്ത്രിയുടെ ദീപാവലി വിരുന്നിൽ നിന്ന് ഉർദു മാധ്യമപ്രവർത്തകരെ ഒഴിവാക്കി; വിമർശനം

മാധ്യമങ്ങളുമായി സൗഹാർദ സംഭാഷണത്തിനുള്ള അവസരമായി മുഖ്യമന്ത്രി രേഖാ ഗുപ്ത വിശേഷിപ്പിച്ച ദീപാവലി പരിപാടിയിലാണ് ഒരു വിഭാ​ഗം മാധ്യമപ്രവർത്തകരോട് മാത്രം വിവേചനം കാണിച്ചത്.

Update: 2025-10-23 09:04 GMT

Photo| Special Arrangement

ന്യൂഡൽഹി: ഡൽഹി സർക്കാർ സംഘടിപ്പിച്ച മുഖ്യമന്ത്രിയുടെ ദീപാവലി വിരുന്നിൽനിന്ന് ഉർദു മാധ്യമപ്രവർത്തകരെ ഒഴിവാക്കി. ഡൽഹി അശോക ഹോട്ടലിൽ 'ദീപാവലി മംഗൾ മിലൻ' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിലേക്ക് സർക്കാരിന് കീഴിലുള്ള ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി ഡയറക്ടറേറ്റ് രാജ്യതലസ്ഥാനത്തെ അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിൽ നിന്നുള്ള മാധ്യമപ്രവർത്തകരെ ക്ഷണിച്ചിരുന്നു. എന്നാൽ ഉർദു മാധ്യമപ്രവർത്തകരെ മാത്രം മാറ്റിനിർത്തുകയായിരുന്നു. ഒക്ടോബർ 13നായിരുന്നു പരിപാടി.

സംസ്ഥാനത്തെ എല്ലാ മന്ത്രിമാരും പങ്കെടുത്ത പരിപാടിയിലേക്ക് തങ്ങൾക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് ഉർദു പത്ര- ചാനൽ മാധ്യമപ്രവർത്തകർ പറഞ്ഞു. ഡിഐപി ഡയറക്ടർ സുശീൽ സിങ് വാട്ട്‌സ്ആപ്പ് വഴിയാണ് മാധ്യമപ്രവർത്തകർക്ക് ക്ഷണക്കത്ത് അയച്ചതെങ്കിലും, ഡൽഹി സർക്കാരിനെയും ബിജെപിയേയും പതിവായി റിപ്പോർട്ട് ചെയ്യുന്നവർ ഉൾപ്പെടെ ഒരു ഉർദു മാധ്യമ പ്രവർത്തകർക്കും ക്ഷണം ലഭിച്ചില്ല.

Advertising
Advertising

മാധ്യമങ്ങളുമായി സൗഹാർദ സംഭാഷണത്തിനുള്ള അവസരമായി മുഖ്യമന്ത്രി രേഖാ ഗുപ്ത വിശേഷിപ്പിച്ച ദീപാവലി പരിപാടിയിലാണ് ഒരു വിഭാ​ഗം മാധ്യമപ്രവർത്തകരോട് മാത്രം വിവേചനം കാണിച്ചത്. 1993ൽ ഡൽഹിയിലെ ആദ്യ ബിജെപി സർക്കാരിന്റെ കാലത്ത് ഇത്തരമൊരു വിവേചനം നേരിട്ടിട്ടില്ലെന്നും എന്നാൽ ഇന്ന് ആ സ്ഥിതി മാറിയെന്നും ഉർദു പത്രമായ ഹമാരാ സ്വരാജ് എഡിറ്റർ സാദിഖ് ഷെർവാനി പറഞ്ഞു.

ഉറുദു മുസ്‌ലിംകളുടെ മാത്രം ഭാഷയല്ലെങ്കിലും അങ്ങനൊരു ധാരണ ഉയർത്തിക്കാട്ടുകയാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒഴിവാക്കലിന് പിന്നിൽ എന്തെങ്കിലും പിഴവോ അശ്രദ്ധയോ ആവാനുള്ള സാധ്യതയും ഷെർവാനി തള്ളി. വിവേചനത്തെ കുറിച്ച് ആരായാൻ പബ്ലിക് റിലേഷൻസ് ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റിയെ നേരിൽ കാണാനൊരുങ്ങുകയാണ് മാധ്യമപ്രവർത്തകർ.

സംഭവത്തിൽ ബിജെപിക്കെതിരെ വിമർശനവുമായി ആം ആദ്മി പാർട്ടി നേതാവ് ഇമ്രാൻ ഹുസൈൻ രം​ഗത്തെത്തി. ബിജെപി വർ​ഗീയ രാഷ്ട്രീയത്തിലൂന്നിയാണ് പ്രവർത്തിക്കുന്നതെന്നും ഉർദു മാധ്യമപ്രവർത്തകരോടുള്ള ചിറ്റമ്മ നയം അം​ഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News