വന്ദേ ഭാരതിന് ചെങ്ങന്നൂരിലും കായംകുളത്തും സ്റ്റോപ്പ് അനവദിക്കണമെന്ന് ആവശ്യം; ചെങ്ങന്നൂരിൽ ഉടൻ സ്റ്റോപ് അനുവദിക്കുമെന്ന് ബി.ജെ.പി
ശബരിമല ഭക്തരെ പരിഗണിച്ച് ചെങ്ങന്നൂരിലും ജംഗ്ഷൻ സ്റ്റേഷൻ പരിഗണന നൽകി കായംകുളത്തും സ്റ്റോപ്പ് വേണമെന്നാണ് ആവശ്യം
ആലപ്പുഴ: ജില്ലയിൽ വന്ദേ ഭാരത് എക്സ്പ്രസിന്‍റെ സ്റ്റോപ്പുകൾക്കായുള്ള ആവശ്യം ശക്തമാകുന്നു. ശബരിമല ഭക്തരെ പരിഗണിച്ച് ചെങ്ങന്നൂരിലും ജംഗ്ഷൻ സ്റ്റേഷൻ പരിഗണന നൽകി കായംകുളത്തും സ്റ്റോപ്പ് വേണമെന്നാണ് ആവശ്യം. എന്നാൽ ചെങ്ങന്നൂരിൽ ഉടൻ സ്റ്റോപ് അനുവദിക്കുമെന്നാണ് ബി.ജെ.പി നേതാക്കളുടെ അവകാശവാദം.
കോട്ടയം വഴിയും ആലപ്പുഴ വഴിയും പോകുന്ന വന്ദേ ഭാരത് ആലപ്പുഴ ജില്ലയിയെ രണ്ട് വഴികളിലെ ട്രാക്കിലൂടെയും പോകുന്നുണ്ട്. ഇതിൽ കോട്ടയം വഴി ആദ്യ സഞ്ചാരം തുടങ്ങിയ വന്ദേ ഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് വേണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ ജില്ലയിൽ തന്നെ വന്ദേഭാരതിന് സ്റ്റോപ്പ് ഇല്ല . ആലപ്പുഴയിൽ സ്റ്റോപ്പോടുകൂടി രണ്ടാം വന്ദേ ഭാരത് ഓടിയതോടെ ചെങ്ങന്നുരിൽ സ്റ്റോപ്പെന്ന ആവശ്യം കൂടുതൽ ശക്തമായിരിക്കുകയാണ്. മന്ത്രി സജി ചെറിയാൻ കേന്ദ്ര റെയിൽ മന്ത്രിക്ക് കത്തയച്ച് വിഷയം വീണ്ടും ഉന്നയിച്ചിട്ടുണ്ട്.
അതേ സമയം ചെങ്ങന്നൂരിലെ സ്റ്റോപ്പ് അനുവദിച്ച് ഉടൻ ഉത്തരവിറങ്ങുമെന്നാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍റെ നിലപാട്. രണ്ട് വന്ദേ ഭാരതും കടന്നു പോകുന്ന കായംകുളം ജംഗ്ഷൻ സ്റ്റേഷനിൽ സ്റ്റോപ്പ് വേണമെന്ന ആവശ്യവും ശക്തമാണ്. എം.പി മാരായ എ.എം. ആരിഫും കെ.സി.വേണുഗോപാലും ഈ ആവശ്യമുന്നയിച്ച് കേന്ദ്ര റെയിൽ മന്ത്രി അശ്വനി വൈഷ്ണവിനെ സമീപിച്ചു. ലോക്സസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ വന്ദേ ഭാരതിന്‍റെ സ്റ്റോപ്പിനെ ചൊല്ലിയുള്ള വാദങ്ങളും പ്രതിവാദങ്ങളും ഏറുകയാണ്.