പിഎം ശ്രീ വിവാദം: 'ശിവന്‍കുട്ടിയുടേത് പദ്ധതിയിൽ ഒപ്പുവെക്കാനുള്ള കയ്യാളിന്റെ ചുമതല മാത്രം, ഇടനിലക്കാരിലൂടെ പാലം പണിതത് പിണറായി വിജയന്‍': വി.ഡി സതീശൻ

ജോൺ ബ്രിട്ടാസിന്‍റെ പങ്കിനെ കുറിച്ചുള്ള കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തൽ സിപിഎം- ബിജെപി ബന്ധത്തിലേക്ക് വെളിച്ചം വീശുന്നുവെന്നും സതീശൻ ചൂണ്ടിക്കാട്ടി

Update: 2025-12-05 05:28 GMT

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ഇടനിലക്കാരെ ഉപയോഗിച്ച് പാലം പണിതത് പിണറായി വിജയനെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. പദ്ധതിയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് ജോണ്‍ ബ്രിട്ടാസാണെന്ന കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തല്‍ ബിജെപിയും സിപിഎമ്മും തമ്മിലുള്ള ബന്ധത്തിലേക്കാണ് വെളിച്ചം വീശുന്നത്. വേറെയും ഇടനിലക്കാരുണ്ടെന്നും ജനം എല്ലാം തിരിച്ചറിയുന്നുണ്ടെന്നും സതീശന്‍ പ്രതികരിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

'പിഎം ശ്രീ പദ്ധതിയില്‍ ഒപ്പു വെക്കേണ്ട കയ്യാളിന്റെ ജോലിയെ ശിവന്‍കുട്ടിക്ക് ഉണ്ടായിരുന്നുള്ളൂ. ഇടനിലക്കാരെ ഉപയോഗിച്ച് പാലം പണിതത് പിണറായി വിജയനാണ്. ബ്രിട്ടാസ് മാത്രമല്ല, വേറെയും ഒരുപാട് ഇടനിലക്കാരുണ്ട്. തൃശൂരില്‍ സുരേഷ്‌ഗോപിയെ ജയിപ്പിക്കുന്നതിനായി ചര്‍ച്ച നടത്തിയ ഹൊസബാലെയും മറ്റൊരു ഇടനിലക്കാരാണ്.'

Advertising
Advertising

നല്ല കാര്യങ്ങള്‍ക്കായല്ല പാലം പണിഞ്ഞ് അതിലൂടെ സഞ്ചരിക്കുന്നതെന്നും ജനം എല്ലാം തിരിച്ചറിയുന്നുണ്ടെന്നും സതീശന്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഒരു പൊലീസുകാരന്‍ വിചാരിച്ചാല്‍ അയാളെ അറസ്റ്റ് ചെയ്യാനാകുമായിരുന്നെന്നും ശബരിമല സ്വര്‍ണക്കൊള്ള മറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അറസ്റ്റ് വൈകിപ്പിക്കുന്നതെന്നുമായിരുന്നു സതീശന്റെ പ്രതികരണം.

'രാഹുലിനെതിരെ ഞങ്ങളെടുത്ത നടപടി സ്ത്രീവിഷയങ്ങളിലെ കേസുകളില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. പീഡനക്കേസില്‍ പ്രതിയായ മുകേഷ് നിലവില്‍ എല്‍ഡിഎഫിന്റെ പാര്‍ലമെന്ററി അംഗമാണ്. അതില്‍ നിന്ന് അയാളെ ഇതുവരെയും പുറത്താക്കിയിട്ടില്ല.' രാഹുലിനെതിരെ ഞങ്ങളെടുത്ത നടപടിയില്‍ അഭിമാനമുണ്ടെന്നും കോണ്‍ഗ്രസാണ് മാതൃകാപരമായ പാര്‍ട്ടിയെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News