'സര്‍ക്കാരിനെതിരെ പ്രതിപക്ഷമുന്നയിച്ച കുറ്റപത്രം ജനങ്ങള്‍ അംഗീകരിച്ചു, വിജയത്തിന് പിന്നില്‍ ടീം യുഡിഎഫ്': വി.ഡി സതീശന്‍

പാർലമെന്‍റിൽ ബിജെപി എന്തെങ്കിലും നേട്ടം കൊയ്തിട്ടുണ്ടെങ്കിൽ കാരണക്കാർ സിപിഎമ്മാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു

Update: 2025-12-13 09:29 GMT

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങള്‍ സ്വീകരിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിജയത്തിന് പിന്നില്‍ ടീം യുഡിഎഫ്. ഈ തദ്ദേശ തെരഞ്ഞെടുപ്പിലെ അജണ്ട നിശ്ചയിച്ചതും യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനം. ഉജ്ജ്വല വിജയം സാധ്യമാക്കിയ എല്ലാ വിഭാഗം ജനങ്ങള്‍ക്കും നന്ദിയെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നണിയുടെ മികച്ച പ്രകടനത്തിന് പിന്നാലെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

'യുഡിഎഫിലെ എല്ലാ കക്ഷികളും ഒറ്റകക്ഷികളായാണ് തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചത്. സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രങ്ങള്‍ ജനങ്ങള്‍ അംഗീകരിച്ചു. ജനം വെറുക്കുന്ന സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറി. അവര്‍ കാണിച്ച വര്‍ഗീയത തോല്‍വിക്ക് കാരണമായി.' സതീശന്‍ പറഞ്ഞു.

Advertising
Advertising

'പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ന്യൂനപക്ഷ വര്‍ഗീയതയും ശേഷം ഭൂരിപക്ഷ വര്‍ഗീയതയുമാണ് അവര്‍ സ്വീകരിച്ചത്. തെരഞ്ഞെടുപ്പില്‍ ബിജെപി എന്തെങ്കിലും നേട്ടം കൊയ്തിട്ടുണ്ടെങ്കില്‍ കാരണക്കാര്‍ സിപിഎമ്മിന്റെ പ്രീണനനീക്കമാണ്.'

'ജനവിധിയെ സിപിഎം വളരെ മോശമായിട്ടാണ് ആക്ഷേപിച്ചിരിക്കുന്നത്. ഭംഗിയായി ശാപ്പാട് കഴിച്ച് ഞങ്ങള്‍ക്കിട്ട് തിരിഞ്ഞുകൊത്തിയെന്നാണ് എം. എം മണി പറഞ്ഞത്. ജനങ്ങളെ പൂര്‍ണമായും അധിക്ഷേപിക്കുകയാണ് ഇവര്‍. സാമ്പത്തികമായി കേരളത്തിന്റെ ഗജനാവിനെ ഊറ്റിയെടുത്ത സര്‍ക്കാരാണ്. ഇവരുടെ ആരുടെയും വീട്ടില്‍ നിന്ന് കൊടുത്ത ഔദാര്യമായിരുന്നില്ലല്ലോ ഒന്നും. ക്ഷേമപരിപാടികൾ ആദ്യമായി കൊണ്ടുവന്ന സർക്കാരല്ല ഇടതുപക്ഷ സർക്കാർ. ക്ഷേമപദ്ധതികളെ അട്ടിമറിച്ച സർക്കാരാണ് ഇവർ. എന്നിട്ടും അവർക്കെങ്ങനെ ജനഹിതത്തെ നിസ്സാരമായി അപമാനിക്കാൻ കഴിയും. ഇത് എം.എം മണിയുടെ മാത്രം അഭിപ്രായമല്ല. മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളുടെ ഉള്ളിലിരിപ്പും ഇത് തന്നെയാണ്. ' സതീശൻ വ്യക്തമാക്കി.

'ജനകീയ പ്രശ്നങ്ങളിൽ ടീം യുഡിഎഫ് ജനങ്ങളോടൊപ്പം തന്നെയുണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പെന്ന മഹാ പോരാട്ടത്തിലേക്ക് കാലെടുത്ത് വെക്കുമ്പോൾ ജനങ്ങൾ നൽകിയ ഈ പിന്തുണ ഞങ്ങളുടെ ഉള്ളിലുണ്ടാകും. അടുത്ത തെരഞ്ഞെടുപ്പിൽ ജയിക്കാനുള്ള ശക്തിയാണ് ജനങ്ങൾ ഞങ്ങൾക്ക് പകർന്നുതന്നത്.'

ഇത്രയും വലിയ വിജയം സമ്മാനിച്ച ജനങ്ങളോട് കൂടുതല്‍ വിനയാന്വിതരായി പെരുമാറുകയെന്നതാണ് ഇനിയുള്ള ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News