പിഎസ്‌സി ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളവും അലവൻസും കുത്തനെ കൂട്ടിയത് അംഗീകരിക്കാനാവില്ല: വി.ഡി സതീശൻ

തുച്ഛമായ വേതനം വാങ്ങുന്ന ആശാ വർക്കർമാരുടെ സമരം കണ്ടില്ലെന്ന് നടിക്കുന്ന സർക്കാരാണ് ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നവരുടെ ശമ്പളവും ആനുകൂല്യങ്ങളും വീണ്ടും വർധിപ്പിച്ചതെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

Update: 2025-02-19 13:13 GMT

തിരുവനന്തപുരം: വികസന- ക്ഷേമ പ്രവർത്തനങ്ങൾക്ക് പണമില്ലാതെ നട്ടംതിരിയുന്നതിനിടെ കേരള പബ്ലിക് സർവീസ് കമ്മിഷൻ ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളവും അലവൻസുകളും അനിയന്ത്രിതമായി വർധിപ്പിക്കാനുള്ള തീരുമാനം അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ഇത് ജനങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയാണ്. മൂന്നു മാസമായി മുടങ്ങിക്കിടക്കുന്ന തുച്ഛ വേതനത്തിനും, വേതന വർധനവിനും വേണ്ടി സെക്രട്ടേറിയറ്റിന് മുന്നിൽ ആശാ വർക്കർമാരായി ജോലി ചെയ്യുന്ന സ്ത്രീകൾ 10 ദിവസമായി നടത്തുന്ന സമരം കണ്ടില്ലെന്നു നടിക്കുന്ന അതേ സർക്കാരാണ് ലക്ഷങ്ങൾ മാസശമ്പളം വാങ്ങുന്നവരുടെ ശമ്പളം വീണ്ടും വർധിപ്പിച്ചു നൽകിയിരിക്കുന്നത്.

Advertising
Advertising

ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭിക്കാതെ കെഎസ്ആർടിസിയിലെ ജീവനക്കാരും വിരമിച്ചവരും നട്ടംതിരിയുന്നതും ഇതേ കേരളത്തിലാണെന്നത് മറക്കരുത്. വയോധികരും വിധവകളും ഭിന്നശേഷിക്കാരും ഉൾപ്പെടെയുള്ളവർക്ക് മാസങ്ങളോളം പെൻഷൻ നൽകാതിരുന്നു. ഇപ്പോഴും മൂന്നു മാസത്തെ കുടിശ്ശികയുണ്ട്. ജീവനക്കാർക്കും പെൻഷൻകാർക്കുമായി ഒരു ലക്ഷം കോടി രൂപയുടെ കുടിശ്ശികയാണ് നിലവിലുള്ളത്. ഖജനാവിൽ പണമില്ലാത്തതിൽ പ്രത്യേക പരിഗണന നൽകേണ്ട വിഭാഗങ്ങളുടെ പദ്ധതിവിഹിതം പോലും ചരിത്രത്തിൽ ആദ്യമായി വെട്ടിക്കുറച്ച സർക്കാരാണ് രാഷ്ട്രീയ നിയമനത്തിലൂടെ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്നവർക്ക് വീണ്ടും ലക്ഷങ്ങൾ കൂട്ടിക്കൊടുത്തത്.

സർക്കാർ നടത്തിയ അഴിമതിയും ധൂർത്തും പിൻവാതിൽ നിയമനങ്ങളുമാണ് സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് കാരണം. എന്നിട്ടും അതിന്റെ പാപഭാരം മുഴുവനായി നികുതിയും സെസും നിരക്ക് വർധനകളുമായി സാധാരണക്കാരുടെ ചുമലിലേക്ക് അടിച്ചേൽപ്പിക്കുകയാണ്. അർഹമായ തസ്തികകൾ അനുവദിക്കാതെയും ആനുകൂല്യങ്ങൾ പിടിച്ചുവച്ചും പിഎസ്‌സിയിലെ സാധാരണ ജീവനക്കാരെ ദ്രോഹിക്കുന്ന അതേ സർക്കാരാണ് ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളവും അലവൻസും കുത്തനെ കൂട്ടിയത്. സർക്കാരിന്റെ മുൻഗണനാക്രമം എന്താണെന്ന് ഈ ഒരൊറ്റ മന്ത്രിസഭാ തീരുമാനത്തിലൂടെ വ്യക്തമാണെന്നും സതീശൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News