വാഹനാപകടം; മലയാളി ഫിസിയോതെറാപ്പിസ്റ്റിന് മംഗളൂരുവിൽ ദാരുണാന്ത്യം

മലപ്പുറം അരീക്കോട് മുഹമ്മദ് അമലാണ് (29) മരിച്ചത്

Update: 2025-06-17 14:40 GMT

മംഗളൂരു: മംഗളൂരു നഗരത്തിൽ നന്തൂർ തരേറ്റോട്ടക്ക് സമീപം തിങ്കളാഴ്ച രാത്രി 11.45ഓടെയുണ്ടായ റോഡപകടത്തിൽ സ്വകാര്യ ആശുപത്രിയിലെ യുവ ഫിസിയോതെറാപ്പിസ്റ്റിന് ദാരുണാന്ത്യം. മലപ്പുറം അരീക്കോട് നോർത്ത് കൊഴക്കോട്ടൂരിലെ വിമുക്ത ഭടൻ എം.പി കബീർ-സക്കീന ചീമാടൻ ദമ്പതികളുടെ മകൻ ഡോ. മുഹമ്മദ് അമലാണ് (29) മരിച്ചത്.

കനത്ത മഴയിൽ കാർ തെന്നിമാറി ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. അടുത്തിടെയാണ് അമൽ ഫിസിയോതെറാപ്പി ബിരുദം പൂർത്തിയാക്കി ദേർളക്കട്ടെയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചത്. കാനച്ചൂർ മെഡിക്കൽ കോളജിലെ തന്റെ സുഹൃത്തിനൊപ്പം നന്തൂരിൽ നിന്ന് പമ്പുവെല്ലിലേക്ക് വരുകയായിരുന്ന വാഹനം ഡിവൈഡറിൽ ഇടിക്കുകയും പലതവണ മറിഞ്ഞ് റോഡിലേക്ക് തിരികെ ഇറങ്ങുകയും ചെയ്തു.

Advertising
Advertising

ഗുരുതരമായി പരിക്കേറ്റ അമൽ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായി പൊലീസ് അറിയിച്ചു. അപകടസമയത്ത് നിരവധി വാഹനങ്ങൾ അമിത വേഗതയിൽ കടന്നുപോകുന്നുണ്ടായിരുന്നു. അപകടത്തെ തുടർന്ന് പെട്ടന്നുണ്ടായ ഗതാഗത കുരുക്കിൽ ബ്രേക്ക് ചെയ്യാൻ ശ്രമിച്ച ഭാരം കയറ്റിയ ലോറി നിയന്ത്രണം വിട്ട് റോഡിലേക്ക് മറിഞ്ഞതിനാൽ ഏറെ നേരം നന്തൂർ - പമ്പ്‌വെൽ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

അമലിന്റെ കൂടെ സഞ്ചരിച്ചിരുന്ന സുഹൃത്തിനെ കൂടുതൽ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കദ്രി ട്രാഫിക് പൊലീസ് അപകടത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News