'വെള്ളാപ്പള്ളി കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഒരുപാട് സഹായിച്ച വ്യക്തി'- പിന്തുണച്ച് ജി.സുധാകരൻ

"50 വർഷമായി വെള്ളാപ്പള്ളിയെ അറിയാം, അഭിപ്രായങ്ങൾ തുറന്നു പറയുന്ന ആളാണദ്ദേഹം"

Update: 2024-06-29 11:19 GMT

ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഒരുപാട് സഹായിച്ച വ്യക്തിയാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളപ്പള്ളി നടേശനെന്ന് സിപിഎം നേതാവ് ജി.സുധാകരൻ. അഭിപ്രായം തുറന്നു പറയുന്ന ആളാണദ്ദേഹമെന്നും പ്രശ്‌നമുണ്ടെങ്കിൽ സംസാരിച്ച് പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

"അമ്പത് വർഷമായി വെള്ളാപ്പള്ളിയെ എനിക്ക് നേരിട്ടറിയാം. അഭിപ്രായങ്ങൾ തുറന്നു പറയുന്ന ആളാണദ്ദേഹം. ആരോടും, ഒന്നും അദ്ദേഹത്തിന് ചോദിക്കേണ്ട ആവശ്യമില്ല. സിപിഎമ്മിനും കമ്മ്യൂണിസ്റ്റ് പാർട്ടിക്കുമൊക്കെ ബുദ്ധിമുട്ടുണ്ടാകുന്ന കാര്യങ്ങൾ അദ്ദേഹം പറയാറുണ്ട്. അദ്ദേഹം ഏറ്റവും കൂടുതൽ വിമർശിക്കുന്നത് കോൺഗ്രസ് പാർട്ടിയെ ആണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയെടുത്ത നിലപാടുകളിലെ ശുദ്ധതയെപ്പറ്റി അദ്ദേഹത്തിന് സംശയമുണ്ടെങ്കിൽ അദ്ദേഹത്തോട് സംസാരിച്ച് തീർക്കാവുന്നതേ ഉള്ളൂ"- സുധാകരൻ പറഞ്ഞു.

Advertising
Advertising

സിപിഎമ്മിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ കഴിഞ്ഞ ദിവസം പി ചിത്തരഞ്ജനും എച്ച്.സലാമും ഉൾപ്പടെയുള്ള നേതാക്കളും വെള്ളാപ്പള്ളിയെ പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ ജി.സുധാരനും വെള്ളാപ്പള്ളിക്ക് പിന്തുണ നൽകി രംഗത്തെത്തിയിരിക്കുന്നത്. വെള്ളാപ്പള്ളിക്കെതിരെ സിപിഎം സ്വീകരിച്ച പൊതുനിലപാടിന് വിരുദ്ധമായാണിപ്പോൾ ഇദ്ദേഹത്തെ പിന്തുണച്ച് നേതാക്കളുടെ പ്രസ്താവന.

Full View

ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ തോൽവിക്ക് വെള്ളാപ്പള്ളി നടേശനെ കുറ്റപ്പെടുത്തിയതിന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ വ്യാപക വിമർശനമാണ് നേരിട്ടത്. എസ്എൻഡിപി യോഗത്തിന് കാര്യമായ സ്വാധീനമില്ലാത്ത മലബാറിൽ വോട്ട് ചോർന്നത് വെള്ളാപ്പള്ളിയുടെ നിലപാട് കാരണമാണോ എന്നായിരുന്നു ആലപ്പുഴ സെക്രട്ടറിയേറ്റിൽ എച്ച്.സലാം എംഎൽഎയുടെ ചോദ്യം. വിമർശനത്തെ പിന്തുണച്ചും വെള്ളാപ്പള്ളിയെ ന്യായീകരിച്ചും പി.ചിത്തരഞ്ജനും സംസാരിച്ചു. സിപിഎമ്മിന്റെ പൊതുനിലപാടിന് വിരുദ്ധമായ ഇതേ നിലപാട് തന്നെയാണ് ഇപ്പോൾ ജി.സുധാകരനും സ്വീകരിച്ചിരിക്കുന്നത്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News