തലയടിച്ചു വീണെന്ന് ആവര്‍ത്തിച്ച് ഷെമി; കുടുംബത്തിന്‍റെ കടബാധ്യതയെക്കുറിച്ച് അറിയില്ലെന്ന് റഹീം
പിതാവ് അബ്ദുറഹീമിനോട് മൊഴി നൽകാൻ ഇന്ന് ഹാജരാവാൻ വെഞ്ഞാറമൂട് പൊലീസ് നിർദേശം നൽകി
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിൽ അഫാന്‍റെ മാതാവ് ഷെമിയുടെ മൊഴിയെടുത്തു. തലയടിച്ചു വീണെന്നാണ് ഷെമി മൊഴിയിൽ ആവർത്തിക്കുന്നത്. പിതാവ് അബ്ദുറഹീമിനോട് മൊഴി നൽകാൻ ഇന്ന് ഹാജരാവാൻ വെഞ്ഞാറമൂട് പൊലീസ് നിർദേശം നൽകി. സാമ്പത്തിക പ്രശ്നങ്ങളിലടക്കം വ്യക്തത വരുത്താനാണ് പൊലീസ് നീക്കം. എന്നാൽ കുടുംബത്തിന്‍റെ കടബാധ്യതയെക്കുറിച്ച് അറിയില്ലെന്നും നാട്ടിലെ പ്രശ്നങ്ങളെക്കുറിച്ച് അറിയില്ലെന്നും പൊലീസ് നടത്തിയ വിവരശേഖരണത്തിൽ റഹീം പറഞ്ഞിട്ടുണ്ട്.
ഇന്നലെ നാട്ടിലെത്തിയ റഹീമിൽ നിന്ന് പോലീസ് പ്രാഥമികമായ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. കുടുംബത്തിൻ്റെ കട ബാധ്യതെയെ കുറിച്ച് അറിയില്ല. വിദേശത്തെ സാമ്പത്തിക ബുദ്ധിമുട്ട് മകനെ അറിയിച്ചിരുന്നില്ല. വിദേശത്ത് ഒളിവിൽ ആയിരുന്നതിനാൽ വീട്ടുകാരുമായി നിരന്തരം ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ഇതുകൊണ്ട് നാട്ടിൽ അടുത്തകാലത്തുണ്ടായ പ്രശ്നങ്ങളെ പറ്റി ഒന്നും അറിഞ്ഞില്ലെന്നും റഹീം പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഈ വിവരങ്ങളിൽ കൂടുതൽ വിശദാംശങ്ങൾ അറിയാനാണ് മൊഴിയെടുപ്പ്. ഉച്ചയ്ക്കുശേഷം വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ റഹീം ഹാജരാക്കണം.
ഇന്നലെ രാത്രിയാണ് ഷെമിയുടെ മൊഴിയെടുത്തത്. വെഞ്ഞാറമൂടിലെ സ്വകാര്യ മെഡിക്കൽ കോളജിലെത്തി മജിസ്ട്രേറ്റ് മൊഴി രേഖപ്പെടുത്തി. ബന്ധുക്കളോടും പൊലീസിനോടും മുൻപ് പറഞ്ഞ അതേ കാര്യം ഷെമി മജിസ്ട്രേറ്റിനോടും ആവർത്തിച്ചു. കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റതാണ്. കുടുംബത്തിൽ ഉണ്ടായ ദുരന്തത്തെ പറ്റി ഷെമി അറിഞ്ഞിട്ടില്ലാത്തതിനാൽ പൊലീസ് അന്വേഷണത്തിനായി ഈ മൊഴി പരിഗണിക്കുന്നില്ല.