'ആശുപത്രിയിൽ നിലത്ത് തുണി വിരിച്ചാണ് അറ്റാക്ക് വന്ന എന്‍റെ ഭര്‍ത്താവിനെ കിടത്തിയത്'; ചികിത്സാപ്പിഴവ് ആവര്‍ത്തിച്ച് വേണുവിന്‍റെ ഭാര്യ
സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അന്വേഷണം തുടങ്ങി
Photo| MediaOne
കൊല്ലം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ വീഴ്ച ഉണ്ടായെന്നും ഭർത്താവിനെ കൊന്നതാണെന്നുമാവർത്തിച്ച് മരിച്ച വേണുവിന്‍റെ ഭാര്യ സിന്ധു. എന്നാൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കാർഡിയോളജി വിഭാഗം മേധാവി ഡോക്ടർ മാത്യു ഐപ്പ് പറഞ്ഞു. സംഭവത്തിൽ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അന്വേഷണം തുടങ്ങി.
ഭർത്താവിന് ആഞ്ജിയോഗ്രാം നിർദേശിച്ചിരുന്നു. ബുധനാഴ്ച മാത്രമേ തിരക്ക് കുറവുള്ളുവെന്ന് ഡോക്ടർ പറഞ്ഞു. ചികിത്സയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങൾ ഡോക്ടർമാർ ഒന്നും വിശദീകരിച്ചില്ല.ആശുപത്രിയിൽ കട്ടിൽ പോലും നിഷേധിച്ചെന്നും ഡോക്ടർമാർ തിരിഞ്ഞ് നോക്കിയില്ലെന്നും വേണുവിന്‍റെ ഭാര്യ ആവർത്തിക്കുന്നു. നിലത്ത് തുണി വിരിച്ചാണ് അറ്റാക്ക് വന്ന എന്‍റെ ഭര്‍ത്താവിനെ കിടത്തിയത്. അതവരുടെ അനാസ്ഥയല്ലേ?തീരെ വയ്യെന്ന് പറഞ്ഞപ്പോൾ, ഞാൻ നോക്കുന്ന പേഷ്യന്റ് അല്ല, മരുന്ന് തരാൻ പറ്റില്ലെന്ന് ഡോക്ടർ പറഞ്ഞുവെന്നും സിന്ധു പറയുന്നു.
എന്നാൽ ഈ ആരോപണങ്ങൾ പൂർണമായും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഹൃദ്രോഗ വിഭാഗം നിഷേധിക്കുകയാണ്. രോഗി ഗുരുതരാവസ്ഥയിലാണ് എത്തിയത് എന്നാൽ അടിയന്തരമായി നൽകേണ്ട ആൻജിയോഗ്രാമോ മറ്റു ചികിത്സകളോ നൽകാൻ പറ്റുന്ന അവസ്ഥയിലായിരുന്നില്ല. ശ്വാസകോശത്തിലെ നീർക്കെട്ട് പെട്ടെന്ന് ഉണ്ടാവുകയും അതുവഴി മരണം സംഭവിക്കുകയായിരുന്നു ഒരു തരത്തിലുമുള്ള വീഴ്ച സംഭവിച്ചിട്ടില്ല. കാര്യങ്ങൾ രോഗിയുടെ ബന്ധുക്കളെ പറഞ്ഞു മനസ്സിലാക്കുന്നതിലും വീഴ്ച സംഭവിച്ചിട്ടില്ലെന്നും മെഡിക്കൽ കോളജ് ഹൃദ്രോഗ വിഭാഗം വ്യക്തമാക്കി.
പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായി ഹൃദ്രോഗ വിഭാഗം ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി. ഡിഎംഇയുടെ നേതൃത്വത്തിലും അന്വേഷണമുണ്ടാകും.അതേസമയം സംഭവത്തിൽ ആരോഗ്യവകുപ്പിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.