കൈനകരിയിൽ ഗർഭിണിയെ കൊന്ന് കായലിൽ തള്ളിയ കേസ്; ഒന്നാം പ്രതിക്ക് വധശിക്ഷ
2021 ജൂലൈ ഒൻപതിനാണ് അനിതയെ ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തിയത്
Update: 2025-11-24 06:58 GMT
ആലപ്പുഴ: കൈനകരി അനിത വധക്കേസിൽ ഒന്നാം പ്രതിക്ക് വധശിക്ഷ.നിലമ്പൂർ സ്വദേശി പ്രബീഷിനെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്.ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രബീഷ്, ഇയാളുടെ സുഹൃത്ത് കൈനകരി സ്വദേശി രജനി എന്നിവരാണ് കേസിലെ പ്രതികൾ.
2021 ജൂലൈ ഒൻപതിന് ഗർഭിണിയായ അനിതയെ കൊലപ്പെടുത്തി കായലിൽ തള്ളിയെന്നാണ് കേസ്. പുന്നപ്ര സ്വദേശിനിയായ അനിതയുടെ മൃതദേഹം 2021 ജൂലൈ പത്താം തീയതിയാണ് പൂക്കൈത ആറിൽ നിന്ന് കണ്ടെത്തിയത്. വിവാഹിതനായ പ്രബീഷ് ഒരേസമയം വിവാഹിതരായ അനിതയും രജനിയുമായി അടുപ്പത്തിലായിരുന്നു . അനിത ഗർഭണിയായതിന് പിന്നാലെയായിരുന്നു കൊലപാതകം നടന്നത്. പാലക്കാട് ആലത്തൂരിലെ ഒരു ഫാമിൽ ജോലി ചെയ്യുകയായിരുന്ന അനിതയെ ജൂലൈ ഒൻപതാം തീയതി ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തിയായിരുന്നു കൊലപാതകം നടത്തിയത്.