'സൂര്യനെക്കാൾ പത്തിരട്ടി വലിപ്പം വ്യാഴത്തിന്'; വൈശാഖൻ തമ്പിയുടെ അബദ്ധങ്ങൾ തുറന്നുകാട്ടി വീഡിയോ

2018 ജൂലൈ 17ന് എഴുതിയ ലേഖനത്തിൽ കേരളത്തിലെ ഏറ്റവും വലിയ നദി ഭാരതപ്പുഴ എന്നാണ് വൈശാഖൻ തമ്പി പറയുന്നത്

Update: 2025-12-01 06:20 GMT

കോഴിക്കോട്: ശാസ്ത്രപ്രചാരകനും യുക്തിവാദിയുമായ വൈശാഖൻ തമ്പിയുടെ അബദ്ധങ്ങൾ തുറന്നുകാട്ടി വീഡിയോ. ഹേബൽ അൻവർ എന്ന 13 കാരന് ഗ്രാൻഡ് ലഭിച്ചത് സംബന്ധിച്ച വൈശാഖൻ തമ്പിയുടെ വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ. 'സ്വന്തം അവ്യക്തത വ്യക്തമാകുന്ന ധാരാളം വാചകങ്ങൾ കുട്ടിയുടെ വായിൽ നിന്ന് വീഴുന്നുണ്ട്' എന്നാണ് വൈശാഖൻ തമ്പി പറയുന്നത്. വൈശാഖൻ തമ്പിയും അവ്യക്തതയുള്ളതും തെറ്റായതുമായ നിരവധി കാര്യങ്ങൾ പറയാറുണ്ട് എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ഹാഫിസ് അമീർ ജൗഹരി വീഡിയോ പങ്കുവെച്ചത്. വൈശാഖൻ തമ്പിയുടെ പ്രസംഗങ്ങളിൽ വന്ന അബദ്ധങ്ങളാണ് വീഡിയോയിൽ ചൂണ്ടിക്കാണിക്കുന്നത്.

Advertising
Advertising

എക്‌സ് റേ കണ്ടുപിടിച്ച വില്യം റോഞ്ചൻ രണ്ടാംലോക മഹായുദ്ധാനന്തരം പട്ടിണി കിടന്നാണ് മരിച്ചതെന്നാണ് വൈശാഖൻ തമ്പി ഒരു പ്രസംഗത്തിൽ പറയുന്നത്. 1845ൽ ജനിച്ച വില്യം റോഞ്ചൻ 1923ൽ മരിച്ചിട്ടുണ്ട്. രണ്ടാംലോക മഹായുദ്ധം നടക്കുന്നത് 1939- 1945 കാലത്താണ്. കുടലിൽ കാൻസർ വന്നാണ് റോഞ്ചൻ മരിച്ചതെന്നും അമീർ ജൗഹരി പറയുന്നു.

വ്യാഴം സൂര്യനെക്കാൾ 10 മടങ്ങ് വലിപ്പമുള്ള ഗ്രഹമാണ് എന്നാണ് മറ്റൊരു വീഡിയോയിൽ വൈശാഖൻ തമ്പി പറയുന്നത്. എന്നാൽ ഒരു ഗ്രഹവും സൂര്യനെക്കാൾ വലുതല്ല എന്നതാണ് വസ്തുത. സൂര്യന് വ്യാഴത്തെക്കാൾ ആയിരം മടങ്ങ് വലിപ്പമുണ്ട്. ഫിസിക്‌സിൽ പിഎച്ച്ഡി ബിരുദമടക്കം നേടിയ ആളാണ് ഇത്തരം പ്രാഥമിക കാര്യങ്ങളിൽ പോലും അബദ്ധങ്ങൾ വരുത്തുന്നതെന്ന് ജൗഹരി ചൂണ്ടിക്കാട്ടുന്നു.

ഫിസിക്‌സിൽ മാത്രമല്ല കണക്കിലും വൈശാഖൻ തമ്പി അബദ്ധങ്ങൾ വരുത്തുന്നുണ്ട്. 4.3 എന്നാൽ അഞ്ചിന്റെ 96 ശതമാനമാണ് എന്നാണ് അദ്ദേഹം ഒരു വീഡിയോയിൽ പറയുന്നത്. യഥാർഥത്തിൽ അഞ്ചിന്റെ 86 ശതമാനമാണ് 4.3. 2018 ജൂലൈ 17ന് എഴുതിയ ലേഖനത്തിൽ കേരളത്തിലെ ഏറ്റവും വലിയ നദി ഭാരതപ്പുഴയാണ് എന്നാണ് വൈശാഖൻ തമ്പി പറയുന്നത്. യഥാർഥത്തിൽ കേരളത്തിൽ ഏറ്റവും വലിയ നദി പെരിയാറാണ്.

സയൻസിൽ താത്പര്യമുള്ള ഒരു കുട്ടിക്ക് അന്താരാഷ്ട്ര തലത്തിൽ അംഗീകാരം ലഭിക്കുമ്പോൾ അതിനെ അഭിനന്ദിക്കുന്നതിന് പകരം യുക്തിവാദി കഴുകൻമാർക്ക് കൊത്തിവലിക്കാൻ ഇട്ടുകൊടുക്കുന്നത് ശരിയാണോയെന്ന് അമീർ ജൗഹരി ചോദിക്കുന്നു. ഒരു ചെറിയ കുട്ടി സംസാരിക്കുമ്പോൾ ചില പ്രശ്‌നങ്ങളൊക്കെ വന്നേക്കാം. സയൻസിൽ താത്പര്യമുള്ള ഒരു കുട്ടിയെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതിന് പകരം ശാസ്ത്രവാദികൾ ആ കുട്ടിയെ വേട്ടയാടുന്നതിന്റെ യുക്തി എന്താണെന്നും ജൗഹരി ചോദിച്ചു.

അതേസമയം വൈശാഖൻ തമ്പി സി.രവിചന്ദ്രൻ, ഇ.എ ജബ്ബാർ തുടങ്ങിയ യുക്തിവാദി നേതാക്കളെപ്പോലെ മുസ് ലിം വിരുദ്ധനാണെന്ന് തനിക്ക് അഭിപ്രായമില്ലെന്നും അക്കാര്യത്തിൽ അദ്ദേഹത്തോട് ബഹുമാനമുണ്ടെന്നും അമീർ ജൗഹരി വ്യക്തമാക്കി.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News