Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
കോഴിക്കോട്: മീഡിയവണില്‍ സംപ്രഷണം ചെയ്തിരുന്ന ഹാസ്യ പരമ്പരയാണ് M 80 മൂസ. മലയാളികള്‍ നെഞ്ചോടേറ്റിയ കഥാപാത്രങ്ങളായിരുന്നു പാത്തുവും മൂസാക്കയും. സുരഭിയും വിനോദ് കോവൂരുമായിരുന്നു കോമഡി പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഇപ്പോള്‍ കോഴിക്കോട് ചെലവൂരിലെ M80 മൂസയുടെ ഷൂട്ട് നടന്ന വീട് സന്ദര്‍ശിച്ച് അന്നത്തെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നടന്‍ വിനോദ് കോവൂര്‍. തനിക്കും സുരഭിക്കും നിരവധി അവസരങ്ങള്‍ നേടി തന്ന കോമഡി പരമ്പരയായിരുന്നു M80 മൂസയെന്ന് വിനോദ് പറഞ്ഞു.
മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോയില്‍ ലൊക്കേഷന്‍ ഓര്‍മകളെക്കുറിച്ചും പരിസരവാസികളെക്കുറിച്ചുമൊക്കെയാണ് വിനോദ് സംസാരിക്കുന്നത്. ഷൂട്ടിങ് നടക്കുന്ന സമയത്തുണ്ടായ ചില രസകരമായ നിമിഷങ്ങളെക്കുറിച്ചും വിനോദ് വിഡിയോയില്‍ സംസാരിക്കുന്നുണ്ട്.
ഷൂട്ടിങ്ങിനിടെ തന്നെ കാണാന്‍ എത്തുന്ന കുഞ്ഞാറ്റ എന്ന പെണ്‍കുട്ടിയേയും വിഡിയോയിലൂടെ വിനോദ് പരിചയപ്പെടുത്തി. ആറാം ക്ലാസുകാരിയായ കുഞ്ഞാറ്റ ഷൂട്ടിങ് നടക്കുന്ന സമയത്ത് വളരെ ചെറിയ കുഞ്ഞായിരുന്നുവെന്നും തന്നെ കാണാന്‍ ഷൂട്ടിങ് നടക്കുന്ന വീട്ടിലേക്ക് എത്താറുണ്ടായിരുന്നുവെന്നും വിനോദ് പറഞ്ഞു.
''മൂസാക്കായെ കാണാന്‍ വേണ്ടി ഷൂട്ടിങ് നടക്കുന്ന വീട്ടിലേക്ക് കുഞ്ഞാറ്റ എത്തുമായിരുന്നു. ഇന്ന് കോഴിക്കോട് വരുമ്പോഴൊക്കെ വീടും കുഞ്ഞാറ്റയേയും കാണാന്‍ ശ്രമിക്കാറുണ്ട്. 'M80 മൂസയില്‍ എന്നെ പൊലീസ് പിടിച്ചുകൊണ്ടുപോകുന്ന സീനില്‍ കുഞ്ഞാറ്റ കരഞ്ഞു. മൂസക്കാനെ പൊലീസ് കൊണ്ടുപോകുന്നു എന്നും പറഞ്ഞ് ശരിക്കും കുഞ്ഞാറ്റ കരഞ്ഞു. അങ്ങനെ ഒരുപാട് ഓര്‍മകളുള്ള വീടാണ്. ഇടക്കിടക്ക് കുഞ്ഞാറ്റയേയും വീടും കാണാന്‍ കോഴിക്കോട് എത്താറുണ്ട്. അത്രമാത്രം ഓര്‍മകള്‍ ഈ വീടിനെ ചുറ്റിപറ്റിയുണ്ട്,'' വിനോദ് പറഞ്ഞു.