'അത് വലിയ കാര്യമായി എടുക്കേണ്ട'; പൊലീസിനെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ടയാളെ സ്ഥാനാർഥിയാക്കിയതിൽ വി.കെ സനോജ്

പയ്യന്നൂർ നഗരസഭ 46-ാം വാർഡിലാണ് നിഷാദ് മത്സരിക്കുന്നത്

Update: 2025-11-28 07:54 GMT

കണ്ണൂർ: പൊലീസിനെ ബോംബെറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട വി.കെ നിഷാദിനെ സ്ഥാനാർഥിയാക്കിയതിനെ ന്യായീകരിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. രാഷ്ട്രീയ പ്രവർത്തകരാകുമ്പോൾ പല കേസുകളും ഉണ്ടാകും. അതിനെ വലിയ കാര്യമായി എടുക്കേണ്ടതില്ല. വി.കെ നിഷാദ് വലിയ ഭൂരിപക്ഷത്തിൽ ജയിക്കും. പൊലീസിനെതിരെ ബോംബെറിഞ്ഞത് ഇവരാണ് എന്ന് ആരെങ്കിലും പറഞ്ഞോ? കോടതിയുടേത് അന്തിമവിധി അല്ല. ഇനിയും കോടതികൾ ഉണ്ട്. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ പ്രതിസന്ധിയില്ല. നിയമപരമായി നേരിടുമെന്നും സനോജ് പറഞ്ഞു.

പയ്യന്നൂർ നഗരസഭ 46-ാം വാർഡിലാണ് നിഷാദ് മത്സരിക്കുന്നത്. 20 വർഷം തടവിനാണ് നിഷാദ് ശിക്ഷിച്ചത്. കൊലപാതകം, കൊലപാതകശ്രമം തുടങ്ങിയ കേസുകളിൽ പ്രതിയാണ് നിഷാദ്. ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിഷാദിനായി ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് വോട്ട് അഭ്യർഥിക്കുന്നത്.

2012 ആഗസ്റ്റ് ഒന്നിന് പയ്യന്നൂർ പൊലീസ് സഞ്ചരിച്ച ജീപ്പിന് നേരെ ബോംബെറിഞ്ഞ കേസിലാണ് ഡിവൈഎഫ്‌ഐ ജില്ലാ ജോയിന്റ് സെക്രട്ടറി കൂടിയായ വി.കെ നിഷാദ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് അന്നൂർ ടി.സി.വി നന്ദകുമാർ എന്നിവരെ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 20 വർഷം തടവും 2.5 ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ശിക്ഷ ഒരുമിച്ച് 10 വർഷം അനുഭവിച്ചാൽ മതി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News