Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
തൃശൂര്‍: തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസ് ഇല്ല. ടി.എന്‍ പ്രതാപന്റെ പരാതിയില്‍ അന്വേഷണം അവസാനിപ്പിച്ചു.
കേസെടുക്കാനുള്ള തെളിവുകളോ രേഖകളോ ഇല്ലെന്ന് പോലീസ്. തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട രേഖകള്‍ പൂര്‍ണമായും കിട്ടിയില്ല. പരാതിക്കാരന് കോടതിയെ സമീപിക്കാം എന്നും പോലീസ്. നിലവില്‍ ലഭ്യമായ രേഖകള്‍ വച്ച് കേസെടുക്കാനാവില്ലെന്ന് പൊലീസ് പറഞ്ഞു.
ഓഗസ്റ്റ് 12നാണ് സുരേഷ് ഗോപിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ എം.പി ടി.എന്‍ പ്രതാപന്‍ പരാതി നല്‍കിയത്. വ്യാപകമായി കള്ളവോട്ട് ചേര്‍ത്തു, സുരേഷ് ഗോപി തിരുവനന്തപുരത്ത് സ്ഥിരതാമസക്കാരാനാണെന്നും തൃശൂരില്‍ വോട്ട് ചെയ്യാന്‍ സ്ഥിരതാമസക്കാരാനാണെന്ന് തെറ്റായ സത്യവാങ്മൂലം നല്‍കിയാണ് വോട്ട് ചെയ്തത് തുടങ്ങിയ ഗുരുതര ആരോപണങ്ങളായിരുന്നു ടി.എന്‍ പ്രതാപന്‍ ഉയര്‍ത്തിയത്. ഇത് സംബന്ധിച്ചുള്ള തെളിവുകളും അദ്ദേഹം സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ ടി.എന്‍ പ്രതാപന്‍ ഉയര്‍ത്തിയ പരാതികളെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിധിയില്‍ വരുന്നതാണെന്നും അതിനാല്‍ മതിയായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നുമാണ് പൊലീസിന്റെ വിശദീകരണം. നിയമോപദേശം തേടിയാണ് സുരേഷ് ഗോപിക്കെതിരെ കേസ് കൊടുത്തതെന്നും കോടതിയെ സമീപിക്കുമെന്ന് ടി.എൻ പ്രതാപന്‍ പറഞ്ഞു.