പാർട്ടിയുടെ വേലിക്കകത്ത് തളയ്ക്കപ്പെട്ട രണ്ടക്ഷരമല്ല വി.എസ്

മരങ്ങൾക്കെന്നപോലെ മനുഷ്യർക്കും ഇലപൊഴിയുന്ന ഒരു കാലമുണ്ട്. എന്നാൽ പാർശ്വവത്കരിക്കപ്പെടുന്ന മനുഷ്യരുടെ വികാര വിചാരങ്ങളിലെന്നും ഒരു നിത്യഹരിത സാന്നിധ്യമായി വി.എസ് ഉണ്ടാകുമെന്നുറപ്പ്

Update: 2025-07-23 15:48 GMT

കണ്ണൂർ: പാർട്ടിയുടെ വേലിക്കകത്ത് തളയ്ക്കപ്പെട്ട രണ്ടക്ഷരമല്ല വി.എസ് എന്നത്. സി പി എമ്മിലെ ആശയപരമായ തകർച്ചക്കും ആദർശപരമായ ജീർണതകൾക്കുമെതിരെ വി.എസ് ഉയർത്തിയ പോരാട്ടങ്ങൾ പലപ്പോഴും അച്ചടക്കത്തിന്റെ അതിർത്തി ലംഘിച്ചു.

അങ്ങനെ പാർട്ടിയിലെ വിഭാഗീയതയുടെ ചരിത്രത്തിൽ എക്കാലവും വി എസ് കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടുകയും ചെയ്തു. സമരസപ്പെടലുകളില്ലാത്ത നിരന്തരപോരാട്ടത്തിന്റെ പേരാണ് വി എസ് അച്യുതാനന്ദൻ. അത് പാർട്ടിക്കകത്തായാലും പുറത്തായാലും.

1980 മുതൽ 92 വരെ സിപിഎം സംസ്ഥാന സെക്രട്ടറിയായിരിക്കെ പാർട്ടിയിലെ അവസാന വാക്ക്. എതിർ ശബ്ദങ്ങളെയെല്ലാം അക്കാലത്ത് വി.എസ് വെട്ടി നിരത്തി. 92 ൽ കോഴിക്കോട് സമ്മേളനത്തിൽ നാലാം വട്ടവും സെക്രട്ടറിയാകാനുളള വി എസിന്റെ നീക്കത്തിന് എതിർപക്ഷം തടയിട്ടു.അപ്രതീക്ഷിതമായി ഇ.കെ.നായനാർ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചു,ജയിച്ചു.

Advertising
Advertising

98 ലെ പാലക്കാട് സമ്മേളനം വരെ വി.എസിന്റെ വിശ്വസ്തനായിരുന്നു പിണറായി. ചടയൻഗോവിന്ദന്റെ നിര്യണത്തെ തുടർന്ന് പാർട്ടി സെക്രട്ടറിയായി പിണറായിയെ നിർദ്ദേശിക്കുന്നത് വി.എസ്സാണ്.

പതിയെ പിണറായി വി.എസുമായി അകന്നു. 2002 ലെ കണ്ണൂർ സമ്മേളനത്തോടെ വി.എസും പിണറായിയും വിരുദ്ധ ചേരികളിലേക്ക് വിഘടിച്ച് മാറി. അതോടെ വിഭാഗീയത പാരമ്യതയിലെത്തി. രണ്ട് പക്ഷങ്ങൾ രൂപം കൊണ്ടു. 2005 ൽ മലപ്പുറം സമ്മേളനത്തോടെ പിണറായി പക്ഷം പാർട്ടിയിൽ ആധിപത്യമുറപ്പിച്ചു. കോട്ടയം,തിരുവനന്തപുരം സമ്മേളനങ്ങൾ പാർട്ടിയിലെ പിണറായി പക്ഷത്തിന്റെ ആധിപത്യം ഉറപ്പിച്ചു.

വി എസ് പക്ഷത്തെ പ്രമുഖരിൽ പലരെയും മറുചേരി വെട്ടിവീഴ്ത്തി. ചിലരെയൊക്കെ മറുകണ്ടം ചാടിച്ചു.എന്നിട്ടും പക്ഷെ വി.എസ് നിശബ്ദനായില്ല. 2006 ൽ ഡി ഐ സിയെ ഇടത് മുന്നണിയിലെടുക്കാനുളള നീക്കത്തെ വി എസ് പല്ലും നഖവും ഉപയോഗിച്ചെതിർത്തു.

ഒടുവിൽ കേന്ദ്ര നേതൃത്വം വി എസിനെ ശരിവെച്ചു. 2009 ൽ പി ഡി പിയുമായുളള സഖ്യത്തോടും വി എസിന്റെ നിലപാട് സമാനമായിരുന്നു. പിണറായിയുമായുളള അഭിപ്രായ ഭിന്നതയെക്കുറിച്ച് പരസ്യ പ്രസ്താവന നടത്തിയതിന് 2007 മെയ് 26 ന് വി എസിനെ പി ബിയിൽ നിന്ന് പുറത്താക്കി.താത്കാലിക നടപടി മാത്രമായിരുന്നു അത്. 

2009 ജൂലൈ 12 ന് വീണ്ടും വി എസിനെതിരെ നടപടിയുണ്ടായി.പി ബിയിൽ നിന്ന് കേന്ദ്ര കമ്മറ്റിയിലേക്ക് തരം താഴ്ത്തി. 2015 ൽ ആലപ്പുഴയിൽ നടന്ന പാർട്ടി സമ്മേളനത്തിൽ നിന്നും ഇറങ്ങിപ്പോന്ന വി എസിന്റെ ചിത്രം കേരളത്തിലെ സി പി എം രാഷട്രീയത്തിലെ മറക്കാനാവാത്ത ഓർമ്മയാണ്.

ഇറങ്ങിപ്പോക്കും ഒരു രാഷട്രീയ പ്രവർത്തനമാണെന്ന് വി.എസ് നമ്മെ ഓർമ്മപ്പെടുത്തി. പുന്നപ്ര - വയലാറിന്റെ പോരാട്ട ഭൂമിയിൽ നിന്ന് പാർട്ടിവിരുദ്ധ മനോഭാവമുളള ആളെന്ന മുദ്ര ചാർത്തപ്പെട്ടായിരുന്നു വി എസിന്റെ മടക്കം. എന്നാൽ പ്രായം തളർത്താത്ത പോരാട്ട വീര്യത്തോടെ വി എസ് ആരോപണത്തിനും മറുപടി നൽകി.

2019 മുതൽ വി എസ് വിശ്രമ ജീവിതത്തിലാണ്. മരങ്ങൾക്കെന്നപോലെ മനുഷ്യർക്കും ഇലപൊഴിയുന്ന ഒരു കാലമുണ്ട്. എന്നാൽ പാർശ്വവത്കരിക്കപ്പെടുന്ന മനുഷ്യരുടെ വികാര വിചാരങ്ങളിലെന്നും ഒരു നിത്യഹരിത സാന്നിധ്യമായി വി എസ് ഉണ്ടാകുമെന്നുറപ്പ്.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News