'ഉശിരുള്ളവർ ജനങ്ങൾക്കു വേണ്ടി ശബ്ദമുയർത്തും, ഇലനക്കികളായ യുവജന സംഘടനക്കാർ പുറത്തടിക്കും'; റിജിലിനെ പിന്തുണച്ച് വി.ടി ബൽറാം

'ഇതിനേക്കാൾ വലിയ മിലിഷ്യയുടെ അകമ്പടിയോട് കൂടിയാണ് ബുദ്ധദേവ് ഭട്ടാചാര്യ പശ്ചിമ ബംഗാളിൽ സിംഗൂരിലും നന്ദിഗ്രാമിലുമൊക്കെ ജനങ്ങളെ വെല്ലുവിളിക്കാൻ നോക്കിയത് എന്നും മറക്കണ്ട. ചരിത്രം ആവർത്തിക്കപ്പെടുന്നത് ഈ ലോകം പലപ്പോഴായി കാണേണ്ടിവന്നിട്ടുണ്ട്'.

Update: 2022-01-20 15:58 GMT
Advertising

കണ്ണൂരിലെ സിൽവർ ലൈൻ പദ്ധതി വിശദീകരണ യോഗത്തിലേക്ക് പ്രതിഷേധവുമായെത്തിയ യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി അടക്കമുള്ളവരെ മർദിച്ച നടപടിയെ വിമർശിച്ച് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം. ക്ഷേത്ര പ്രവേശനം ആവശ്യപ്പെട്ടുകൊണ്ടുള്ള പി കൃഷ്ണപിള്ളയുടെ ഗുരുവായൂർ സത്യാഗ്രഹം ഓർമിപ്പിച്ചു കൊണ്ടാണ് വി.ടി ബൽറമിന്റെ വിമർശനം. കൃഷ്ണപിള്ളയുടെ സമാധാനപരമായ ആ സമര നീക്കത്തോട് അതിക്രൂരമായ മർദനങ്ങളിലൂടെയാണ് ജാതി പ്രമാണിമാരുടെ ഗുണ്ടകൾ പ്രതികരിച്ചതെന്നും അതിന് കൃഷ്ണപിള്ള പറഞ്ഞ മറുപടി ചരിത്രത്തിന്റെ ഭാഗമാണെന്നും ബൽറാം കുറിച്ചു. 'ഉശിരുള്ള നായർ മണിയടിക്കും, ഇല നക്കി നായർ പുറത്തടിക്കും' എന്നായിരുന്നു കൃഷ്ണപിള്ള മർദനത്തെക്കുറിച്ച് പ്രതികരിച്ചത്.

''കണ്ണൂരിൽ കെ റെയിലിനെതിരെ സമാധാനപരമായി സമരം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ സി.പി.എം, ഡി.വൈ.എഫ്.ഐ ഗുണ്ടകൾ നടത്തിയ അക്രമത്തെ ന്യായീകരിച്ചും സമരം ചെയ്യാനെത്തിയവരെ പരിഹസിച്ചും അർമ്മാദിക്കുന്നവരോട് പറയാനുള്ളത് പണ്ട് കൃഷ്ണപിള്ള പറഞ്ഞതിന്റെ കാലികമായ ആവർത്തനം മാത്രമാണ്. ഉശിരുള്ള യുവജന സംഘടനാ പ്രവർത്തകൾ ജനങ്ങൾക്കു വേണ്ടി ശബ്ദമുയർത്തും, കെ-ഭൂതത്തിന്റെ ഇലനക്കികളായ യുവജന സംഘടനക്കാർ അവരുടെ പുറത്തടിക്കും''- ഫേസ്ബുക്ക് പോസ്റ്റിൽ ബൽറാം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ക്ഷേത്ര പ്രവേശനമാവശ്യപ്പെട്ടുകൊണ്ടുള്ള കോൺഗ്രസിന്റെ ഗുരുവായൂർ സത്യാഗ്രഹ സമയത്ത് പി കൃഷ്ണപിള്ള എന്ന യുവ കോൺഗ്രസ് വളണ്ടിയർ അമ്പലത്തിനകത്ത് കയറി മണിയടിച്ചു. ജാതിയുടെ തട്ടുകൾ വച്ച് നോക്കുമ്പോൾ കൃഷ്ണപിള്ളക്ക് അന്നും ക്ഷേത്രപ്രവേശനത്തിന് വിലക്കില്ല. എന്നാൽ തങ്ങളല്ലാത്ത മറ്റ് എല്ലാ മനുഷ്യർക്കും വേണ്ടിയാണ് ജാതിമേധാവിത്വത്തിനെതിരെ അന്ന് ആ സത്യാഗ്രഹികൾ മുന്നോട്ടുവന്നത്.

കൃഷ്ണപിള്ളയുടെ സമാധാനപരമായ ആ സമര നീക്കത്തോട് ജാതി പ്രമാണിമാരുടെ ഗുണ്ടകൾ പ്രതികരിച്ചത് അതിക്രൂരമായ മർദ്ദനങ്ങളിലൂടെയാണ്. അദ്ദേഹത്തെയവർ സംഘം ചേർന്ന് ആക്രമിച്ചു. സ്വയം നായരായിട്ടും മറ്റ് നായർ പ്രമാണിമാരുടെ മർദ്ദനമേൽക്കേണ്ടി വന്നതിനേക്കുറിച്ച് ചോദിച്ചപ്പോൾ കൃഷ്ണപിള്ള പറഞ്ഞ മറുപടി ചരിത്രത്തിന്റെ ഭാഗമാണ്. "ഉശിരുള്ള നായർ മണിയടിക്കും, ഇല നക്കി നായർ പുറത്തടിക്കും" എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ന് കണ്ണൂരിൽ കെ റെയിലിനെതിരെ സമാധാനപരമായി സമരം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ സിപിഎം, ഡിവൈഎഫ്ഐ ഗുണ്ടകൾ നടത്തിയ അക്രമത്തെ ന്യായീകരിച്ചും സമരം ചെയ്യാനെത്തിയവരെ പരിഹസിച്ചും അർമ്മാദിക്കുന്നവരോട് പറയാനുള്ളത് പണ്ട് കൃഷ്ണപിള്ള പറഞ്ഞതിന്റെ കാലികമായ ആവർത്തനം മാത്രമാണ്. ഉശിരുള്ള യുവജന സംഘടനാ പ്രവർത്തകൾ ജനങ്ങൾക്കു വേണ്ടി ശബ്ദമുയർത്തും, കെ-ഭൂതത്തിന്റെ ഇലനക്കികളായ യുവജന സംഘടനക്കാർ അവരുടെ പുറത്തടിക്കും.

ഇതിനേക്കാൾ വലിയ മിലിഷ്യയുടെ അകമ്പടിയോട് കൂടിയാണ് ബുദ്ധദേവ് ഭട്ടാചാര്യ പശ്ചിമ ബംഗാളിൽ സിംഗൂരിലും നന്ദിഗ്രാമിലുമൊക്കെ ജനങ്ങളെ വെല്ലുവിളിക്കാൻ നോക്കിയത് എന്നും മറക്കണ്ട. ചരിത്രം ആവർത്തിക്കപ്പെടുന്നത് ഈ ലോകം പലപ്പോഴായി കാണേണ്ടിവന്നിട്ടുണ്ട്.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News