10 ദിവസം കൊണ്ട് കെ-സ്വിഫ്റ്റ് 12 ലക്ഷം രൂപ നഷ്ടത്തിൽ- കണക്കുകൾ നിരത്തി വി.ടി ബൽറാം

സ്വിഫ്റ്റ് ബസ് സർവീസ് ഇതര സംസ്ഥാനങ്ങളിലേക്കുള്ള ദീർഘദൂര യാത്രക്കാർക്ക് പ്രയോജനകരം തന്നെയാണ്, സംശയമില്ല. അതുകൊണ്ടുതന്നെ കെഎസ്ആർടിസി കൂടുതൽ ഇത്തരം സർവീസുകൾ ആരംഭിക്കട്ടെ.

Update: 2022-04-22 11:51 GMT
Editor : Nidhin | By : Web Desk

കെഎസ്ആർടിസിയുടെ കീഴിൽ ആരംഭിച്ച കെ-സ്വിഫ്റ്റ് ബസ് സർവീസ് യഥാർഥത്തിൽ നഷ്ടത്തിലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബൽറാം. 10 ദിവസത്തെ ഓപ്പറേറ്റിങ് നഷ്ടം മാത്രം 12 ലക്ഷമാണെന്ന് വി.ടി ബൽറാം കണക്കുകൾ അടിസ്ഥാനമാക്കി പറഞ്ഞു.

' വാർത്തയിൽ പറഞ്ഞ പോലെ ഇതുവരെയുള്ള ഗ്രോസ് കളക്ഷൻ 61 ലക്ഷം രൂപ. 30 ബസ്സുകളുണ്ടെന്ന് കാണുന്നു. ഇവ ആകെ ഓടി പൂർത്തിയാക്കിയത് 1,26,818 കിലോമീറ്ററാണ് എന്നും വാർത്തയിലുണ്ട്. അതായത് കിലോമീറ്ററിന് ശരാശരി 48 രൂപയാണ് സ്വിഫ്റ്റിന്റെ കളക്ഷൻ.'- ഈ കണക്ക് വച്ച് കെ-സ്വിഫ്റ്റിന്റെ പ്രവർത്തന ചെലവ് കണക്കാക്കിയിരിക്കുകയാണ് ബൽറാം.

Advertising
Advertising

' ഇത്തരം ബസുകൾക്ക് 4km ൽ താഴെ മാത്രമേ മൈലേജ് ലഭിക്കാൻ സാധ്യതയുള്ളൂ. എസി ഒക്കെ ഉണ്ടെങ്കിൽ മൈലേജ് പിന്നെയും കുറയും. 1,26,818 കിലോമീറ്റർ ഓടാൻ ഏതാണ്ട് 32,000 ലിറ്റർ ഡീസൽ ഇതിനോടകം ഉപയോഗിച്ചിട്ടുണ്ടാവും. ലിറ്ററിന് 103 രൂപ കണക്കാക്കിയാൽ ഏതാണ്ട് 33 ലക്ഷം രൂപ ഡീസലിന് മാത്രം ഇതുവരെ ചെലവ് വന്നിട്ടുണ്ട് എന്നു കാണാം.

ഇനി ജീവനക്കാരുടെ ശമ്പളച്ചെലവ്.

ഒരു ബസിന് ശരാശരി 15 ജീവനക്കാർ കെഎസ്ആർടിസിയിലുണ്ട് എന്നാണ് കണക്ക്. വേണ്ട, 10 ജീവനക്കാർ എന്ന് കണക്ക് വക്കാം. അപ്പോൾ 30 സ്വിഫ്റ്റ് ബസിനായി 300 ജീവനക്കാർ. ഇവർക്ക് ഒരു മാസത്തെ ശരാശരി ശമ്പളം 40,000 രൂപയായി കണക്കാക്കാം. (യഥാർത്ഥത്തിൽ പലരുടേയും ശമ്പളം ഇതിന്റെ ഇരട്ടിയിലധികമാണ്).

അതായത് 300 പേർക്ക് 40,000 വെച്ച് ഒരു മാസത്തെ ശമ്പളം 120 ലക്ഷം. പത്ത് ദിവസത്തെ ശമ്പളം അതിന്റെ മൂന്നിലൊന്നായ 40 ലക്ഷം.

വണ്ടികളുടെ തേയ്മാനവും ടാക്‌സ്, ഇൻഷുറൻസ് ഒന്നും പരിഗണിക്കാതെ കേവലം ഡീസൽ, ശമ്പളച്ചെലവ് പരിഗണിച്ചാൽത്തന്നെ 10 ദിവസം കൊണ്ട് 33+40= 73 ലക്ഷം ചെലവ് സ്വിഫ്റ്റ് ബസുകളുടെ നടത്തിപ്പിനായി വന്നിട്ടുണ്ടാകും. കാണാച്ചെലവുകൾ എല്ലാം പരിഗണിച്ചാൽ ഇത് ഒരു കോടിക്ക് മുകളിലേക്ക് പോകും. വണ്ടി വാങ്ങിയ ഇനത്തിലെ കടബാധ്യതയും അതിന്റെ പലിശച്ചെലവും ഇവിടെ പരിഗണിച്ചിട്ടില്ല. അതായത് 10 ദിവസത്തെ കേവലം ഓപ്പറേറ്റിംഗ് നഷ്ടം മാത്രം 12 ലക്ഷത്തോളം വരും, യഥാർത്ഥ നഷ്ടം 50 ലക്ഷത്തോളവും.''- വി.ടി ബൽറാം ചൂണ്ടിക്കാട്ടി.

അതേസമയം സ്വിഫ്റ്റ് ബസ് സർവീസ് ഇതര സംസ്ഥാനങ്ങളിലേക്കുള്ള ദീർഘദൂര യാത്രക്കാർക്ക് പ്രയോജനകരം തന്നെയാണ്, സംശയമില്ലെന്നും. അതുകൊണ്ടുതന്നെ കെഎസ്ആർടിസി കൂടുതൽ ഇത്തരം സർവീസുകൾ ആരംഭിക്കണമെന്നും വി.ടി ബൽറാം ആവശ്യപ്പെട്ടു.

പക്ഷേ, പകുതി കണക്കുകളും അർദ്ധസത്യങ്ങളും മാത്രം പറഞ്ഞ് തെറ്റായ പൊതുബോധം സൃഷ്ടിക്കുന്നത് ഒരു പൊതുമേഖലാ സ്ഥാപനത്തിന് ചേർന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Full View

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News