കട തുറക്കല്‍: സര്‍ക്കാരും വ്യാപാരികളും തുറന്ന പോരില്‍

വാരാന്ത്യലോക്ഡൗണ്‍ അവഗണിച്ച് നാളെയും മറ്റന്നാളും കടകള്‍ തുറക്കുമെന്നാണ് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍ പറഞ്ഞത്. വിരട്ടല്‍ വേണ്ടെന്നും എന്ത് വിലകൊടുത്തും കടകള്‍ തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Update: 2021-07-16 06:13 GMT

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടന്ന് കട തുറക്കുമെന്ന് വ്യാപാരികള്‍ വ്യക്തമാക്കിയതോടെ സര്‍ക്കാറും വ്യാപാരികളും തമ്മില്‍ തുറന്ന ഏറ്റമുട്ടലിലേക്ക്. പെരുന്നാള്‍ കച്ചവടത്തിന് കടകള്‍ തുറക്കാന്‍ അനുവദിക്കണം എന്നാണ് വ്യാപാരികളുടെ ആവശ്യം. ഇതിനോട് സര്‍ക്കാര്‍ അനൂകൂലമായി പ്രതികരിച്ചില്ലെങ്കിലും കടകള്‍ തുറക്കുമെന്ന നിലപാടിലാണ് വ്യാപാരികള്‍.

ഇന്ന് രാവിലെ വ്യാപാരികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. പിന്നീട് മുഖ്യമന്ത്രി പാര്‍ട്ടിയോഗങ്ങളില്‍ പങ്കെടുക്കാനുള്ളതിനാല്‍ ചര്‍ച്ച വൈകുന്നേരത്തേക്ക് മാറ്റുകയായിരുന്നു. വൈകീട്ട് 4.30ന് വ്യാപാരികളുമായി ചര്‍ച്ച നടത്തുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

Advertising
Advertising

വാരാന്ത്യലോക്ഡൗണ്‍ അവഗണിച്ച് നാളെയും മറ്റന്നാളും കടകള്‍ തുറക്കുമെന്നാണ് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍ പറഞ്ഞത്. വിരട്ടല്‍ വേണ്ടെന്നും എന്ത് വിലകൊടുത്തും കടകള്‍ തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാവിലെ നടത്താനിരുന്ന ചര്‍ച്ച അപ്രതീക്ഷിതമായി മാറ്റിയതാണ് വ്യാപാരി നേതാക്കളെ പ്രകോപിപ്പിച്ചത്.

നേരത്തെ കടകള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ച വ്യാപാരികള്‍ക്കെതിരെ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ നടത്തിയ പ്രതികരണം വന്‍ പ്രതിഷേധത്തിന് കാരണമായിരുന്നു. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ നേരിടേണ്ട രീതിയില്‍ നേരിടുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. അത് മനസ്സിലാക്കി കളിച്ചാല്‍ മതിയെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വന്‍ പ്രതിഷേധമുയര്‍ന്നതോടെയാണ് വ്യാപാരികളെ സര്‍ക്കാര്‍ ചര്‍ച്ചക്ക് വിളിച്ചത്. ചര്‍ച്ചക്ക് തയ്യാറായതോടെ വ്യാപാരികള്‍ സര്‍ക്കാരുമായി സഹകരിക്കാമെന്ന നിലപാടിലെത്തിയിരുന്നു. എന്നാല്‍ വ്യാപാരി നേതാക്കളെ പരിഗണിക്കാതെ മുഖ്യമന്ത്രിയുടെ സൗകര്യത്തിന് അപ്രതീക്ഷിതമായി ചര്‍ച്ച മാറ്റിയതോടെയാണ് വ്യാപാരി നേതാക്കള്‍ വീണ്ടും നിലപാട് കടുപ്പിച്ചിരുക്കുന്നത്.

ഇന്ന് രാവിലെ നടക്കുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും വ്യാപാരികളുടെ പ്രശ്‌നം ചര്‍ച്ചയാവുമെന്നാണ് സൂചന. സി.പി.എം അനുകൂല വ്യാപാരി സംഘടനയും കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. ഏറെ നാളായി നഷ്ടത്തില്‍ കഴിയുന്ന വ്യാപാരികള്‍ക്ക് അല്‍പം ആശ്വാസം ലഭിക്കുന്ന പെരുന്നാള്‍ സീസണില്‍ കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ പ്രധാന ആവശ്യം. വ്യാപാരികളുമായി ചര്‍ച്ചയുള്ളതിനാല്‍ ഇന്ന് നടക്കേണ്ടിയിരുന്ന കോവിഡ് അവലോകന യോഗം നാളത്തേക്ക് മാറ്റിയിരുന്നു. അവലോകനയോഗത്തിന് ശേഷം മാത്രമേ കടകള്‍ തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കൂ എന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News