വി. അബ്ദുറഹ്‌മാന്റെ പ്രസ്താവനയ്ക്ക് ധാർഷ്ട്യത്തിന്റെ സ്വരമെന്ന് ജിഫ്രി തങ്ങൾ; തെറ്റിദ്ധാരണയെന്ന് മന്ത്രി

മുഖ്യമന്ത്രി വളരെ മാന്യമായ രീതിയിലാണ് സംസാരിച്ചത്. പ്രശ്‌നങ്ങൾ കൂടിയിരുന്നു സംസാരിക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് മാന്യമായൊരു സ്വരമാണെന്നും ജിഫ്രി തങ്ങൾ പറഞ്ഞു

Update: 2021-12-02 10:58 GMT
Editor : Shaheer | By : Web Desk
Advertising

വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിടാനുള്ള തീരുമാനത്തിൽ വകുപ്പു മന്ത്രി വി. അബ്ദുറഹ്‌മാനെതിരെ രൂക്ഷവിമർശനവുമായി സമസ്ത. എങ്ങനെയും നിയമം പാസാക്കുമെന്ന മന്ത്രിയുടെ പ്രസ്താവന ധാർഷ്ട്യം നിറഞ്ഞതാണെന്ന് സമസ്ത അധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ വിമർശിച്ചു. അതേസമയം, ജിഫ്രി തങ്ങൾ തെറ്റിദ്ധാരണ തിരുത്തണമെന്ന് വി. അബ്ദുറഹ്‌മാൻ പ്രതികരിച്ചു.

വഖഫ് ബോർഡ് നിയമനം പിഎസ്‌സിക്ക് വിട്ട സർക്കാർ തീരുമാനത്തിനെതിരെ കോഴിക്കോട് ടൗൺഹാളിൽ സംഘടിപ്പിച്ച സമസ്ത വഖഫ് മുതവല്ലി സംഗമത്തിൽ സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങൾ. ''വഖഫ് മന്ത്രി പറഞ്ഞതിനോട് പൂർണമായും എതിർപ്പുണ്ട്. എങ്ങനെയിരുന്നാലും ഈ നിയമം പാസാക്കുമെന്ന് ഒരു വഖഫ് മന്ത്രി പറയേണ്ടതല്ലായിരുന്നു. പ്രത്യേകിച്ച് ഒരു മുസ്‍ലിം പേരുള്ളയാൾ. ഇവിടന്ന് ജയിച്ചുകയറിപ്പോയി വഖഫിന്റെ ഉത്തരവാദിത്തംകൂടി അയാൾക്കുനൽകി. എന്നിട്ട് ഒരു ധാർഷ്ട്യമെന്ന നിലയ്ക്ക് എങ്ങനെയായാലും നിയമം പാസാക്കുമെന്ന് മുസ്‍ലിം സമുദായത്തോട് പറയുന്നു''-തങ്ങൾ വിമർശിച്ചു.

മുഖ്യമന്ത്രി വളരെ മാന്യമായ രീതിയിലാണ് സംസാരിച്ചത്. പ്രശ്‌നങ്ങൾ കൂടിയിരുന്നു സംസാരിക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് മാന്യമായൊരു സ്വരമാണെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. പള്ളിയിൽ പ്രതിഷേധം നടത്താനുള്ള തീരുമാനം പിൻവലിക്കുന്നതായും തങ്ങൾ പ്രഖ്യാപിച്ചിരുന്നു.

'ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ബന്ധപ്പെട്ടിരുന്നു. വഖഫ് നിയമനത്തിൽ സമസ്തക്ക് തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ കൂടിയിരുന്ന് സംസാരിക്കാം എന്ന് എന്നോട് പറഞ്ഞിരുന്നു. അത് പഠിച്ചിട്ട് പറയാമെന്നാണ് ഞാൻ പറഞ്ഞത്. സമസ്തയുടെ സെക്രട്ടി ആലിക്കുട്ടി മുസ്ലിയാരെ മുഖ്യമന്ത്രിയുടെ പ്രതിനിധിയായി എളമരം കരീം വിളിച്ചിരുന്നു. സർക്കാറിന്റെ ഭാഗത്ത് നിന്ന് പരിഹാരമുണ്ടാകണം എന്നാണ് സമസ്ത നിലപാട്. ഇല്ലെങ്കിൽ എല്ലാ തരത്തിലുള്ള പ്രതിഷേധത്തിന്റെ മുമ്പിലും സമസ്തയുണ്ടാകും'- തങ്ങൾ പറഞ്ഞു.

എന്നാൽ, ജിഫ്രി തങ്ങളെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാമെന്നാണ് മന്ത്രി വി. അബ്ദുറഹ്‌മാൻ പ്രതികരിച്ചു. വഖഫ് വിഷയത്തിൽ തന്റെ നിലപാട് നിയമസഭയിൽ പറഞ്ഞിട്ടുണ്ട്. വിഷയത്തിൽ ചർച്ച നടത്താമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. അതിൽ ധിക്കാരപരമായ നിലപാടുണ്ടെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.

തങ്ങൾ തെറ്റിദ്ധാരണ മാറ്റണമെന്നാണ് തന്റെ ആവശ്യം. തെറ്റായ പെരുമാറ്റം അദ്ദേഹത്തോടോ മറ്റുള്ളവരോടോ നടത്തിയിട്ടില്ല. നേരിൽ കാണാൻ അവസരമുണ്ടായാൽ തെറ്റിദ്ധാരണ തിരുത്താൻ തങ്ങളോട് ആവശ്യപ്പെടുമെന്നും മുസ്‍ലിം സമൂഹം അംഗീകരിക്കുന്ന പ്രസ്താവനയാണ് തങ്ങൾ നടത്തിയതെന്നും അബ്ദുറഹ്‌മാൻ കൂട്ടിച്ചേർത്തു.

സമ്മറി: Samastha with harsh criticism against the minister V Abdurahiman. Samastha president Syed Mohammad Jifri Muthukoya Thangal criticized the minister's statement that the law would be passed anyway. Minister said it was a misunderstanding.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News