ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കണം: റസാഖ് പാലേരി

കേരളത്തിലെ ആരോഗ്യരംഗത്തെ ഗുരുതരമായ പ്രതിസന്ധികളെ കുറിച്ചുള്ള വാർത്തകളാണ് ദിനേന പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അടിയന്തരവും ശാശ്വതവുമായ പരിഹാരം കണ്ടെത്താൻ സർക്കാർ ഊർജിതമായി ഇടപെടണമെന്ന് റസാഖ് പാലേരി ആവശ്യപ്പെട്ടു.

Update: 2025-07-07 11:18 GMT

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ ബിൽഡിങ് തകർന്ന് സർക്കാരിന്റെ അനാസ്ഥ മൂലം ദാരുണമായി മരണപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ഇന്ന് രാവിലെ ബിന്ദുവിന്റെ വീട് സന്ദർശിച്ചിരുന്നു. താമസയോഗ്യമല്ലാത്ത വളരെ ശോചനീയാവസ്ഥയിലുമുള്ള വീട്ടിലാണ് മരണപ്പെട്ട ബിന്ദുവിന്റെ കുടുംബം കഴിഞ്ഞുകൂടുന്നത്. മകൻ ബി ടെക് പഠനം പൂർത്തിയാക്കുകയും മകൾ ബിഎസ്‌സി നഴ്‌സിങ് പഠനം കഴിഞ്ഞു നിൽക്കുകയുമാണ്. വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ബിന്ദു.

Advertising
Advertising

ആശുപത്രി അധികൃതരുടെയും ഭരണകൂടത്തിന്റെയും അശ്രദ്ധകൊണ്ടാണ് ബിന്ദുവിന് ജീവൻ നഷ്ടപ്പെട്ടത്. മക്കളെ പഠിപ്പിക്കുന്നതിന് ആവശ്യമായ തുക ബാങ്ക് ലോണിലൂടെയാണ് കുടുംബം കണ്ടെത്തിയത്. മകളുടെ പഠനം പൂർത്തിയാക്കുന്നതിന് കൈപ്പറ്റിയ ലോൺ തിരിച്ചടക്കാൻ കുടുംബത്തിന് കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. പ്രസ്തുത ബാങ്ക് ലോൺ ഏറ്റെടുക്കാൻ സർക്കാർ തയ്യാറാകണം. ബി ടെക് പഠനം പൂർത്തിയാക്കിയ മകന് യോഗ്യതക്കനുസരിച്ചുള്ള തൊഴിൽ നൽകാനും സർക്കാർ മുൻകൈയെടുക്കണം.

കേരളത്തിലെ ആരോഗ്യരംഗത്തെ ഗുരുതരമായ പ്രതിസന്ധികളെ കുറിച്ചുള്ള വാർത്തകളാണ് ദിനേന പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അടിയന്തരവും ശാശ്വതവുമായ പരിഹാരം കണ്ടെത്താൻ സർക്കാർ ഊർജിതമായി ഇടപെടണം. പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാനും ന്യായീകരണങ്ങൾ നിരത്താനുമാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സർക്കാർ ആരോഗ്യരംഗത്ത് പ്രഖ്യാപിച്ച പ്രൊജക്ടുകൾ പലതും നിലച്ച അവസ്ഥയിലാണുള്ളത്. എല്ലാ ജില്ലകളിലും മെഡിക്കൽ കോളജ് എന്ന ഉമ്മൻ ചാണ്ടി സർക്കാരിന്റെ പ്രഖ്യാപനം പോലും ഇതുവരെയും നടപ്പിലാക്കാൻ മാറിവന്ന സർക്കാറുകൾക്ക് കഴിഞ്ഞിട്ടില്ല.

കാസർകോടും വയനാടും മെഡിക്കൽ കോളജുകൾ പ്രവർത്തന സജ്ജമാക്കാൻ സർക്കാർ ഇപ്പോഴും തയ്യാറായിട്ടില്ല. നിലവിലെ മെഡിക്കൽ കോളജുകളുടെ നിലവാരവും ദിനംപ്രതി ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുന്ന അന്തരീക്ഷത്തിലേക്ക് ആശുപത്രികളും സംവിധാനങ്ങളും മാറുന്നത് സമൂഹത്തിൽ വലിയ അരക്ഷിതാവസ്ഥയാണ് സൃഷ്ടിക്കുന്നത്. ആരോഗ്യമേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് സമ്പൂർണമായ പദ്ധതി പ്രഖ്യാപിച്ച് മുന്നോട്ടുപോകാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ജനകീയ പ്രക്ഷോഭത്തിന് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്ന് റസാഖ് പാലേരി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News