കണ്ണുകളിലൂടെയാണ് അമ്മയുമായി മിണ്ടാറുള്ളത്, കണ്ണിൽക്കണ്ണിൽ നോക്കിയിരുന്നാണ് ആ സ്‌നേഹവും വാത്സല്യവും അറിയുന്നത്: അമ്മയെക്കുറിച്ച് മോഹൻലാൽ അന്ന് പറഞ്ഞത്

'അമ്മയുടെ അടുത്തിരിക്കുമ്പോൾ ജീവിതത്തിന്റെ ഒരു ചക്രം പൂർത്തിയാകുന്നത് ഞാൻ അറിയുന്നു, അനുഭവിക്കുന്നു. ഞാനതിൽ എന്നെക്കാണുന്നു, മനുഷ്യജീവിതം കാണുന്നു'

Update: 2025-12-30 10:07 GMT

കൊച്ചി: മോഹൻലാലും അമ്മയും തമ്മിലുള്ള ബന്ധത്തിന്റെ അഗാധം മലയാളികൾക്കെല്ലാം അറിയാവുന്നതാണ്. മകനെക്കുറിച്ച് പറയാൻ അമ്മയ്ക്കും അമ്മയെക്കുറിച്ച് പറയാൻ മകനും നൂറുനാവാണ്. വാർധക്യത്തിന്റെ അവശതകളിലായിരുന്നപ്പോൾ പോലും മകന്റെ നേട്ടങ്ങളിൽ ആ അമ്മയോളം സന്തോഷിച്ച മറ്റാരെങ്കിലുമുണ്ടായിട്ടുണ്ടാകുമോ എന്ന കാര്യം സംശയമാണ്. അമ്മയെക്കുറിച്ച് വാതോരാതെ മോഹൻലാൽ എപ്പോഴും പറയുന്നതിനാൽ മലയാളികൾക്ക് ശാന്താകുമാരി സുപരിചിതയാണ്. അടുത്തിടെ ദാദാ സാഹേബ് ഫാൽക്കേ പുരസ്‌കാരത്തിനർഹനായപ്പോഴും മോഹൻലാൽ ആദ്യം ഓടിയെത്തിയത് അമ്മയ്ക്കരികിലേക്കാണ്. അമ്മയ്‌ക്കൊപ്പം പങ്കുവെക്കാൻ സാധിച്ചതാണ് ഏറ്റവും വലിയ ഭാഗ്യമെന്നാണ് അന്ന് മോഹൻലാൽ പ്രതികരിച്ചത്.

Advertising
Advertising

'അമ്മയുടെ അടുത്തേക്കാണ് ആദ്യം പോയത്. അതങ്ങനെ തന്നെയല്ലേ വേണ്ടത്. ഈ നേട്ടാം കാണാൻ അമ്മയ്ക്ക് ഭാഗ്യം ഉണ്ടായി, അമ്മയ്‌ക്കൊപ്പം ഈ നേട്ടാൻ പങ്കുവെക്കാൻ എനിക്കും ഭാഗ്യമുണ്ടായി. അമ്മ സുഖമില്ലാതിരിക്കുന്ന സമയമാണ് പക്ഷേ അമ്മയ്ക്ക് എല്ലാം മനസിലാവും, സംസാരിക്കാൻ കുറച്ച് പ്രയാസമുണ്ട്. എങ്കിലും എനിക്ക് കേട്ടാൽ മനസിലാവും. എന്നെ അനുഗ്രഹിച്ചു, ആ അനുഗ്രഹം എനിക്കൊപ്പമുണ്ട്' എന്നായിരുന്നു വാർത്താ സമ്മേളനത്തിൽ മോഹൻലാൽ പറഞ്ഞത്.

മുമ്പ് മാതൃഭൂമിക്ക് വേണ്ടി എഴുതിയ കുറിപ്പിലും മോഹൻലാൽ അമ്മയെക്കുറിച്ച് പങ്കുവെച്ചിരിന്നു. 'എന്റെ അമ്മ കുറച്ച് വർഷങ്ങളായി കിടപ്പിലാണ്. ധാരാളം സംസാരിക്കുമായിരുന്ന അമ്മയ്ക്ക് ഇപ്പോൾ സംസാരിക്കാൻ സാധിക്കില്ല. കണ്ണുകളിലൂടെയാണ് ഞാനും അമ്മയും ഇപ്പോൾ കൂടുതൽ മിണ്ടാറുള്ളത്. കണ്ണിൽക്കണ്ണിൽ നോക്കിയിരുന്നാണ് ഞാനാ സ്‌നേഹവും വാത്സല്യവും അറിയുന്നത്. ചിലപ്പോൾ അമ്മ എന്നെ ഒന്ന തോടും, തല ഒന്നിളക്കും. അതിലൊക്കെ ഇപ്പോൾ ഒരു ഭാഷ തിരിച്ചറിയാൻ എനിക്ക് സാധിക്കുന്നു. പണ്ട് അമ്മ എനിക്ക് ഉരുള ഉരുട്ടിത്തന്നതുപോലെ ഞാൻ അമ്മയ്ക്ക് ഉരുള നൽകും. ഞാനും ഭാര്യ സുചിത്രയും കഴിക്കുന്നത് നോക്കി അമ്മ കിടക്കും. തൊട്ടിരിക്കുക എന്ന് പറയാറില്ലേ. ആ തൊടലിലൂടെ ഒരുപാടുകാര്യങ്ങൾ അമ്മ പറയാതെ പറയുന്നുണ്ടാവണം. അങ്ങനെ അമ്മയുടെ അടുത്തിരിക്കുമ്പോൾ ജീവിതത്തിന്റെ ഒരു ചക്രം പൂർത്തിയാകുന്നത് ഞാൻ അറിയുന്നു, അനുഭവിക്കുന്നു. ഞാനതിൽ എന്നെക്കാണുന്നു, മനുഷ്യജീവിതം കാണുന്നു..' എന്നാണ് മോഹൻലാൽ അന്ന് പറഞ്ഞത്.

പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ശാന്താകുമാരി ഇന്നാണ് മരണത്തിന് കീഴടങ്ങിയത്. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം. സംസ്‌കാരം നാളെ നടക്കും. മോഹൻലാലിൻറെ ചാരിറ്റി സംഘടനയായ വിശ്വശാന്തി ഫൗണ്ടേഷൻ, അമ്മയുടെയും അച്ഛന്റെയും പേരുകൾ ചേർത്തുകൊണ്ടുള്ളതാണ്. പ്യാരിലാൽ, മോഹൻലാൽ എന്നിവരാണ് വിശ്വനാഥൻ- ശാന്തകുമാരി ദമ്പതികളുടെ മക്കൾ.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

By - Web Desk

contributor

Similar News