Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കൊച്ചി: അതിരപ്പിള്ളിയിൽ മസ്തകത്തിന് പരിക്കേറ്റ കാട്ടുകൊമ്പന് കോടനാട് അഭയാരണ്യത്തിൽ ചികിത്സ തുടങ്ങി. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ മെഡിക്കൽ ടീം രൂപീകരിച്ചാണ് ചികിത്സ. ചികിത്സ ഒന്നരമാസം നീണ്ടുനിൽക്കുമെന്ന് ഡോക്ടർമാരുടെ സംഘം അറിയിച്ചു.
ഒരടിയോളം ആഴമുള്ള മുറിവാണ് കൊമ്പന്റെ മസ്തകത്തിലുള്ളത്. കുറഞ്ഞത് ഒന്നരമാസം എങ്കിലും വേണം ആന തിരികെ ആരോഗ്യത്തിലേക്കെത്താൻ. വനം വകുപ്പ് ചീഫ് വെറ്ററിനറി സർജൻ ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം കോടനാട് അഭയാരണ്യത്തിൽ ചികിത്സകൾ ആരംഭിച്ചിരിക്കുകയാണ്. മയക്കുവെടിയേറ്റ ശേഷം ആന വീണതിനാൽ മുറിവ് പൂർണമായും വൃത്തിയാക്കാൻ സാധിച്ചിട്ടുണ്ടെന്ന് ഡോക്ടർമാരുടെ സംഘം പറഞ്ഞു. അണുബാധ തലച്ചോറിലേക്ക് ബാധിക്കാത്തതും ആശ്വാസമാണ്.
ആനയ്ക്ക് ആദ്യ ഡോസ് മരുന്ന് ഇന്നലെ തന്നെ നൽകിയിരുന്നു. ആനയെ നിർത്തി ചികിത്സിക്കാൻ ഇന്ന് കൂടിന് കുറുകെ കഴ കെട്ടും. ആറു മീറ്റർ ഉയരത്തിലും അഞ്ച് മീറ്റർ നീളത്തിലും യൂക്കാലി തടികൊണ്ടാണ് കൂട് നിർമ്മിച്ചിരിക്കുന്നത്. ഇന്നലെ രാവിലെയാണ് മയക്കുവെടി വെച്ച് കൊമ്പനെ ആതിരപ്പള്ളിയിൽ നിന്നും അഭയാരണ്യത്തിലേക്ക് എത്തിച്ചത്.