പാവങ്ങളെ കുടിയൊഴിപ്പിച്ചും പ്രകൃതിയെ നശിപ്പിച്ചുമാണെങ്കിൽ കെ റെയിൽ വേണ്ടെന്ന് എം മുകുന്ദൻ; ശിവൻകുട്ടിയെ വിദ്യാഭ്യാസ മന്ത്രിയായി കാണാൻ കഴിയില്ല

ഇടതുപക്ഷത്താണ് ഇപ്പോള്‍ കൂടുതല്‍ എഴുത്തുകാരുള്ളത്. എന്നാല്‍, ഇപ്പോള്‍ ചോദ്യം ചെയ്യാതെ ഒപ്പം നില്‍ക്കുകയാണ്. കേരളത്തില്‍ അതാണ് ഇന്നത്തെ അവസ്ഥ.

Update: 2021-12-27 13:04 GMT
Editor : Sikesh | By : Web Desk
Advertising

തുടർഭരണത്തിൽ ഇടർച്ചകളെന്ന് എഴുത്തുകാരനും ഇടതുസഹയാത്രികനുമായ എം. മുകുന്ദൻ. ഒന്നാം പിണറായി സർക്കാരിന്റെ പെര്‍ഫോര്‍മെന്‍സ് ഇപ്പോഴത്തെ സർക്കാരിൽ കാണാൻ കഴിയുന്നില്ല. മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വീതിച്ചുകൊടുക്കുന്നതിൽ വലിയ പ്രശ്‌നങ്ങളുണ്ടായെന്നും വി. ശിവൻകുട്ടിയെ വിദ്യാഭ്യാസമന്ത്രിയായി ഇമാജിൻ ചെയ്യാൻ കഴിയില്ലെന്നും മുകുന്ദൻ പറയുന്നു. പാവങ്ങളെ കുടിയൊഴിപ്പിച്ചും പ്രകൃതിയെ നശിപ്പിച്ചുമാണെങ്കില്‍ കെ റെയില്‍ വേണ്ടെന്നും മുകുന്ദൻ വ്യക്തമാക്കുന്നു. ട്രു കോപ്പി തിങ്കിന് നൽകിയ അഭിമുഖത്തിലാണ് മുകുന്ദന്റെ വാക്കുകൾ. ഇടതുപക്ഷത്താണ് ഇപ്പോള്‍ കൂടുതല്‍ എഴുത്തുകാരുള്ളത്. എന്നാല്‍, ഇപ്പോള്‍ ചോദ്യം ചെയ്യാതെ ഒപ്പം നില്‍ക്കുകയാണ്. അവരെ കുറ്റപ്പെടുത്തുന്നില്ലെന്നും കേരളത്തില്‍ അതാണ് ഇന്നത്തെ അവസ്ഥയെന്നും അദ്ദേഹം പറയുന്നു.

അഭിമുഖത്തിൽ നിന്നുളള മുകുന്ദന്റെ വാക്കുകൾ

തുടര്‍ഭരണത്തില്‍ ഇടര്‍ച്ചയുണ്ട്. ഏറ്റവും വലിയ ഇടര്‍ച്ച, ശൈലജ ടീച്ചറെ ഒഴിവാക്കിയതാണ്. അതാണ് എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്. വിസ്മയകരമായ പ്രവര്‍ത്തനമാണ് അവര്‍ കാഴ്ചവച്ചത്. പിണറായി സർക്കാറിന്റെ ആദ്യ അഞ്ചുവര്‍ഷം മികച്ച പ്രകടനമായിരുന്നു. പ്രളയം, വൈറസ് ഇവയൊക്കെ അതിജീവിച്ച ഒരു സര്‍ക്കാറും മുഖ്യമന്ത്രിയുമായിരുന്നു. ആ പെര്‍ഫോര്‍മെന്‍സ് ഇപ്പോള്‍ കാണുന്നില്ല. മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ വീതിച്ചുകൊടുക്കുന്നതിലാണ് വലിയ പ്രശ്‌നങ്ങളുണ്ടായത്. ഉദാഹരണത്തിന്, വി. ശിവന്‍കുട്ടിക്ക് വിദ്യാഭ്യാസം കൊടുത്തത്. അദ്ദേഹം കഴിവുള്ളയാളായിരിക്കാം, എന്നാല്‍, വിദ്യാഭ്യാസ വകുപ്പ് അദ്ദേഹത്തിന് യോജിച്ചതല്ല. നമുക്ക് ഇമാജിന്‍ ചെയ്യാന്‍ പറ്റുന്നില്ല.

എന്റെ മനസ്സില്‍, ശിവന്‍കുട്ടിയെ കുറിച്ച് ചില ചിത്രങ്ങളുണ്ട്. നിയമസഭയില്‍ അദ്ദേഹം ചെയ്ത കാര്യങ്ങള്‍. അതിനെ എങ്ങനെ വേണമെങ്കിലും അവര്‍ക്ക് ന്യായീകരിക്കാം. എന്നാല്‍, എന്റെ മനസ്സില്‍ ആ ഇമേജുകളാണുള്ളത്. ആ ഇമേജുകള്‍ എത്രയോ കുട്ടികളിലുണ്ടാകും. കാരണം, നമ്മള്‍ വിഷ്വല്‍ മീഡിയയുടെ കാലത്തല്ലേ ജീവിക്കുന്നത്? പഴയതുപോലെ നമുക്ക് ഒഴിഞ്ഞുമാറാന്‍ കഴിയില്ല. തെരഞ്ഞെടുപ്പില്‍ അദ്ദേഹം അത്ഭുതകരമായ പ്രവര്‍ത്തനമാണ് നടത്തിയത്. ഗംഭീരമായ വിജയമായിരുന്നു. ഞാനറിഞ്ഞത്, അദ്ദേഹം വളരെ നല്ല ആളാണ്, ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ആളാണ് എന്നൊക്കെയാണ്, എങ്കിലും ആ ഇമേജ് മാച്ചുകളയാന്‍ പറ്റില്ല. അതുകൊണ്ട്, അദ്ദേഹത്തിന് മറ്റൊരു നല്ല വകുപ്പാണ് കൊടുക്കേണ്ടിയിരുന്നത്.


കെ- റെയില്‍ വേണ്ട എന്ന് കുറെപേർ പറയുന്നു, കുറെ പേര്‍ വേണം എന്നും പറയുന്നു. ഞാന്‍ അതിന്റെ നടുവിലാണ് നില്‍ക്കുന്നത്. കാരണം, കേരളം മറ്റു സംസ്ഥാനങ്ങള്‍ പോലെയല്ല, ഭൂമിശാസ്ത്രപരമായി ഒരുപാട് മാറ്റങ്ങളുണ്ട്, ജനസാന്ദ്രതയുണ്ട്. അതുകൊണ്ട്, നിരവധി മനുഷ്യരെ കുടിയൊഴിപ്പിക്കേണ്ടിവരും. പ്രകൃതിക്കും മനുഷ്യനും പരിക്കേല്‍പ്പിക്കാത്ത വികസനമാണ് നമുക്കുവേണ്ടത്. അതിനുള്ള വഴി കണ്ടെത്താനാണ് നമ്മള്‍ ശ്രമിക്കേണ്ടത്, അല്ലാതെ നോ എന്നു പറയുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. വേണം എന്നോ വേണ്ട എന്നോ ഞാന്‍ പറയുന്നില്ല, പ്രശ്‌നം പഠിക്കുകയാണ് വേണ്ടത്. ഞാന്‍ ലോകത്ത് കുറച്ചൊക്കെ യാത്ര ചെയ്തിട്ടുണ്ട്. വലിയ ജനസാന്ദ്രതയുള്ള ചൈനയെപ്പോലുള്ളിടത്തെല്ലാം പോയിട്ടുണ്ട്. ഫ്രാന്‍സില്‍, രാജ്യത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റം വരെ ബുള്ളറ്റ് ട്രെയിനില്‍ നമുക്കുപോകാം. അങ്ങനെയുള്ള സ്ഥലങ്ങളിലെല്ലാം ഞാന്‍ ഇത്തരം ട്രെയിനുകള്‍ കണ്ടിട്ടുണ്ട്. നമുക്കും അത് വേണം. പക്ഷെ, പ്രകൃതിക്ക് ആഘാതമുണ്ടാകാതെയും കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ആവാസം ഗ്യാരണ്ടി ചെയ്തും, ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണം. അതിനുള്ള സാങ്കേതികവിദ്യ ഇന്നുണ്ട്. അവ കണ്ടെത്തണം, അല്ലാതെ ജനങ്ങളുടെ കണ്ണീരിനുമുകളിലൂടെയല്ല ട്രെയിന്‍ ഓടിക്കേണ്ടത്. കെ- റെയില്‍ വേണോ വേണ്ടയോ എന്നതല്ല എന്റെ പ്രശ്‌നം, അത് വരികയാണെങ്കില്‍ ആര്‍ക്കും ഒരുതരത്തിലുമുള്ള ദ്രോഹവുമുണ്ടാക്കരുത് എന്നാണ്. അല്ലാതെ, തിരക്കിട്ട്, പാവങ്ങളെ കുടിയൊഴിപ്പിച്ചും പ്രകൃതിയെ നശിപ്പിച്ചുമാണെങ്കില്‍ കെ- റെയില്‍ വേണ്ട എന്നുതന്നെയാണ് എന്റെ അഭിപ്രായം.

ഇടതുപക്ഷത്താണ് ഇപ്പോള്‍ കൂടുതല്‍ എഴുത്തുകാരുള്ളത്. എന്നാല്‍, ഇപ്പോള്‍ ചോദ്യം ചെയ്യാതെ ഒപ്പം നില്‍ക്കുകയാണ്. ഞാന്‍ അവരെ കുറ്റപ്പെടുത്തുന്നില്ല, എങ്കിലും കേരളത്തില്‍ അതാണ് ഇന്നത്തെ അവസ്ഥ. കൂടെ നടക്കുന്നത് നമ്മുടെ പ്രൊട്ടക്ഷനുവേണ്ടിയാകരുത്. ആശയപരമായും പ്രത്യയശാസ്ത്രപരമായും ചില മേഖലകളിലെങ്കിലും യോജിപ്പുകളുണ്ടാകണം. മുമ്പ് ഇടതുപക്ഷത്തെ എതിര്‍ത്ത ചില എഴുത്തുകാര്‍ പോലും ഇന്ന് ഇടതുപക്ഷത്തോടൊപ്പം നടക്കുന്നുണ്ട്. അതിലൊരു സുരക്ഷിതത്വമുള്ളതുകൊണ്ടാണിത് സംഭവിക്കുന്നത്. നമ്മള്‍ കൂടെ നടക്കുന്നത് വിമര്‍ശിച്ചുകൊണ്ടായിരിക്കണം. വിയോജിപ്പ് പ്രകടിപ്പിച്ച് കൂടെ നടക്കണം. അവര്‍ പറയുന്നത് കേട്ട്, അനുസരിച്ച് കൂടെ നടക്കുന്നതില്‍ അര്‍ഥമില്ല. വിയോജിപ്പുകള്‍ തുറന്നുപറയാനുള്ള ധൈര്യമുണ്ടാകണം. ഞാന്‍ മുമ്പും കൂടെ നടക്കുന്നുണ്ട്, ഇപ്പോഴും നടക്കുന്നുണ്ട്, വിയോജിപ്പുകള്‍ പ്രകടിപ്പിക്കുന്നുമുണ്ട്. അതാണ് ശരിയായ സഹയാത്ര.

Tags:    

Writer - Sikesh

contributor

Editor - Sikesh

contributor

By - Web Desk

contributor

Similar News