മഴ കനക്കാൻ സാധ്യത; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

'ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്'

Update: 2022-08-08 01:25 GMT
തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയും കാറ്റും; കൊല്ലത്ത് മരം വീണ് ഒരാള്‍ മരിച്ചു
Advertising

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കാൻ സാധ്യത. ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ ഒഡിഷ-പശ്ചിമ ബംഗാൾ തീരത്തിനു മുകളിൽ രൂപപ്പെട്ട ന്യൂനമർദം തീവ്ര ന്യൂനമർദമായി മാറും. ഒഡിഷ, ഛത്തീസ്ഗഢ് മേഖലയിലൂടെ സഞ്ചരിച്ച് ചൊവ്വയോടെ തീവ്ര ന്യൂനമർദമാകാനാണ് സാധ്യത. മഹാരാഷ്ട്രതീരം മുതൽ വടക്കൻ കേരള തീരംവരെ ന്യൂനമർദ പാത്തിയും അറബിക്കടലിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഇവയുടെ സ്വാധീനത്തിൽ സംസ്ഥാനത്ത് വ്യാഴംവരെ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും.മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ മലയോരത്ത് ജാഗ്രത തുടരണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശമുണ്ട്.

കേരളത്തിനു പുറമെ കര്‍ണാടകയിലും മഴ ശക്തമാണ്. രണ്ട് ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലാണ് മഴ തുടരുന്നത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കാവേരി ഗന്ധടക്കോടിക്ക് സമീപത്തെ പാടങ്ങൾ വെള്ളത്തിനടിയിലാണ്. അടുത്ത മൂന്ന് ദിവസം കൂടി ശക്തമായ മഴയുണ്ടാവുമെന്നാണ് മുന്നറിയിപ്പ്.

പലയിടത്തും റോഡിലേക്ക് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന സുള്ള്യ താലൂക്കിലെ കൽമാക്കർ, സംപാജെ വില്ലേജുകളിൽ നിന്നുള്ള 47 പേരെ മാറ്റി പാർപ്പിച്ചു. സിദ്ധാപുര വില്ലേജിലും കുന്ദാപൂർ താലൂക്കിലെ ഹക്ലഡി വില്ലേജിലും മഴ നാശനഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. കടൽ ക്ഷോഭത്തെ തുടർന്ന് മംഗളൂർ പനമ്പൂർ കടൽത്തീരത്ത് ഞായറാഴ്ച വൈകീട്ട് മത്സ്യബന്ധന ബോട്ട് മറിഞ്ഞു. ബോട്ടിലുണ്ടായിരുന്ന 11 മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. മറ്റൊരു ബോട്ടിലുണ്ടായിരുന്ന ഒരു സംഘം തൊഴിലാളികൾ രക്ഷപ്പെടുത്തുകയായിരുന്നു. മഴ ശക്തമായ സാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങൾക്കായി സംസ്ഥാന ദുരന്തനിവാരണ സേനയുടെ രണ്ട് യൂണിറ്റുകൾ കൂടി സജ്ജമാവാൻ കർണാടക മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News