യൂത്ത് കോൺഗ്രസ് നേതാവ് വി.പി ദുൽഖിഫിലിനെ സ്റ്റേഷനിൽ തടഞ്ഞുവെച്ചു; തർക്കത്തിനിടെ കൈക്ക് പരിക്കേറ്റതായി പരാതി
പേരാമ്പ്ര സംഘർഷത്തിൽ അറസ്റ്റിലായ യുഡിഎഫ് പ്രവർത്തകരെ കാണാനെത്തിയതായിരുന്നു യൂത്ത് കോൺഗ്രസ് നേതാവ്
കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ അറസ്റ്റിലായ യുഡിഎഫ് പ്രവർത്തകരെ കാണാനെത്തിയ യൂത്ത് കോൺഗ്രസ് നേതാവ് വി.പി ദുൽഖിഫിലിനെ പൊലീസ് തടഞ്ഞുവെച്ചു. പേരാമ്പ്ര സ്റ്റേഷനിലെത്തിയ ദുൽഖിഫിനെയാണ് പൊലീസ് സ്റ്റേഷനിൽ തടഞ്ഞുവെച്ചത്. പൊലീസുമായുള്ള ഉന്തിലും തള്ളിലും ദുൽഖിഫിലിന്റെ കൈക്ക് പരിക്കേറ്റതായി പരാതിയുണ്ട്.
പൊലീസ് തടഞ്ഞുവെച്ചതോടെ സ്‌റ്റേഷന് മുമ്പിൽ പ്രവർത്തകർ സ്റ്റേഷനുമുന്നിൽ സംഘടിച്ചു നിൽക്കുകയാണ്. പേരാമ്പ്ര സംഘർഷത്തിൽ നേരത്തെ അറസ്റ്റിലായവർക്ക് വെള്ളിയാഴ്ച ജാമ്യം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് വീണ്ടും യുഡിഎഫ് പ്രവർത്തകരെ പിടികൂടുന്നത്.
യൂത്ത് ലീഗ്, കോൺഗ്രസ് പ്രവർത്തകരെയാണ് പുലർച്ചെ നടത്തിയ റെയ്ഡിൽ പിടികൂടിയത്. യൂത്ത് ലീഗ് ചെറുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് കോണ്ഗ്രസ് പ്രവർത്തകൻ സുബൈർ എന്നിവരെയാണ് പിടികൂടിയത്. കസ്റ്റഡിയിലെടുത്തവരെ കാണാൻ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്അബ് കീഴയരിയൂർ ഉൾപ്പെടെ നേതാക്കൾ സ്റ്റേഷനിലെത്തിയെങ്കിലും പൊലീസ് അനുവദിച്ചില്ല. ഇത് യുഡിഎഫ് പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റത്തിന് കാരണമായി.