ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് അതിക്രമം: സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ് പ്രതിഷേധം
ഇന്ന് കോഴിക്കോട് ഐജി ഓഫീസിനു മുന്നിൽ പ്രതിഷേധ സംഗമം നടക്കും.
കോഴിക്കോട്: പേരാമ്പ്രയിൽ പൊലീസ് ലാത്തിചാർജിലും കണ്ണീർ വാതക പ്രയോഗത്തിലും ഷാഫി പറമ്പിൽ എംപിക്കും കോൺഗ്രസ് നേതാക്കൾക്കും പരിക്കേറ്റതിൽ സംസ്ഥാന വ്യാപക പ്രതിഷേധം. കോഴിക്കോട് ഉൾപ്പടെ വിവിധ ജില്ലകളിൽ രാത്രി നടന്ന യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷമുണ്ടായി. ഇന്നും വിവിധ സ്ഥലങ്ങളിൽ പ്രതിഷേധങ്ങൾ നടക്കും.
പേരാമ്പ്ര സികെജി കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെയാണ് യുഡിഎഫും എൽഡിഎഫും ഇന്നലെ വൈകീട്ട് പേരാമ്പ്രയിൽ റാലി സംഘടിപ്പിച്ചത്. റാലികൾ നേർക്കുനേർ വന്നതോടെ സംഘർഷമായി. ഇതിനിടെ പൊലീസിന്റെ ലാത്തി ചാർജിലും കണ്ണീർവാതക പ്രയോഗത്തിലും ഷാഫി പറമ്പിൽ എംപിക്കും നിരവധി കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേൽക്കുകയായിരുന്നു.
ഷാഫി പറമ്പിലിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂക്കിന് പരിക്കേറ്റ എംപിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പൊലീസ് ലാത്തി ഉപയോഗിച്ച് ഷാഫി പറമ്പിലിനെ മർദിച്ചെന്ന് ഡിസിസി അധ്യക്ഷൻ കെ. പ്രവീൺകുമാർ പറഞ്ഞു.
ഇതോടെ യൂത്ത് കോൺഗ്രസ് രാത്രി സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. കോഴിക്കോട്ട് കമ്മീഷണർ ഓഫീസിലേക്കാണ് മാർച്ച് നടന്നത്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കും തൊടുപുഴയിലും നടന്ന മാർച്ചിൽ സംഘർഷമുണ്ടായി. കൊല്ലം ചവറയിലും പാലക്കാടും കൽപ്പറ്റയിലും യൂത്ത് കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചു.
ഇന്ന് കോഴിക്കോട് ഐജി ഓഫീസിനു മുന്നിൽ കോൺഗ്രസ് പ്രതിഷേധ സംഗമം നടക്കും. എം.കെ രാഘവൻ എംപി നേതൃത്വം നൽകും. വൈകീട്ട് പേരാമ്പ്രയിൽ നടക്കുന്ന പ്രതിഷേധ സംഗമം കെ.സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.