കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ യുവാക്കളുടെ പോർവിളി; വിജിലൻസ് വിഭാഗം അന്വേഷണം നടത്തും

ഇന്നലെ രാത്രിയാണ് കേശവദാസപുരത്ത് വെച്ച് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് യുവാക്കൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്

Update: 2023-10-22 16:37 GMT
Advertising

തിരുവനന്തപുരം: കേശവദാസപുരത്ത് കെ.എസ്.ആർ.ടി.സി ബസിന് മുന്നിൽ യുവാക്കള്‍ പോർവിളി നടത്തിയ സംഭവത്തിൽ കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം അന്വേഷണം നടത്തും.കെ.എസ്.ആർ.ടി.സി ജോയിന്റ് എംഡി പ്രമോജ് ശങ്കറാണ് സംബന്ധിച്ച് നിർദേശം നൽകി. മീഡിയവൺ വാർത്തക്ക് പിന്നാലെയാണ് നടപടി.

ഇന്നലെ രാത്രിയാണ് കേശവദാസപുരത്ത് വച്ച് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് യുവാക്കൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ബസിന് കുറുകെ കാറോടിച്ച് തടസം സൃഷ്ടിച്ചു. ബസിനുള്ളിൽ കയറിയും യുവാക്കള്‍ പ്രശ്നം സൃഷ്ടിച്ചു.

മല്ലപ്പള്ളിയില്‍ നിന്ന് പത്തനംതിട്ട വഴി തിരുവനന്തപുരത്തേക്ക് വന്ന ബസിനു മുന്നിലാണ് യുവാക്കളുടെ അതിക്രമം. KL-01-S-3510 ടൊയോട്ടാ ക്വാളിസ് കാറില്‍ സഞ്ചരിച്ച സംഘം ആദ്യം ബസിന് കുറുകെ സഞ്ചരിക്കുകയും പലതവണ സഡന്‍ ബ്രേക്കിടുന്നതും ദൃശ്യങ്ങളിലുണ്ട്.

ബസിലെ യാത്രക്കാര്‍ യുവാക്കളുടെ പ്രവൃത്തി ചോദ്യം ചെയ്യുന്നതും വിഡിയോയിൽ കേള്‍ക്കാം. അഭ്യാസം തുടര്‍ന്നതോടെ ബസ് നിര്‍ത്തി. യുവാക്കളും ഈ സമയം കാറില്‍ നിന്നിറങ്ങി ബസിന് മുന്നിലെത്തി പോര്‍വിളി തുടങ്ങി. ബസിനകത്തേക്ക് കടന്ന് കയ്യാങ്കളിക്കും ശ്രമിച്ചു.

ബസിലെ ഒരു യാത്രക്കാരനുമായി നേരത്തെ തര്‍ക്കമുണ്ടാകുകയും ഇയാളെ തെരഞ്ഞാണ് യുവാക്കളുടെ സംഘമെത്തിയതെന്നുമാണ് കെ.എസ്.ആ.ര്‍ടി.സി ജീവനക്കാരില്‍ നിന്ന് അറിഞ്ഞ വിവിരം. അരമണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം സംഘം മടങ്ങി. യാത്രാ തടസ്സമുണ്ടാക്കിയതിനും ഡ്രൈവറെ മര്‍ദിക്കാന്‍ ശ്രമിച്ചതിനും പോലീസിന് പരാതി നല്‍കുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News