കിഫ്ബി ധനസഹായത്തോടെ 2200 കോടി; ആരോഗ്യമേഖലയില്‍ ആരംഭിക്കുന്ന 34 പദ്ധതികളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു

ആരോഗ്യമേഖലയില്‍ വലിയ മാറ്റങ്ങളാണ് ഈ കാലയളവില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുള്ളതെന്ന് പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Update: 2021-02-20 07:54 GMT

സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ 2200 കോടി രൂപയുടെ കിഫ്‌ബി ഫണ്ട് വിനിയോഗിച്ച് നിർമ്മിക്കുന്ന ആശുപത്രി കെട്ടിടങ്ങളുടെ പ്രവൃത്തികൾക്ക്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി തുടക്കം കുറിച്ചു. മന്ത്രി കെ.കെ ശൈലജ അധ്യക്ഷയായിരുന്നു. ആരോഗ്യമേഖലയില്‍ വലിയ മാറ്റങ്ങളാണ് ഈ കാലയളവില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുള്ളതെന്ന് പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിന്‍റെ ഫലമായാണ് കേരളത്തിന്‍റെ ആരോഗ്യമേഖലയെ രാജ്യമാകെ അംഗീകരിക്കുന്ന അവസ്ഥ സംജാതമായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ മേഖലയുടെ കാലാനുസൃതമായ മുന്നേറ്റത്തിനായാണ് ആര്‍ദ്രം മിഷന് രൂപം കൊടുത്തത്. ഇതിലൂടെ ഒരു ഭാഗത്ത് പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍ കുടുംബാരോഗ്യകേന്ദ്രങ്ങളായപ്പോള്‍ മറുഭാഗത്ത് താലൂക്കാശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും കാലാനുസൃതമായ മാറ്റം കൊണ്ടുവരാനായി. 44 ഡയാലിസിസ് സെന്‍ററുകള്‍, 10 കാത്ത് ലാബുകള്‍ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. 37 സര്‍ക്കാര്‍ ആശുപത്രികളുടെ നവീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്നു. ഇതില്‍ ചിലത് പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു, ചിലതിന്‍റെ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്നു. ഇതില്‍ ഉള്‍പ്പെടുന്നതാണ് ഇന്ന് ഉദ്ഘാടനം നടക്കുന്ന പദ്ധതികള്‍. ഇതില്‍ ഉദ്ഘാടനവുമുണ്ട് ശിലാസ്ഥാപനമുണ്ടെന്ന്, പദ്ധതി ഉദ്ഘാടനം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

Advertising
Advertising

എറണാകുളം ജനറല്‍ ആശുപത്രിയിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിന്‍റെ ഉദ്ഘാടനത്തെ കുറിച്ചും മുഖ്യമന്ത്രി എടുത്ത് പറഞ്ഞു. എഴുപത്തി ആറര കോടി രൂപയാണ് ഈ പദ്ധതിയുടെ ചെലവ് വന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് വികസനം ഒന്നാം ഘട്ടത്തിന്‍റെ ഭാഗമായി 15 കോടി രൂപ ചെലവില്‍ മെഡിക്കല്‍ കോളേജിലുള്ള റോഡുകളുടെ നവീകരണമാണ് പൂര്‍ത്തിയാക്കിയ മറ്റൊരു പദ്ധതി. കോളേജില്‍ എല്ലാ ആധുനിക സൌകര്യങ്ങളൊക്കെ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും കോളേജിലെത്തുന്നവര്‍ റോഡുകളുടെ ശോച്യാവസ്ഥയെപ്പറ്റി നിരന്തരം പരാതി പറയാറുണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യമേഖലയില്‍ ആരംഭിക്കുന്ന 34 പദ്ധതികളുടെ ശിലാസ്ഥാപനം. വിവിധ മെഡിക്കല്‍ കോളേജുകള്‍, ജനറല്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ ഇവിടങ്ങളിലായി പുതിയ കെട്ടിടങ്ങള്‍, ഡയാലിസിസ് കേന്ദ്രങ്ങള്‍, നിലവിലുള്ള കെട്ടിടങ്ങളുടെ നവീകരണം, ട്രോമാ കെയര്‍ സെന്‍റര്‍, എന്നിവയെല്ലാമാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്ഥാപിക്കപ്പെടുന്നതില്‍ പ്രധാനപ്പെട്ടതെന്നും ഉദ്ഘാടന പ്രസംഗം അവസാനിപ്പിക്കുന്നതിനിടയ്ക്ക് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആരോഗ്യമേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി നിരവധി നൂതന പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ഇതിനു പുറമെ ആധുനിക ചികിത്സാ ഉപകരണങ്ങള്‍ സജ്ജീകരിച്ചതും മികച്ച ചികിത്സ ഉറപ്പാക്കാന്‍ വഴിതെളിച്ചു. കിഫ്ബിയിലൂടെ പണം ലഭ്യമായത് ആരോഗ്യമേഖലയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി. മാസ്റ്റര്‍ പ്ലാനിന്‍റെ രണ്ടാംഘട്ടം കൂടി പൂര്‍ത്തിയാകുന്നതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മികവിന്‍റെ കേന്ദ്രമായി ഉയരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കാന്‍സര്‍ ചികിത്സാരംഗത്തും ഗവേഷണരംഗത്തും കേരളത്തിന്‍റെ 3 കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ അടിസ്ഥാന വികസനത്തിനും ഈ സര്‍ക്കാര്‍ ശ്രദ്ധേയമായ ഇടപെടലാണ് നടത്തിയത്. ഈ മേഖലയുടെ സമഗ്ര വികസനത്തിന് സര്‍ക്കാര്‍ പ്രത്യേക ഊന്നല്‍ നല്‍കുകയും അതിന്റെ ഫലമായി വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വ്യക്തമാക്കി.

ഇതിനു പുറമെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് രണ്ടാം ഘട്ടത്തിന്‍റെ ശിലാസ്ഥാപനം, ജനറല്‍ ആശുപത്രി, വര്‍ക്കല, മലയിന്‍കീഴ് താലൂക്ക് ആശുപത്രികള്‍, കൊല്ലം ജില്ലാ ആശുപത്രി, ആലപ്പുഴ ജില്ലയിലെ മാവേലിക്കര ജില്ലാ ആശുപത്രി, ചേര്‍ത്തല, കായംകുളം താലൂക്ക് ആശുപത്രികള്‍, പത്തനംതിട്ട കോന്നി മെഡിക്കല്‍ കോളേജ് (രണ്ടാംഘട്ടം), മല്ലപ്പള്ളി താലൂക്ക് ആശുപത്രി, കോട്ടയം ജനറല്‍ ആശുപത്രി, വൈക്കം താലൂക്ക് ആശുപത്രി, എറണാകുളം കരുവേലിപ്പടി താലൂക്ക് ആശുപത്രി, തൃശൂര്‍ മെഡിക്കല്‍ കോളേജ് (സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക്), പാലക്കാട് ജില്ലാ ആശുപത്രി, പട്ടാമ്പി, ആലത്തൂര്‍, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം താലൂക്ക് ആശുപത്രികള്‍, മലപ്പുറം ജില്ലയിലെ പൊന്നാനി, തിരൂരങ്ങാടി താലൂക്ക് ആശുപത്രികള്‍, കോഴിക്കോട് ജനറല്‍ (ബീച്ച്) ആശുപത്രി, കൊയിലാണ്ടി, ബാലുശേരി, ഫറോഖ്, നാദാപുരം (ഡയാലിസിസ് കേന്ദ്രം) താലൂക്ക് ആശുപത്രികള്‍, കാസര്‍ഗോഡ് ബേഡഡുക്ക, നീലേശ്വരം, മംഗല്‍പാടി, പനത്തടി (ഡയാലിസിസ് കേന്ദ്രം) താലൂക്ക് ആശുപത്രികള്‍, കണ്ണൂര്‍ ജില്ലയിലെ മലബാര്‍ കാന്‍സര്‍ സെന്‍ററിനെ പിജി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്‍റ് റിസര്‍ച്ച് ആയി ഉയര്‍ത്തുന്ന പദ്ധതിയുടെ (രണ്ടാംഘട്ടം) എന്നിവിടങ്ങളിലാണ് നിര്‍മാണ പ്രവൃത്തികളുടെ ശിലാസ്ഥാപനം നിര്‍വഹിച്ചത്.

2200 കോടി കിഫ്‌ബി ഫണ്ട് വിനിയോഗിച്ച് നിർമ്മിക്കുന്ന ആശുപത്രി കെട്ടിടങ്ങളുടെ ശിലാസ്ഥാപനങ്ങൾ

Posted by K K Shailaja Teacher on Thursday, February 18, 2021
Tags:    

Similar News